‘റൊണാള്‍ഡോയ്ക്ക് വെള്ളമാണിഷ്ടം, ചിയേഴ്‌സ്’; ഹെയ്‌നകന് പണി കിട്ടിയത് കൊക്ക കോളയെ ട്രോളിയതിന് തൊട്ടുപിന്നാലെ

യൂറോ കപ്പില്‍ ഹംഗറിക്കെതിരായ മത്സരത്തിന് മുന്‍പ് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ മുന്നിലിരുന്ന രണ്ട് കൊക്ക കോള കുപ്പികള്‍ എടുത്തുമാറ്റിയതുണ്ടാക്കിയ പുകിലുകള്‍ ചില്ലറയല്ല. സിആര്‍7 രണ്ട് കുപ്പി അരമീറ്റര്‍ നീക്കി വെച്ചപ്പോ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നാനൂറ് കോടി ഡോളറിന്റെ ഇടിവാണ് കൊക്ക കോളയുടെ ഓഹരി മൂല്യത്തിലുണ്ടായത്. കാശെണ്ണി കൊടുത്ത് യൂറോ സ്‌പോണ്‍സര്‍ ചെയ്തിട്ട് ഇങ്ങനൊരു തിരിച്ചടിയുണ്ടാകുമെന്ന് കൂള്‍ ഡ്രിങ്ക്‌സ് ഭീമന്‍ പ്രതീക്ഷിച്ചതേയില്ല.

സമൂഹമാധ്യമങ്ങള്‍ക്കൊപ്പം മറ്റ് ബ്രാന്‍ഡുകളും കൊക്ക കോളയെ ട്രോളി രംഗത്തെത്തി. ഡച്ച് ബ്രൂവിങ്ങ് കമ്പനിയായ ഹെയ്‌നകന്റെ കാര്യമാണ് അതിലേറ്റവും രസകരം. മാര്‍ക്കറ്റിങ്ങിന് കിട്ടിയ അവസരം മുതലാക്കിയ ഹെയ്‌നകനും കൊക്ക കോളയെ നൈസായി ട്രോളി.

അദ്ദേഹത്തിന് കൂടുതലിഷ്ടം വെള്ളമാണെന്ന് ഞങ്ങള്‍ക്ക് അറിയാം. എങ്കിലും എക്കാലത്തേയും ടോപ് സ്‌കോറര്‍ക്ക് ചിയേഴ്‌സ്.

ഹെയ്‌നകന്‍

റൊണാള്‍ഡോ ഉപയോഗിച്ച വെള്ളത്തിന്റെ പോര്‍ച്ചുഗീസ് വാക്ക് ‘അഗ്വ’യും തങ്ങളുടെ ഹാഷ്ടാഗ് ക്യാംപെയ്‌നായ ‘സപ്പോര്‍ട്ട് റെസ്‌പോണ്‍സിബിളി’ വരിയും ഹെയ്‌നകന്‍ ട്വീറ്റില്‍ ചേര്‍ത്തു. മണിക്കൂറുകള്‍ക്ക് ശേഷം കൊക്ക കോളയ്ക്ക് കിട്ടിയ അതേ പണി ഹെയ്‌നകനും കിട്ടി. ജര്‍മനിക്കെതിരായ മത്സരത്തിന് ശേഷം ചേര്‍ന്ന പത്ര സമ്മേളനത്തിനിടെ പോള്‍ പോഗ്ബ മുന്നിലുണ്ടായിരുന്ന ഹെയ്‌നകന്റെ ബിയര്‍ ബോട്ടില്‍ എടുത്ത് താഴെ വെച്ചു. വലതുസൈഡിലിരുന്ന രണ്ട് കൊക്ക കോള കുപ്പികളിലേക്ക് ഒന്ന് പാളി നോക്കിയെങ്കിലും തൊട്ടില്ല.

പോഗ്ബ ബിയര്‍ കുപ്പി നിലത്തിറക്കിവെച്ചതിന് ശേഷം കൊക്ക കോളയെ കളിയാക്കിയ ട്വീറ്റില്‍ ട്രോളുകള്‍ വന്നെങ്കിലും ഹെയ്‌നകന്‍ ട്വീറ്റ് പിന്‍വലിച്ചിട്ടില്ല. താരത്തിന്റെ മതവിശ്വാസവുമായി ബന്ധപ്പെട്ട വ്യക്താധിഷ്ടിത നിലപാട് ആയതിനാല്‍ വാര്‍ത്തകള്‍ക്കപ്പുറം ഹെയ്‌നകന് വിപണിയില്‍ കാര്യമായ കോട്ടവും സംഭവിച്ചില്ല.

ഇസ്ലാം മതവിശ്വാസിയായ പോഗബ് മദ്യം കഴിക്കില്ല. മദ്യ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിന്റെ ഭാഗമാകില്ലെന്ന് ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ മുന്‍പേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 2019ലാണ് പോഗ്ബ ഇസ്ലാം മതം സ്വീകരിച്ചത്. അതേ വര്‍ഷം തന്നെ മക്ക സന്ദര്‍ശിച്ച പോഗ്ബ ഉംറ ചെയ്തിരുന്നു.