വിദേശയാത്ര ചെയ്യാത്തവർക്കും പരക്കെ ഒമിക്രോൺ; കേരളത്തിൽ സാമൂഹിക വ്യാപനമെന്ന് ആരോഗ്യ വിദഗ്‌ധർ

കേരളത്തിൽ ഒമിക്രോൺ സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ആരോഗ്യവിദഗ്ധർ. മൂന്നാം തരംഗത്തിൽ കേസുകൾ കുതിച്ചുയരുന്നതിന് കാരണം ഒമിക്രോൺ ആണെന്നും ആശുപത്രികളിലെ രോഗനിർണയ ടെസ്റ്റുകളുടെ വിവരങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച 51 പേരിൽ 38 പേർക്ക് ഒമിക്രോൺ ആണ്. ഇവരിൽ ആരും വിദേശ യാത്ര നടത്തിയിട്ടില്ല. ഈ കണക്കുകൾ പങ്കുവെച്ചുകൊണ്ടാണ് സംസ്ഥാന വ്യാപകമായി കൃത്യമായ പഠനം നടത്തണമെന്ന് വിദഗ്‌ധർ ആവശ്യപ്പെടുന്നത്. എന്നാൽ സാമൂഹിക വ്യാപനം ഇല്ല എന്നാണ് ആരോഗ്യവകുപ്പ് നിലപാട്.

“കേരളത്തിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ട് എന്നതിൽ സംശയമൊന്നുമില്ല. കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ പഠനത്തിൽ തുടർച്ചയായ 51 കോവിഡ്‌ പോസീറ്റിവ്‌ സാമ്പിളുകൾ പരിശോധിച്ചപ്പോൾ അതിൽ 75 ശതമാനവും ഓമിക്രോൺ തന്നെയാണ് എന്നാണ് കണ്ടെത്തിയത്,” എന്ന് പൊതുജനാരോഗ്യ വിദഗ്‌ധൻ ഡോ. അരുൺ എൻ എം ന്യൂസ്‌റപ്റ്റിനോട് പറഞ്ഞു. “ഈ രോഗികളിൽ ഭൂരിപക്ഷവും നേരിട്ടോ അല്ലാതെയോ വിദേശ ബന്ധം ഇല്ലാത്തവരുമാണ്.”

വേണ്ടവിധത്തിലുള്ള പഠനം ഇതുസംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒമിക്രോൺ വ്യക്തിതലത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെങ്കിലും അതി തീവ്ര വ്യാപന സ്വഭാവം ഉള്ളതിനാൽ പൊതുജനാരോഗ്യ പ്രശ്‌നവും സാമൂഹിക പ്രതിസന്ധിയും ഉണ്ടാകാൻ കാരണമായേക്കുമെന്നും ഡോ. അരുൺ വ്യക്തമാക്കുന്നു.

Image

“ആരോഗ്യ പ്രശ്‌നങ്ങൾ കുറവുള്ളതിനാൽ വ്യക്തിതലത്തിൽ സാധാരണ കോവിഡിനെക്കാൾ നല്ലതാണ്. ശ്വാസകോശത്തെ ഒക്കെ ബാധിക്കാനുള്ള സാധ്യതയും ആശുപത്രിവാസവും ഒക്കെ കുറവാണ്. എന്നാൽ ഒരുപാട് പേർക്ക് ഒരുമിച്ച് വരാൻ സാധ്യതയുണ്ട്. ക്ലസ്റ്ററുകൾ രൂപപ്പെടും. സ്ഥാപനങ്ങൾ അടച്ചിടേണ്ടി വരും. ആരോഗ്യ പ്രവർത്തകർക്ക് അസുഖം വരുന്നത് കൊവിഡ് ഇതര ചികിത്സയെ ബാധിക്കും,” അതിനാൽ ഇത് ഗൗരവമായി കാണുക തന്നെ വേണം എന്നാണ് ഡോ. അരുൺ ന്യൂസ്‌റപ്റ്റിനോട് വിശദീകരിക്കുന്നത്.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ പ്രസിഡന്റും ആരോഗ്യവിദഗ്ധനുമായ രാജീവ് ജയദേവനും സാമൂഹിക വ്യാപന സാധ്യത ചൂണ്ടികാണിക്കുന്നു. 51 സാമ്പിളുകളിൽ 38 പേർക്കും ഒമിക്രോൺ എന്നത് ജനങ്ങൾക്കിടയിൽ അത് വ്യാപകമായി ബാധിച്ചു എന്നത് തെളിയിക്കുന്നതാണ് എന്നാണ് അദ്ദേഹം പറയുന്നത്. കൂടുതൽ പഠനങ്ങൾ പൂർണ ചിത്രം വ്യക്തമാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എന്നാൽ സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഇല്ല എന്നാണ് സർക്കാർ നിലാപാട്. സാമൂഹിക വ്യാപനത്തിലേക്ക് പോകുന്നതിൽ നിന്നും തടയാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്ജ് ദിവസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു. എന്നാൽ കണക്കുകൾ മന്ത്രിയുടെ വാക്കുകളെ സാധൂകരിക്കുന്നില്ല എന്ന് വിദഗ്ദ്ധർ വിശദമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനെ റിപ്പോർട്ട് ചെയ്‌ത 48 കേസുകൾ കൂടി ചേർത്ത് സംസ്ഥാനത്തെ ആകെ ഒമിക്രോൺ രോഗികൾ സർക്കാർ കണക്ക് പ്രകാരം 528 പേർ മാത്രമാണ്. എന്നാൽ 17755 പുതിയ കേസുകളാണ് ശനിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌തത്‌. വരുന്ന രണ്ടാഴച്ചക്കുള്ളില്‍ ഒമിക്രോണ്‍ കേസുകള്‍ വളരെ വേഗത്തില്‍ പടര്‍ന്നേക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നത്.