കൊച്ചി: കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് ആവശ്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം എടുക്കാമെന്ന് കേരള ഹൈക്കോടതി. ഇത് സംബന്ധിച്ച് കോവിന്‍ വെബ്സൈറ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍ കോടതി നിര്‍ദേശം നല്കി. കിറ്റക്സ് കമ്പനി നല്കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
നിലവില്‍ 84 ദിവസമാണ് കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസിനുള്ള ഇടവേള. ഈ ഇടവേള കുറച്ച് ജീവനക്കാര്‍ക്ക് നേരത്തെ വാക്സിന് നല്‍കണമെന്നായിരുന്നു കിറ്റക്സിന്റെ ഹര്‍ജി.
നിലവില്‍ സംസ്ഥാനത്ത് വിദേശത്ത് പോകുന്നവര്‍ക്ക് 28 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് നല്‍കുന്നുണ്ട്. പ്രത്യേക രജിസ്ട്രേഷന് സംവിധാനത്തിലാണ് ഇത് നടപ്പാക്കുന്നത്. എന്ത് കൊണ്ടാണ് മറ്റുള്ളവര്‍ക്കും ഇത്തരത്തില്‍ വാക്സിന് നല്‍കാത്തതെന്ന് കോടതി ചോദിച്ചു.
വിവേചനം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ജസ്റ്റിസ് സുരേഷ് കുമാറാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം കോടതി നേരത്തെ തേടിയിരുന്നു.