പൊലിഞ്ഞത് 23 ജീവനുകള്‍, കെ.എസ്.ഇ.ബിക്ക് നഷ്ടം പന്ത്രണ്ടരക്കോടി, ഡാമുകള്‍ തുറക്കില്ല; ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ബുധാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള നാല് ദിവസം മഴ തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് വൈകിയും സംസ്ഥാനത്ത് ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ദുര്‍ബലമായിട്ടുണ്ട്. എങ്കിലും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മഴക്കെടുതിയില്‍ കെ.എസ്.ഇ.ബിക്ക് പന്ത്രണ്ടരക്കോടിയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. മൂന്നരലക്ഷം വൈദ്യുതി കണക്ഷനുകള്‍ റദ്ദായി. മഴകുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടുകള്‍ ഉടന്‍ തുറന്നുവിടേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ബുധനാഴ്ചയ്ക്ക് ശേഷം മഴ ശക്തമാവുകയാണെങ്കില്‍ ആ ഘട്ടത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാവും തീരുമാനങ്ങളിലേക്ക് കടക്കുക. വൈദ്യുതമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ മരിച്ച 11 പേരടക്കം സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 23 ആയി. കൊക്കയാറില്‍ ആറ് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. നാല് കുട്ടികളുടേതടക്കം ആറുപേരുടെ മൃതദേഹമാണ് ഇവിടെനിന്നും കണ്ടെത്തിയത്. മഴക്കെടുതികളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് റവന്യുമന്ത്രി കെ രാജന്‍ അറിയിച്ചു.