കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമരചരിത്രത്തെ ഒരു ദാമ്പത്യകഥയിലെ മൂന്നാം കക്ഷി വില്ലനാക്കരുത്

കെആര്‍ ഗൗരിയമ്മയുടെ മരണം സ്വാഭാവികമായും അവരുടെ ജീവിതകാലത്തെ രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടുമുയര്‍ത്തുന്നുണ്ട്. ഇന്നിപ്പോള്‍ ബിആര്‍പി ഭാസ്‌കറിന്റെ ഒരു കുറിപ്പ് ഇഎംഎസിനെ പുനര്‍വിചാരണ ചെയ്യുന്നു ഇക്കാലം എന്ന മട്ടില്‍ മാധ്യമത്തില്‍ കാണാനിടയായി. ജന്മിത്വത്തിനും സ്വതന്ത്ര തിരുവിതാംകൂറിനും എതിരായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഐതിഹാസിക സമരത്തിന്റെ ഭാഗമായിരുന്ന ഗൗരിയമ്മയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഗൗരിയമ്മയെ മാത്രമായി ചരിത്രത്തെ വായിക്കുന്നവര്‍ ഒഴിവാക്കുന്നു. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഭൂപരിഷ്‌ക്കരണ നയത്തെ ഒരു വ്യക്തിയിലേക്ക് മാത്രമായി ഒതുക്കുന്നു. ഏതാണ്ട് ഒരു പതിറ്റാണ്ട് നീണ്ടുനിന്ന ഉള്‍പ്പാര്‍ട്ടി സമരത്തിന്റെ ഫലമായി നടന്ന നിര്‍ഭാഗ്യകരമെങ്കിലും രാഷ്ട്രീയമായ പിളര്‍പ്പിനെ ടി വി തോമസ്-ഗൗരിയമ്മ പ്രണയഭംഗം മാത്രമായി അവതരിപ്പിക്കുന്നു. അവിടെയും തീരുന്നില്ല. ഗൗരിയമ്മയുടെ ദാമ്പത്യ ജീവിതത്തെ തകര്‍ത്തത് ഇഎംഎസിന്റെ പകയാണെന്നുവരെ എഴുതിക്കളഞ്ഞു എം കെ ഭദ്രകുമാറിനെപ്പോലൊരു മുന്‍ ഐഎഫ്എസുകാരന്‍.

Also Read: ‘പാര്‍ട്ടിക്ക് വേണ്ടി എല്ലാം കൊടുത്തു, വിവാഹജീവിതവും’; ലെനിന്‍ സ്മൃതികുടീരത്തില്‍ ടിവി വിവാഹമോതിരം മോതിരം ഉപേക്ഷിച്ച കഥ എംകെ ഭദ്രകുമാര്‍ പറയുന്നു

അവിടംകൊണ്ടും അവസാനിക്കുന്നില്ല. ‘കേരം തിങ്ങും കേരളം നാട്ടില്‍ കെ ആര്‍ ഗൗരി ഭരിക്കും’ എന്ന് പറഞ്ഞാണ് 1987-ല്‍ ഇടതുമുന്നണി അധികാരത്തില്‍ കയറിയത് എന്ന നുണപ്രചാരണമാണ് ആവര്‍ത്തിച്ചുള്ള കള്ളം ഓര്‍മ്മയില്‍ സത്യമായി തോന്നിക്കും എന്ന തന്ത്രവുമായി നടക്കുന്നത്. 1982-87 കാലത്തെ കരുണാകരന്‍ മന്ത്രിസഭാ എന്നത് കേരളം അതുവരെ കണ്ട ഏറ്റവും മോശം ഭരണത്തിലൊന്നായിരുന്നു. തങ്കമണിയും കീഴ്മാടും അടക്കമുള്ള നിരവധിയായ പൊലീസ് അതിക്രമങ്ങള്‍, വ്യാപകമായ അഴിമതി, തൊഴിലില്ലായ്മക്കെതിരായ യുവജന സമരങ്ങള്‍ തുടങ്ങി തീര്‍ത്തും സമരഭരിതമായ ഒരു രാഷ്ട്രീയ കാലത്തു നിന്നാണ് ആ തെരഞ്ഞെടുപ്പ് നടക്കുന്നതും ഇടതുമുന്നണി ഭരണത്തിലേറുന്നതും. മേല്‍പ്പറഞ്ഞ ഗൗരിയമ്മ മുഖ്യമന്ത്രിയാകും എന്ന് പ്രസംഗിച്ച പികെവിയെ താന്‍ തന്നെ അങ്ങനെ പറയുന്നതില്‍ നിന്നും വിലക്കി എന്ന് ഗൗരിയമ്മ പറയുന്നുണ്ട്. അതായത് പാര്‍ട്ടി അത്തരത്തിലൊരു തീരുമാനം എടുത്തിരുന്നില്ല. അങ്ങനെ മുഖ്യമന്ത്രിയെ മുന്‍കൂട്ടി തീരുമാനിക്കുന്ന ഒരു സാഹചര്യമോ അത്തരം അനിവാര്യതയോ കേന്ദ്ര നേതൃത്വത്തിന് ഉണ്ടായിരുന്നുമില്ല.

കേരളത്തില്‍ നിന്നുള്ള സഖാക്കള്‍ ഇഎംഎസ്, ബാലാനന്ദന്‍, വി എസ് അച്ചുതാനന്ദന്‍ എന്നിവര്‍ക്ക് പുറമെ ബിടിആര്‍, രാമമൂര്‍ത്തി, സുര്‍ജീത്ത്, നൃപന്‍ ചക്രബര്‍ത്തി, ബസവപുന്നയ്യ, സമര്‍മുഖര്‍ജി, ജ്യോതിബസു, സരോജ് മുഖര്‍ജി എന്നിവരടങ്ങിയതായിരുന്നു അന്നത്തെ പോളിറ്റ് ബ്യൂറോ. അവരെല്ലാം തന്നെ ഇഎംഎസിന്റെ ‘ജാതിക്കുശുമ്പ്’ പങ്കിട്ടുകൊണ്ട് ഗൗരിയമ്മയെ തഴയുകയായിരുന്നു എന്നൊക്കെ പ്രചരിപ്പിക്കുമ്പോള്‍ അത് വെള്ളം കൂട്ടാതെ വിഴുങ്ങാന്‍ ആളെക്കിട്ടാന്‍ പാടാണ്.

നായനാരും ഗൗരിയമ്മയും മാത്രമല്ല സമശീര്‍ഷരായ നിരവധി സഖാക്കള്‍ അന്ന് പാര്‍ട്ടിയിലുണ്ടായിരുന്നു. അതായത് ഇന്നത്തെ പാര്‍ട്ടി നേതൃത്വവുമായി ഗൗരിയമ്മയെ ചേര്‍ത്ത് നിര്‍ത്തുമ്പോഴുള്ള ചരിത്രത്തിന്റെ വലിപ്പം അന്നത്തെ പാര്‍ട്ടി നേതൃത്വത്തിനാകെ ഉണ്ടായിരുന്നു എന്നര്‍ത്ഥം. നായനാരേക്കാള്‍ മുമ്പ് പി ബിയിലുള്ള ബാലാനന്ദനോ വിഎസോ മുഖ്യമന്ത്രിയായില്ല എന്നതും ഒരു അത്ഭുതമല്ലായിരുന്നു.

ഗൗരിയമ്മ താന്‍ മുഖ്യമന്ത്രിയാകാഞ്ഞതിനു ഇ എം എസ് നമ്പൂരിയായതാണ് കാരണമെന്നൊക്കെ പറയുന്നത് അവരെ പാര്‍ട്ടി എന്തുകൊണ്ട് മുഖ്യമന്ത്രിയാക്കിയില്ല എന്നത് ശരിവെക്കുന്നതാണ്. ഗൗരിയമ്മയുടെ മരണത്തിനു ശേഷം ഇ എം എസിനെ നമ്പൂരിയാക്കി നടത്തുന്ന ആക്ഷേപങ്ങള്‍ ഒരു രാഷ്ട്രീയമാണ്. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളില്‍ ഒരാളും കമ്മ്യൂണിസ്‌റ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയുമായ ഒരാള്‍ വെറുമൊരു ‘നമ്പൂരി’യായായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഗൗരിയമ്മയ്ക്ക് വേണ്ടിയല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്ര ബോധത്തിനും ജാതിയില്‍ കുടുങ്ങിക്കിടക്കാനുള്ള ശേഷിയെ ഉള്ളു എന്ന് വരുത്താനാണ്.

ടി വി തോമസിന്റെ വിവാഹേതര ബന്ധമടക്കം ഗൗരിയമ്മയുടെ ദാമ്പത്യ ജീവിതത്തിലുണ്ടായ നിരവധി പാകപ്പിഴകള്‍ അവര്‍ തന്നെ പറഞ്ഞിരിക്കെ ഇഎംഎസ് അവരുടെ കുടുംബം തകര്‍ത്തു എന്നൊക്കെ ഭദ്രകുമാറിനെപ്പോലെ മറ്റു മണ്ഡലങ്ങളില്‍ വിദഗ്ധനായ ഒരാള്‍ ആധികാരികം എന്ന മട്ടില്‍ പറയുന്നത് അശ്ലീലമെന്നെ പറയാനാകൂ. മരണാനന്തരം ഗൗരിയമ്മക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവര്‍ അര്‍ഹിക്കുന്ന വിപ്ലവാഭിവാദ്യങ്ങളാണ് നല്‍കിയത്. അത് ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാത്തതിലെ കുറ്റബോധമാണ് എന്നൊക്കെ വിശകലനം ചെയ്യണമെങ്കില്‍ നിസാര പാടവമല്ല വേണ്ടൂ.

നായനാരേക്കാള്‍ മികച്ച തെരഞ്ഞെടുപ്പാകുമായിരുന്നോ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കിയിരുന്നെങ്കില്‍ എന്നത് ഒരു ഭാവനാ ചോദ്യമാണ്. ഉത്തരവും അതുപോലെത്തന്നെ. മികവുറ്റ ഒരു ഭരണകര്‍ത്താവായിരുന്നു അവരെന്നതില്‍ സംശയമില്ല. അത് ഗൗരിയമ്മ ചോവത്തിയും ഇഎംഎസ് നമ്പൂരിയുമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്ന ദുരാരോപണത്തിന് ന്യായം നില്‍ക്കില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ സമര ചരിത്രത്തെ ഒരു ദാമ്പത്യ കഥയിലെ മൂന്നാം കക്ഷിയാക്കി വില്ലനാക്കുന്ന മനോരമ ഏര്‍പ്പാടിന്റെ വിപുലീകരണം ഇപ്പോള്‍ മറ്റൊരു രൂപത്തിലാണ് എന്ന് മാത്രം.