‘കണ്ണാ, ഞാനും മലപ്പുറംകാരി’; തുഞ്ചന്‍ പറമ്പില്‍ ‘ചിലരെ പേടിച്ച്’ എഴുത്തച്ഛന്‍ പ്രതിമ സ്ഥാപിച്ചില്ലെന്ന് ആരോപിച്ചയാള്‍ക്ക് ശ്വേതാ മേനോന്റെ മറുപടി

നഴ്‌സുമാര്‍ ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന ഡല്‍ഹിയി ജിബി പന്ത് സര്‍ക്കാര്‍ ആശുപത്രി സര്‍ക്കുലര്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ആശുപത്രിയുടെ വിവേചന നടപടിക്കെതിരെ പ്രതികരണവുമായി നടി ശ്വേതാമേനോനും രംഗത്തെത്തി. സര്‍ക്കുലര്‍ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നടി ചൂണ്ടിക്കാട്ടി. വിവാദപരമായ സര്‍ക്കുലര്‍ പിന്‍വലിച്ചതില്‍ അതിയായ സന്തോഷം. അതിനെതിരെ ശബ്ദമുയര്‍ത്തിയ എല്ലാവര്‍ക്കും ഇനിയും അത്തരം പ്രശ്നങ്ങള്‍ക്കെതിരെ പൊരുതാന്‍ ശക്തിയുണ്ടാകട്ടെ എന്നും ശ്വേതാ ഫേസ്ബുക്കില്‍ കുറിച്ചു.

ഇതിന് പിന്നാലെ നടിക്കെതിരെ വിമര്‍ശനങ്ങളുമുണ്ടായി. വാര്‍ത്ത പബ്ലിഷ് ചെയ്ത റിപ്പോര്‍ട്ടര്‍ ലൈവിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന ഒരു കമന്റ് നടിയുടെ ശ്രദ്ധയില്‍ പെട്ടു. ‘മലയാളം ടി വി ഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് കാച്ചുന്ന നിങ്ങള്‍ തന്നെ തള്ളണം ഇതുപോലെ’ എന്ന വിമര്‍ശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്വേതാ മേനോന്‍.

കണ്ണാ – ഞാന്‍ ജനിച്ചതും വളര്‍ന്നതും കേരളത്തിന്റെ വെളിയിലായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം പഠിച്ചെടുത്തതാണ്, അതുകൊണ്ട് തന്നെ സംസാരിക്കുമ്പോള്‍ ഹിന്ദിയും ഇംഗ്ലീഷും ഇടയ്ക്ക് ഓട്ടോമാറ്റിക് ആയിട്ട് വരും.

ശ്വേതാ മേനോന്‍

പക്ഷെ, മലയാളി എന്നതില്‍ അഭിമാനമാണ് എനിക്കുള്ളത്. കേരളവുമായുള്ള പൊക്കിള്‍കൊടി ബന്ധം ഉറപ്പിച്ച് നിര്‍ത്താന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നും നടി പറഞ്ഞു. തുഞ്ചന്‍ പറമ്പിനേക്കുറിച്ചുള്ള പരോക്ഷമായ വര്‍ഗീയ പരാമര്‍ശത്തിനുള്‍പ്പെടെ ശ്വേതാ മേനോന്‍ ഒന്നൊന്നായി മറുപടി പറഞ്ഞു.

//മലപ്പുറം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛന്‍ പ്രതിമ ചിലരെ പേടിച്ച് ഇതുവരെ സ്ഥാപിക്കാന്‍ കഴിയാത്തവര്‍ ഇന്ന് സേവ് മലയാളം എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട് എന്നതാണ് ഇതിലെ കാപട്യം.\\ എന്ന പരാമര്‍ശം തെറ്റാണെന്ന് നടി ചൂണ്ടിക്കാട്ടി. ‘ഞാനും മലപ്പുറംകാരിയാണ്, എവിടെ നിന്നാണ് ഈ തെറ്റായ വിവരം ലഭിച്ചതെന്ന് എനിക്കറിയില്ല. തിരൂരില്‍ എഴുത്തച്ഛന്റെ പേരില്‍ ഒരു വലിയ മ്യൂസിയം തന്നെയുണ്ട്. വിലാസമിതാ,

തുഞ്ചന്‍ സ്മാരക ഗവേഷണ കേന്ദ്രം, തിരൂര്‍ തുഞ്ചന്‍ പറമ്പ് റോഡ്, തിരൂര്‍, കേരളം: 676101

//രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും മുന്‍പില്‍ മലയാളത്തില്‍ സംസാരിക്കുന്നതാണ് പ്രശ്‌നം. എന്തിനും മണ്ണിന്റെ മക്കള്‍ വാദവും ഇരവാദവും മുഴക്കുന്നത് മല്ലൂസിന്റെ സ്ഥിരം പരിപാടിയാണ്.\\

പരസ്പരം സഹിഷ്ണുതയുള്ളവരായിരിക്കുക എന്നത് പഠിക്കേണ്ട ഒരു കാര്യമാണെന്ന് നിങ്ങള്‍ മനസിലാക്കേണ്ടിയിരിക്കുന്നു. നമുക്കുചുറ്റും അവര്‍ ഭൂരിപക്ഷമായതുകൊണ്ട് മാത്രം അവര്‍ക്ക് നീരസം തോന്നുകയാണെങ്കില്‍ അങ്ങോടും ഇങ്ങോടും മലയാളം സംസാരിക്കുന്നതിനെ പറ്റി നമ്മള്‍ പ്രതിരോധത്തില്‍ ആകേണ്ട കാര്യമില്ല, നമുക്ക് അപകര്‍ഷതയും തോന്നാല്‍ പാടില്ല. പ്രത്യേകിച്ചും ജോലി സ്ഥലത്ത് അത് സാധാരണ സംഭാഷണവും മൂന്നാമതൊരാള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യുമ്പോള്‍.

സാധാരണ പ്രതികരിക്കാന്‍ സമയം കിട്ടാറില്ല, ലോക് ഡൗണിന് നന്ദിയെന്നും ശ്വേതാ മേനോന്‍ കൂട്ടിച്ചേര്‍ത്തു.