വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ സൗകര്യം ഒരുക്കും; വീണ ജോര്‍ജ്

തിരുവനന്തപുരം: അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ കൊവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കോളേജുകളിലെത്തുന്നതിന് മുന്‍പായി എല്ലാ വിദ്യാര്‍ത്ഥികളും കൊവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിന്‍ സൗജന്യമായി ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതാണ്. ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്ന രണ്ട് വാക്‌സിനുകളായ കൊവിഷീല്‍ഡും കൊവാക്‌സിനും കൊവിഡിനെ പ്രതിരോധിക്കാന്‍ ഒരു പോലെ സുരക്ഷിതവും ഫലപ്രദവുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.