‘ഉറങ്ങിക്കിടക്കുന്ന ഒരു അദ്ധ്യക്ഷനെ ഇനിയും നമുക്ക് വേണോ?’; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഹൈബി ഈഡന്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രതികരിച്ച് ഹൈബി ഈഡന്‍. ഉറങ്ങിക്കിടക്കുന്ന ഒരു അദ്ധ്യക്ഷനെ ഇനിയും നമുക്ക് വേണോ? എന്നാണ് ഹൈബിയുടെ പ്രതികരണം.

മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരെടുത്ത് പറയാതെയാണ് ഫേസബുക്കിലെ ഹൈബിയുടെ കുറിപ്പ്. ഹൈബിയുടെ പോസ്റ്റിന് കീഴെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഭിപ്രായ പ്രകടനം നടത്തുന്നുണ്ട്.

Why do we still need a Sleeping President ????

Posted by Hibi Eden on Tuesday, 4 May 2021

എന്നാല്‍ രാജിയില്‍ ഹൈക്കമാന്‍ഡ് തീരുമാനത്തിന് കാക്കുകയാണ് മുല്ലപ്പള്ളി. ഹൈക്കമാന്‍ഡ് രാജിവെക്കാന്‍ പറഞ്ഞാല്‍ ചെയ്യാം എന്നാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്.

ഹൈക്കമാന്‍ഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കും. പോരാട്ടത്തില്‍ തോറ്റിട്ട് ഇട്ടെറിഞ്ഞ് പോവില്ല. സ്വയം ഒഴിയില്ല, മാറാന്‍ പറഞ്ഞാല്‍ മാറും എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ത്തന്നെ മുല്ലപ്പള്ളിയെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാന്‍ നീക്കമുണ്ടായിരുന്നു. കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേരളത്തിലും പശ്ചിമ ബംഗാളിലും കോണ്‍ഗ്രസ് സഖ്യത്തിന് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സംസ്ഥാനത്ത് 99 സീറ്റുമായി എല്‍ഡിഎഫ് അധികാരത്തുടര്‍ച്ച നേടിയപ്പോള്‍ യുഡിഎഫ് 41 സീറ്റുകളില്‍ ഒതുങ്ങി. 22 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്.