ഹോളിവുഡിലെ ‘അറബ് പ്രശ്‌നം’; പ്രതിച്ഛായാ മാറ്റത്തിനായി മുസ്‌ലിം കഥകളും നായകരുമെത്തുന്നു

ലണ്ടൻ: ഹോളിവുഡ് സിനിമകളിൽ പശ്ചിമേഷ്യയെയും അറബ് ജനതയെയും ചിത്രീകരിക്കുന്നതിലെ വാസ്തവവിരുദ്ധമായ രാഷ്ട്രീയ സാംസ്‌കാരിക വാർപ്പുമാതൃകകളെ പൊളിച്ചെഴുതാൻ തയാറെടുക്കുകയാണ് മുതിർന്ന ഹോളിവുഡ് നടനും നിർമ്മാതാവുമായ ബോ സ്വെൻസൺ. അറബികളെയും മുസ്‌ലിങ്ങളെയും അമേരിക്കൻ സിനിമകളിൽ ഏകപക്ഷീയമായി പ്രതിഷ്ഠിക്കുന്നത് കണ്ടുമടുത്തുവെന്ന് പറയുന്ന സ്വെൻസൺ തന്റെ പുതിയ നിർമാണ സംരംഭങ്ങളിലൂടെ അറബ്-മുസ്‌ലിം കഥകളും നടന്മാരെയും മുന്നോട്ടുവെക്കാനാണ് പദ്ധതിയിടുന്നത്.

സ്വീഡനിൽ ജനിച്ച്‌ അമേരിക്കയിൽ പൗരത്വം സ്വന്തമാക്കിയ സ്വെൻസൺ ബ്രേക്കിങ് പോയിന്റ്, ഹാർട്ട്ബ്രേക്ക് റിഡ്‌ജ്‌, കിൽ ബിൽ, ഇൻഗ്ലോറിയസ് ബസ്റ്റാർഡ്‌സ് ഉൾപ്പടെ 120-ലധികം സിനിമകളാണ് ചെയ്തിട്ടുള്ളത്. മാജിക് ക്വസ്റ് എന്റർടൈൻമെന്റ് എന്ന നിർമാണ കമ്പനിയുടെ ഉടമയാണ് എൺപതുകാരനായ സ്വെൻസൺ. തന്റെ ഭാവി പദ്ധതികളിലൂടെ ‘അറബ് ലോകത്തിനാകെ സേവനം ചെയ്യണമെന്നാണ്’ സ്വെൻസൺ പ്രത്യാശിക്കുന്നത്. തുടങ്ങാനിരിക്കുന്ന പ്രോജക്ടുകളിലേക്കായി സൗദിയിൽ നിന്നുള്ള കലാകാരന്മാരെ തെരഞ്ഞെടുക്കാൻ തീരുമാനിച്ച സ്വെൻസൺ ‘മുസ്‌ലിം ലോകത്തെ മാനുഷികതകളെ അഭിമുഖീകരിക്കാനുള്ള അവസരമായാണ്’ ഇതിനെ കാണുന്നത് എന്നാണ് വിശദമാക്കുന്നത്.

‘ഹോളിവുഡിലെ പലരും തങ്ങൾക്ക് സുഖകരമായ വഴി തെരഞ്ഞെടുക്കുകയാണ്. ഒരു മോഡേൺ സിനിമയിൽ വില്ലൻ സ്വഭാവമുള്ള കഥാപാത്രം വേണോ, അവർ ഒരു അറബ്, അല്ലെങ്കിൽ മുസ്‌ലിമിനെ തെരഞ്ഞെടുക്കുന്നു. ഈ രീതിയിൽ എനിക്ക് താത്പര്യമില്ല. സൂക്ഷ്മതയുള്ള, കാര്യമാത്രപ്രസക്തമായ, അന്തസുറ്റ സിനിമകൾ എനിക്ക് ചെയ്യണം,’ എന്നാണ് തന്റെ നിലപാടിനെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറയുന്നത്. നോർവേയിൽ നിന്നും മുസ്‌ലിമായതിന്റെ പേരിലുള്ള അതിക്രമങ്ങൾ സഹിക്കാതെ നോർത്ത് അമേരിക്കയിൽ എത്തുന്ന യുവാവിന്റെ കഥയാണ് സ്വെൻസന്റെ പുതിയ സിനിമ ‘ദി റെഡ് ക്ളോത്ത്’ പറയുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് സജ്ജീകരിച്ചിരിക്കുന്ന പീരിയഡ് ഡ്രാമയാണ് ഇത്. സിനിമയിലെ നായക കഥാപാത്രത്തെ ഒരു ‘അന്തസുള്ള മനുഷ്യനായാണ്’ താൻ ചിത്രീകരിച്ചിരിക്കുന്നതെന്ന് സ്വെൻസൺ വിശദമാക്കുന്നു.

ഇത്തരം ഇടപെടലുകൾ സാംസ്‌കാരികമായ തെറ്റുതിരുത്തലുകൾക്ക് ഉതകുമെന്നാണ് അമേരിക്കൻ അറബ് വിവേചന വിരുദ്ധ സമിതിയുടെ പ്രസിഡന്റ് സമീർ ഖലാഫ് അഭിപ്രായപ്പെടുന്നത്. സെപ്റ്റബർ 11 ആക്രമണത്തിന് മുൻപ് അറബ്-മുസ്‌ലിം കഥാപാത്ര ചിത്രീകരണത്തിൽ ബോളിവുഡ് യാതൊരു സത്യസന്ധതയും പുലർത്തിയിരുന്നില്ല. ‘അള്ളാഹു അക്ബർ മുഴക്കുന്ന’ തീവ്രവാദികൾ മാത്രമായിരുന്നു ഏത് സിനിമയിലെയും അറബ് കഥാപാത്രങ്ങൾ. പിന്നീട് സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അറബ്-മുസ്‌ലിം കാഴ്ച്ചപ്പാടിലൂടെ കഥപറയുന്നവർ ഹോളിവുഡിൽ ആരുമില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള മുസ്‌ലിം വിരുദ്ധ വാർപ്പുമാതൃകകൾ മാത്രമാണ് അവർ മുഖവിലക്കെടുക്കുന്നത്. യഥാർത്ഥത്തിൽ സമൂഹത്തിലെ എല്ലാ തട്ടിലും അറബ്-മുസ്‌ലിം അമേരിക്കൻ പൗരന്മാരുണ്ട്. എന്നാൽ സിനിമകളിൽ വെറും സാധാരണക്കാർ മാത്രമാണ് അവർ,’ ഖലാഫ് വിശദമാക്കുന്നു.

അറബ് ജനതയെക്കുറിച്ചുള്ള അറിവില്ലായ്‍മയാണ് സിനിമകളിലെന്നും 1800കളുടെ മധ്യകാലം മുതൽ അമേരിക്കയിലെത്തി സമൂഹത്തിന്റെ ഭാഗമായവരാണ് അറബികളെന്നും എന്നാൽ അറബ് കഥാപാത്രങ്ങൾ ഒക്കെയും പുതിയ കുടിയേറ്റക്കാരായാണ് ചിത്രീകരിക്കുന്നത് എന്നും ഖലാഫ് പറയുന്നു. ഇത് പൊതുസമൂഹത്തിൽ അവരെക്കുറിച്ചുള്ള വക്രീകരിച്ച ചിത്രമാണ് നൽകുന്നത്, അദ്ദേഹം തുടരുന്നു. അറബികളെയും പലസ്തീനിയൻ വംശജരെയും മോശമായി ചിത്രീകരിക്കുന്ന വംശീയ സ്വഭാവമുള്ള സിനിമകൾ നിർമിക്കുന്നു എന്നാരോപിക്കപ്പെടുന്ന ഇസ്രായേലി നിർമാണ കമ്പനികളുമായി നെറ്റ്ഫ്‌ലിക്‌സ് കരാറിൽ ഏർപ്പെട്ട പശ്ചാത്തലത്തിൽകൂടിയാണ് ഈ ചർച്ചകൾ ശക്തിപ്പെടുന്നത്.