ന്യൂനമര്‍ദ്ദം ദുര്‍ബലമാവുന്നു, അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല; കൂട്ടിക്കലിലും കൊക്കയാറിലും രക്ഷാപ്രവര്‍ത്തനം, ദുരന്തമായത് മേഘവിസ്‌ഫോടനമെന്ന് നിരീക്ഷണം

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ രണ്ട് ദിവസമായി നാശം വിതച്ചുകൊണ്ടിരിക്കുന്ന മഴയ്ക്ക് കാരണമായ ന്യൂനമര്‍ദ്ദം ദുര്‍ബലമാവുന്നു. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അറബിക്കടലില്‍ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ മഴമേഘങ്ങള്‍ തീരത്തോടടുക്കാന്‍ സാധ്യതയില്ല.

എന്നിരുന്നാലും, അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ ഉച്ചവരെ മഴ തുടരും. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടായേക്കുമെന്നാണ് വിവരം.

ഉരുള്‍പ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഏറെ ദുരിതമുണ്ടായ കോട്ടയത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനമുണ്ട്. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് താഴ്ന്നുവരികയാണ്.

ഉരുള്‍പ്പൊട്ടലുണ്ടായ കൂട്ടിക്കലിലും കൊക്കയാറിലും ഇടവിട്ട് മഴ തുടരുകയാണ്. കൂട്ടിക്കലിലേക്ക് ഭക്ഷണപ്പൊതികളുമായി നാവികസേനാ ഹെലികോപ്ടറുകള്‍ പുറപ്പെട്ടു. പുലര്‍ച്ച നടത്തിയ തെരച്ചിലില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കൊക്കയാറില്‍ കാണാതായ എട്ടുപേര്‍ക്കുവേണ്ടിയുള്ള തിരച്ചിലും തുടരുകയാണ്. ഏഴുവീടുകള്‍ പൂര്‍ണമായി തകര്‍ന്നെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. ഇവിടേക്ക് ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, റവന്യു, പൊലീസ് സംഘങ്ങളെത്തിക്കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ റവന്യു മന്ത്രി കെ രാജന്‍ നേരിട്ടെത്തിയിട്ടുണ്ട്. കൂട്ടിക്കലിലും കൊക്കയാറിലുമുണ്ടായത് മേഘവിസ്‌ഫോടനമാണെന്നാണ് കൊച്ചി അന്തരീക്ഷ പഠന കേന്ദ്രത്തിന്റെ നിരീക്ഷണം. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ഇക്കാര്യം സമര്‍ത്ഥിക്കുന്നത്. പീരുമേടിന് താഴെയായി മേഘവിസ്‌ഫോടനമുണ്ടായെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍.

മഴയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച നടത്താനിരുന്ന എച്ച്.ഡി.സി പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.