‘അണക്കെട്ട് ഭൂകമ്പസാധ്യതാ മേഖലയിലെന്നത് പരിഗണിക്കണം’; മുല്ലപ്പെരിയാറില്‍ വെള്ളം 137 അടിയില്‍ കവിയരുതെന്ന് മേല്‍നോട്ട സമിതി; സുപ്രീംകോടതിയെ അറിയിക്കും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ കവിയരുതെന്ന് സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ടസമിതി. അണക്കെട്ടിന്റെ കാലപ്പഴക്കവും സമീപകാലത്തെ കാലാവസ്ഥാ വ്യതിയാനങ്ങളും പരിഗണിച്ചാണ് തീരുമാനം. അണക്കെട്ട് ഭൂകമ്പ സാധ്യതാ പ്രദേശത്താണ് എന്നത് പരിഗണിക്കണമെന്നും മേല്‍നോട്ടസമിതി നിരീക്ഷിച്ചു. ഇക്കാര്യങ്ങള്‍ സമിതി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.

ജലനിരപ്പ് റൂള്‍ കര്‍വ് അനുസരിച്ച് നിയന്ത്രിക്കണമെന്നാണ് മേല്‍നോട്ട സമിതിയുടെ യോഗത്തിലെ ധാരണ. 136 അടിയാക്കി അണക്കെട്ടിലെ ജലനിരപ്പ് നിജപ്പെടുത്തണമെന്ന ആവശ്യമായിരുന്നു കേരളം മുന്നോട്ടുവെച്ചത്. ജലനിരപ്പ് 138 അടിയായി നിര്‍ത്താമെന്നും അതില്‍ കൂടുതലുണ്ടാവുന്ന ജലം വൈഗ നദിവഴി ഒഴുക്കിക്കൊണ്ടുപോകാം എന്നുമായിരുന്നു തമിഴ്‌നാട് അറിയിച്ചത്. ജലനിരപ്പ് 137 അടിയില്‍ കവിയരുത് എന്ന സമവായത്തിലേക്കാണ് മോല്‍നോട്ട സമിതി യോഗമെത്തിയിരിക്കുന്നത്.

ഇടുക്കി അണക്കെട്ടില്‍ 90 ശതമാനം വെള്ളമുണ്ടെന്നും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിയിലേക്കെത്തിയാല്‍ അധിക ജലം ഇടുക്കിയിലേക്ക് തുറന്നുവിടാനാവില്ലെന്നും കേരളം സമിതിയെ അറിയിച്ചിരുന്നു. ഇക്കാര്യം ശരിയാണെന്ന നിരീക്ഷണമാണ് സമിതിയുടെ ഭാഗത്തുനിന്നുണ്ടായത്. കേരളത്തില്‍ തുലാവര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ ജലനിരപ്പ് 137 അടിയില്‍ കൂടരുത് എന്ന നിര്‍ദ്ദേശം സമിതി സുപ്രീംകോടതിയെ അറിയിക്കും. യോഗത്തില്‍ കേരളത്തിന്റെ ആശങ്ക മേല്‍നോട്ട സമിതി പരിഗണിച്ചു എന്നതും തമിഴ്‌നാട് വലിയ എതിര്‍പ്പ് ഉന്നയിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

കേന്ദ്ര ജല കമ്മിഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം നിലവിലത്തെ റൂള്‍ കര്‍വ് 138 അടിയാണ്. ഈ അളവിലേക്ക് ജലനിരപ്പുയര്‍ന്നാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. 137.60 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ നീരൊഴുക്കിലും കുറവുണ്ടായിട്ടുണ്ട്. സെക്കന്റില്‍ 2398 ഘനയടിയോളം വെള്ളമാണ് അണക്കെട്ടിലേക്കെത്തുന്നത്. സെക്കന്റില്‍ 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.

സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വന്നാല്‍ 24 മണിക്കൂര്‍ മുമ്പേ അറിയിപ്പ് നല്‍കണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജലനിരപ്പ് 136 അടിയിലെത്തിയപ്പോള്‍ തമിഴ്‌നാട് ഒന്നാം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്.