തനിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് കൊടുത്ത ബിജെപി നേതാവിനെതിരെ ലക്ഷദ്വീപ് സ്വദേശിനി അയിഷ സുല്‍ത്താന. രാജ്യദ്രോഹക്കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അയിഷ പറഞ്ഞു. പക്ഷെ സത്യമേ ജയിക്കൂ. കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപുകാരനാണ്. ഒറ്റുകാര്ക്കിടയിലാകും ഇവരുടെ സ്ഥാനമെന്നും സഹസംവിധായക കൂടിയായ അയിഷ സുല്‍ത്താന പ്രതികരിച്ചു.
അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും. നാളെ ഒറ്റപെടാന്‍ പോകുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുകാര്‍ ആയിരിക്കും.
അയിഷ സുല്‍ത്താന
ഇനി നാട്ടുകാരോട്: കടല്‍ നിങ്ങളേയും നിങ്ങള്‍ കടലിനെയും സംരക്ഷിക്കുന്നവരാണ്. ഒറ്റുകാരില്‍ ഉള്ളതും നമ്മില്‍ ഇല്ലാത്തതും ഒന്നാണ് ഭയം. തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ലാ ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത്. തന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നതെന്നും അയിഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു.
മീഡിയ വണ്‍ ചാനലില്‍ ലക്ഷദ്വീപ് വിഷയത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കവരത്തി പൊലീസ് അയിഷയ്ക്കെതിരെ കേസെടുത്തത്. സംവാദത്തിനിടെ അയിഷ ലക്ഷദ്വീപ് അഡ്മിന് പ്രഫുല്‍ പട്ടേലിനെ ബയോ വെപ്പണ്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെ ലക്ഷദ്വീപ് ബിജെപി അദ്ധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി പരാതി നല്കി. തുടര്‍ന്ന് 124 എ, 153 ബി എന്നീ ദേശവിരുദ്ധ വകുപ്പുകള്‍ ചുമത്തി അയിഷക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.