സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദ്ദേശം; തെക്കന്‍ ജില്ലകളില്‍ കനത്ത മഴ; കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍, വടക്കന്‍ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന്‍ജില്ലകളില്‍ മഴ കനക്കുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ അഞ്ച് ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. റവന്യൂമന്ത്രി ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ചു. 24 മണിക്കൂര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉച്ചതിരിഞ്ഞ് വടക്കന്‍ ജില്ലകളിലേക്കും മഴ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്. പല സ്ഥലങ്ങളിലും തോടുകള്‍ കരകവിയുകയും റോഡുകളിലേക്ക് വെള്ളം കയറുകയും ചെയ്തു.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വിവിധ പ്രദേശങ്ങളിലും മഴ ശക്തമാവുകയാണ്. കോട്ടയം കൂട്ടിക്കലിലും പൂഞ്ഞാറിലും ഉരുള്‍പൊട്ടി. ഇരു സ്ഥലങ്ങളിലും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. പൂഞ്ഞാറില്‍ ആള്‍ത്താമസിമില്ലാത്ത ഒരു വീടും പന്നി ഫാമും ഒലിച്ചുപോയി. കൂട്ടക്കലില്‍ ഉരുള്‍പൊട്ടലിന് സമാനമായ മഴവെള്ളപ്പാച്ചിലാണെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന വിവരം. പൂഞ്ഞാര്‍ തെക്കേക്കരയില്‍ റെക്കോര്‍ഡ് മഴയാണ് ഒറ്റമണിക്കൂറില്‍ പെയ്തത്.

മണിമലയാറിലും മീനച്ചിലാറിലും ജലനിരപ്പ് വലിയതോതില്‍ ഉയരുകയാണ്. പുഴകളുടെയും കൈവഴികളുടേയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം ജില്ലാ ഭരണകൂടം നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യമുണ്ടായാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാനാണ് തീരുമാനം. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ രൂക്ഷമായി തുടരുകയാണ്.

പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലയില്‍ വെള്ളം കയറി. റാന്നി താലൂക്ക് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വെള്ളം കയറി. കണിച്ചേരിക്കുഴിയില്‍ ഉരുള്‍പൊട്ടിയെന്ന സംശയവും ഉയരുന്നുണ്ട്. മലവെള്ളപ്പാച്ചിലില്‍ മൂന്ന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അടൂരിലും മഴ തുടരുകയാണ്. പമ്പയിലും അച്ചന്‍കോവിലിലും മണിമലയിലും ജലനിരപ്പ് ഉയര്‍ന്നു.

ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ബോട്ടിങ് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി. തോട്ടംമേഖലകളിലെ ജോലി നിര്‍ത്തിലെക്കാനും കളക്ടര്‍ ആവശ്യപ്പെട്ടു. തെന്മല പാരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി.

തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 310 സെ.മീ ഉയര്‍ത്തി. തൃശൂരില്‍ മലയോര പ്രദേശത്തേക്കുള്ള രാത്രികാല യാത്ര രണ്ടുദിവസത്തേക്ക് നിരോധിച്ചു. പീച്ചി, ചുള്ളിയാര്‍ ഡാം പരിസരത്ത് റെഡ് അലെര്‍ട്ട് തുടരുകയാണ്. ചാലക്കുടി ബസ് സ്റ്റാന്റ് പരിസരത്ത് വെള്ളംകയറി.

ഇന്നും നാളെയും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ 11 ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.