ഗംഗാനദിയില്‍ നിന്നാകെ രണ്ടായിരത്തോളം മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത ചൂണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. ‘ഗംഗ വിളിക്കുന്നു എന്ന് പറഞ്ഞയാള്‍ തന്നെ ഗംഗാ മാതാവിനെ കരയിപ്പിച്ചു’ എന്ന് കോണ്‍ഗ്രസ് നേതാവ് ട്വീറ്റ് ചെയ്തു. 1140 കിലോമീറ്റര്‍ വരുന്ന ഗംഗാ നദീതീരത്ത് നിന്ന് രണ്ടായിരം മൃതദേഹം കണ്ടെത്തിയെന്ന പത്രവാര്‍ത്തയുടെ ചിത്രവും രാഹുല്‍ ഒപ്പം പങ്കുവെച്ചു.
രണ്ടായിരത്തോളം മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ നിന്ന് കണ്ടെത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചെന്ന ഏഷ്യന്‍ ഏജ് റിപ്പോര്‍ട്ട് വലിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. യുപിയിലേയും ബിഹാറിലേയും വിവിധ ജില്ലാ ഭരണകൂടങ്ങളോടാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സമ്മതിച്ചത്. ഗംഗയുടെ തീരത്തുള്ള വിദൂര ഗ്രാമങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹമാകാം ഇതെന്നും അധികൃതര്‍ പ്രതികരിച്ചു.

മിക്ക ഗ്രാമങ്ങളും അതിദരിദ്ര അവസ്ഥയിലായതിനാല്‍ സംസ്കാരച്ചടങ്ങ് നടത്താന്‍ പണമില്ലാതെ കുടുംബാംഗങ്ങളെ പുഴയില്‍ ഒഴുക്കേണ്ടി വരികയാണ്. 1,400 കിലോമീറ്റര്‍ നീളമുള്ള ഗംഗ യുപിയിലൂടേയും ബിഹാറിലൂടെയുമാണ് കടന്നുപോകുന്നത്.
ഗംഗയില്‍ മൃതദേഹം ഉപേക്ഷിക്കുന്നതില്‍ ഉടനടി ഇടപെടണമെന്നും കൊറോണയുടെ വ്യാപനം കൂടാന്‍ ഇത് കാരണമാകുമെന്നും യുപി, ബിഹാര്‍ സര്‍ക്കാരുകളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചു.
കാണ്‍പൂര്‍, ഘാസിപൂര്‍, ഉന്നാവോ, ബലിയ ജില്ലകളില്‍ നിന്നുള്ള മൃതദേഹങ്ങളാണ് കൂടുതലായും ഗംഗയിലൂടെ ഒഴുകി ബിഹാറിലെത്തുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം
നദിയില്‍ കണ്ടെത്തുന്ന മൃതദേഹങ്ങള്‍ മിക്കവയും വേണ്ട മതാനുഷ്ഠാനങ്ങളോടെ സംസ്കരിച്ചെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു. നദിയിലൂടെ പട്രോളിങ്ങ് നടത്താനും ഗ്രാമങ്ങളില്‍ പോയി ബോധവല്കരണം നടത്താനും ലോക്കല്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പുഴയിലൊഴുക്കുന്നത് വരും ദിവസങ്ങളില്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് ഗ്രാമവാസികളെ അറിയിക്കാന്‍ ശ്രമിക്കും. യുപിയില്‍ നിന്ന് ഒഴുക്കി വിടുന്ന മൃതദേഹങ്ങള്‍ ഞങ്ങളുടെ തീരത്താണ് അടിയുന്നതെന്ന പരാതിയുമായി ബിഹാര്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.