വിജയ് സേതുപതിയെ ആക്രമിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട്ടിലെ തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദു മക്കള്‍ കക്ഷി. ഓരോ ചവിട്ടിനും 1001 രൂപ വീതം നല്‍കുമെന്നാണ് സംഘടനയുടെ സ്ഥാപകനായ അര്ജുന് സമ്പത്തിന്റെ ഓഫര്‍. തേവര് സമുദായ നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന യു മുത്തുരാമലിംഗം തേവരെ അധിക്ഷേപിച്ചെന്നാരോപിച്ചാണ് നടനെ ആക്രമിക്കാനുള്ള ആഹ്വാനം. ബെംഗളുരു വിമാനത്താവളത്തില്‍ വിജയ് സേതുപതിയും സംഘവും ആക്രമിക്കപ്പെടുന്നതിന്റെ സ്ക്രീന്‍ ഷോട്ടും ഹിന്ദു മക്കള്‍ കക്ഷി ട്വീറ്റ് ചെയ്തിട്ടുണ്ട്.
ചവിട്ടുന്ന ഏതൊരാള്‍ക്കും ചവിട്ട് ഒന്നിന് ആയിരത്തൊന്നു രൂപ, വിജയ് സേതുപതി മാപ്പ് പറയുന്നതുവരെ.
ഹിന്ദു മക്കള്‍ കക്ഷി
വിജയ് സേതുപതിയെ ആക്രമിക്കാന്‍ ശ്രമിച്ച മഹാ ഗാന്ധിയുമായി താന്‍ സംസാരിച്ചെന്ന് അര്ജുന് സമ്പത്ത് പ്രതികരിച്ചു. നടന് കൊള്ളിവാക്കുകള്‍ പറഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്നും ഹിന്ദു മക്കള്‍ കക്ഷി നേതാവ് ആരോപിച്ചു.

“ദേശീയ അവാര്‍ഡ് നേടിയതിന് വിജയ് സേതുപതിയെ അഭിനന്ദിക്കാന്‍ മഹാ ഗാന്ധി ആഗ്രഹിച്ചു. പക്ഷെ, വിജയ് സേതുപതി പരിഹാസ രൂപേണയാണ് പ്രതികരിച്ചത്. ‘ഇതൊരു രാജ്യം പോലും അല്ല’ എന്ന് നടന് പറഞ്ഞു. മഹാ ഗാന്ധി ഇത് കേട്ട് അമ്പരന്നു. ‘നിങ്ങള്‍ തെക്കന്‍ ജില്ലകളില്‍ നിന്നല്ലേ, പസംപോണ് മുത്തുരാമലിംഗ പൂജയില്‍ പങ്കെടുക്കൂ’ എന്ന് ക്ഷണിച്ചു. പക്ഷെ, വിജയ് സേതുപതി വീണ്ടും പരിഹാസ രൂപേണ ‘ലോകത്തെ ഏക തേവന് (ദൈവം) യേശുവാണ്’ എന്ന് മറുപടി നല്കി. ഇതാണ് വഴക്കിന് കാരണം. വിജയ് സേതുപതി പസംപോണ് തേവരേയും രാജ്യത്തേയും അപമാനിച്ചു.”
മഹാ ഗാന്ധിയുമായി സംസാരിച്ച ശേഷമാണ് പാരിതോഷികം താന്‍ പ്രഖ്യാപിച്ചതെന്നും മഹാ ഗാന്ധിയുടെ ആരോപണങ്ങള്‍ നടന് നിരസിക്കാത്തത് എന്താണെന്നും അര്ജുന് സമ്പത്ത് ചോദിച്ചു.
ബെംഗളുരു എയര്‍പോര്‍ട്ടിലുണ്ടായ സംഭവത്തേക്കുറിച്ച് വിജയ് സേതുപതി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വളരെ ചെറിയ സംഭവത്തെ വലുതാക്കി കാണിക്കുകയാണുണ്ടായതെന്ന് നടന് പറഞ്ഞു. അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. സമനില തെറ്റി നില്ക്കുന്ന ആളുകള്‍ അങ്ങനെ പ്രതികരിക്കും. അയാളെ ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു. അത്ര ഗൗരവമായി ഒന്നുമില്ല. അയാള്‍ എന്റെ ആരാധകനൊന്നും ആയിരുന്നില്ല. ഫ്ളൈറ്റില്‍ വെച്ച് ഞങ്ങളുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. വിമാനമിറങ്ങിയതിന് ശേഷവും തര്‍ക്കം തുടര്‍ന്നെന്നും നടന് കൂട്ടിച്ചേര്‍ത്തു.