കരിയര്‍ പിച്ച വെച്ച് നടക്കും മുമ്പേ വളര്‍ന്നുവരുന്ന താരങ്ങളെ വില്‍ക്കേണ്ടി വരുന്ന ഗതികേടിലാണ് തെക്കേ അമേരിക്കന്‍ ഫുട്ബോള്‍ ക്ലബ്ബുകള്‍. കൊവിഡ് ലാറ്റിനമേരിക്കന്‍ ഫുട്ബോളിനെ ആദായ വില്പന ചന്തയാക്കി മാറ്റി. സാമ്പത്തിക പ്രതിസന്ധി മൂലം നിലനില്ക്കാന് പാടുപെടുകയാണ് ക്ലബ്ബുകള്‍. ഇല്ലായ്മകള്‍ക്കിടയിലും സംഭാവന നല്കുന്ന, ക്ലബ്ബ് കുടുംബം പോലെ കാണുന്ന ആരാധകരുടെ വൈകാരികതകളെ മാത്രം പരിഗണിച്ച് മുന്നോട്ട് പോകാനാകില്ല. ബാലന്‍സ് ഷീറ്റുകള്‍ ഒപ്പിച്ചെടുക്കാന്‍ കളിക്കാരെ വിട്ടുകൊടുക്കുകയല്ലാതെ അവര്‍ക്ക് മാര്‍ഗമില്ല. ഇതിനിടെ ‘റെഡി മെയ്ഡ്’ വണ്ടര്‍ കിഡ്ഡുകളെ വിലപേശി വാങ്ങല്‍ യൂറോപ്യന്‍-യുഎസ് ക്ലബ്ബുകള്‍ തുടരുകയാണ്.
ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും ചരിത്രമുള്ള ക്ലബ്ബുകളിലൊന്നായ സാന്റോസ് തങ്ങളുടെ പ്രധാനതാരം യെഫേഴ്സണ്‍ സോറ്റെല്ഡോയെ വില്ക്കാന് നിര്‍ബന്ധിതരായി. വെനസ്വലന്‍ കളിക്കാരനായ സോറ്റെല്ഡോ സാന്റോസിന്റെ പ്ലേമേക്കറായിരുന്നു. ഈ 23കാരന്റെ പ്രകടനത്തിലാണ് കോപ്പ ലിബര്‍ട്ടഡോറെസ് ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ്ബ് എത്തിയത്. അമേരിക്കന്‍-കനേഡിയന്‍ ലീഗായ എംഎല്‍എസിലെ ടൊറന്റോ എഫ്സി 44 കോടി രൂപയ്ക്കാണ് സോറ്റെല്ഡോയെ വാങ്ങിയത്. ഇതില്‍ ഏഴ് കോടി രൂപയേ സാന്റോസിന് കൈയില്‍ കിട്ടു. അഞ്ച് മില്യണ്‍ ഡോളര്‍ ചിലിയന്‍ ക്ലബ്ബായ ഹ്വാച്ചിപാറ്റോയ്ക്ക് കൊടുക്കണം. 2020 അവസാനം വരെയുളള കണക്കനുസരിച്ച് 103 ദശലക്ഷം ഡോളറാണ് സാന്റോസ് കടക്കാര്‍ക്ക് കൊടുക്കാനുള്ളത്. ആറ് വര്‍ഷത്തിനിടെ പത്ത് മുന്‍നിര താരങ്ങളെയാണ് സാന്റോസ് യൂറോപ്യന്‍ ഫുട്ബോളിന് വിട്ടുകൊടുത്തത്. മുങ്ങിത്താഴാതിരിക്കാന്‍ സാന്റോസിന് ഇനിയും കളിക്കാരെ വില്‍ക്കാതെ നിവൃത്തിയില്ല.

ബ്രസിലീയന്‍ ഒന്നാം ഡിവിഷന് ക്ലബ്ബായ ഫ്ളുമിനന്‍സിന് 118 ദശലക്ഷം ഡോളറിന്റെ കടമുണ്ട്. ഫ്ളൂമിനന്‍സിന്റെ അറ്റാക്കര്‍ കെയ്കി വൈകാതെ തന്നെ യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിന്റെ ഭാഗമാകും. ബ്രസീലില്‍ നിന്നൊരു ‘തീപ്പൊരി പയ്യനെ’ ക്ലബ്ബ് വാങ്ങിയതിന്റെ ആവേശത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍. ഏതാണ്ട് 90 കോടി രൂപയ്ക്ക് സിറ്റി മാനേജ്മെന്റ് വാങ്ങിയ കെയ്കിക്ക് ജൂണിലാണ് 18 വയസ് തികയുക. ലാറ്റിനമേരിക്കയിലെ പുത്തന്‍ താരോദയത്തിന് ‘പുതിയ നെയ്മര്‍’ എന്ന വിശേഷണം കൂടി നല്‍കിയിട്ടുണ്ട്. ഈ സീസണില്‍ വിട പറയുന്ന മുതിര്‍ന്ന അര്‍ജന്റീനിയന്‍ താരം സെര്‍ജിയോ ആഗ്വേറോയുടെ വിടവ് നികത്താന്‍ കെയ്കിക്കൊണ്ട് കഴിയുമെന്നാണ് സിറ്റി ഫുട്ബോള്‍ ഗ്രൂപ്പിന്റെ പ്രതീക്ഷ. ബ്രസീലിയന്‍ താരങ്ങളായ എഡേഴ്സണും ഫെര്‍ണാണ്ടീഞ്ഞോയും ഗബ്രിയേല്‍ ജെസ്യൂസുമുള്ള എത്തിഹാദില്‍ കെയ്കിക്ക് വലിയ അപരിചിതത്വമോ അന്യതാ ബോധമോ തോന്നാനിടയില്ല. പക്ഷെ, ഫ്ളൂമിനന്‍സ് ആരാധകര്‍ക്ക് നിരാശ കലര്‍ന്ന അമ്പരപ്പാണ് ഈ ഡീല്‍.
സിറ്റിയെ സംബന്ധിച്ചിടത്തോളം ഒരു ‘കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി’ ചൂതാട്ടമാണ് (അതിനുള്ള പ്രാപ്തിയുണ്ട് താനും) 10 മില്യണ്‍ യൂറോയുടെ കെയ്കി. പക്ഷെ, റിയോ ഡി ജനീറോയ്ക്കും ഫ്ളൂമിനന്‍സ് ആരാധകര്‍ക്കും അങ്ങനെയല്ല. നൂറ് വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ബ്രസീലിയന്‍ ഫുട്ബോള്‍ ചരിത്രത്തിന്റെ ഭാഗമായ ക്ലബ്ബാണ് ഫ്ളൂമിനന്‍സ്. റിയോ ഡി ജനീറോക്കാര് എന്നര്‍ത്ഥമുള്ള ഫ്ളൂമിനന്‍സ് വലിയൊരു വിഭാഗം ജനതയുടെ സ്വത്വത്തിന്റെ ഭാഗമാണ്.
1902ല്‍ സ്ഥാപിതമായ ക്ലബ്ബിന് ഇന്ന് 16ലേറെ കായിക ഇനങ്ങളില്‍ ടീമുകളുണ്ട്. ബ്രസീല്‍ ദേശീയ ടീം പിറന്നുവീണതും ആദ്യ മത്സരം കളിച്ചതും ആദ്യഗോള്‍ നേടിയതും ആദ്യ കപ്പുയര്‍ത്തിയതും ഫ്ളൂമിനന്സിലാണ്. പര്യടനത്തിനെത്തിയ ഇംഗ്ലീഷ് ക്ലബ്ബ് എക്സെറ്റര്‍ സിറ്റിയുമായിട്ടായിരുന്നു കാനറികളുടെ മത്സരം. ബ്രസീല്‍ ദേശിയ ടീം 1919ല്‍ ആദ്യ കപ്പുയര്‍ത്തിയതും ഫ്ളുമിനെന്‍സ് മൈതാനത്താണ്. നൂറ്റാണ്ടിന്റെ ചരിത്രമുണ്ടായിട്ടും ബ്രസീലിയന്‍ ഫുട്ബോളുമായി ഇത്രയ്ക്ക് രക്തബന്ധമുണ്ടായിട്ടും തങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന ഒരു ഭാവി വാഗ്ദാനങ്ങളെ ഫ്ളുമിനന്‍സ് വില്‍ക്കുന്നത് സാമ്പത്തിക പ്രതിസന്ധി അത്രയ്ക്കുള്ളതുകൊണ്ടാണ്.
കൊവിഡ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയ രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. ഒട്ടേറെപ്പേര്‍ ദിനം പ്രതി മരിച്ചുവീഴുന്നു. ഫുട്ബോള്‍ ജീവിതത്തിന്റെ ഭാഗമായ ബ്രസീലീന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്റ്റേഡിയങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നത്. കൊവിഡ് മൂലം ഒട്ടേറെ കളികള്‍ മാറ്റി വെയ്ക്കേണ്ടി വന്നു. പകര്‍ച്ചവ്യാധി കഴിഞ്ഞുള്ള അവരുടെ നല്ല കാല പ്രതീക്ഷകളില്‍ ഫുട്ബോള്‍ കൂടിയുണ്ട്.

ഓരോ താരവും വളര്‍ന്നുവരുമ്പോള്‍ ആരാധകരുടെ സ്വപ്നങ്ങള്‍ കൂടിയാണ് വലുതാകുക. കെയ്കി ഫ്ളു ആരാധകരുടെ ഏറ്റവും പുതിയ സ്വപ്നവും പ്രതീക്ഷയുമായിരുന്നു. കെയ്കിയുടെ കളി കണ്ട് ഇഷ്ടപ്പെട്ട് തുടങ്ങിയപ്പോഴേക്കും യൂറോപ്യന്മാരെത്തി. ഫ്ളുമിനന്‍സ് സീനിയര്‍ ടീമിന് വേണ്ടി കെയ്കി അധികം മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. ഒമ്പത് കളികളില്‍ നിന്ന് രണ്ട് ഗോളുകളാണ് വിങ്ങറുടേയും മിഡ്ഫീല്ഡറുടേയും വേഷമിണങ്ങുന്ന കെയ്കിയുടെ സമ്പാദ്യം. ബ്രസീലിന്റെ അണ്ടര്‍ 16 ടീമിനുവേണ്ടി കെയ്കി കളിച്ചിരുന്നു. മൂന്നാഴ്ച്ച മുമ്പ് നാല് പേരെ മറികടന്ന് താരം നേടിയ ഗോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. നോവോ ഇഗോക്കുവിനെതിരെയായിരുന്നു കെയ്കിയുടെ സോളോ ഗോള്‍.
ഫ്ളുമിനന്‍സിന്റെ തന്നെ മെറ്റീഞ്ഞോയേയും (18) സിറ്റി വാങ്ങി. ഒറ്റ കളി മാത്രമാണ് സീനിയര്‍ ക്ലബ്ബ് ജേഴ്സിയില്‍ മെറ്റീഞ്ഞോയ്ക്ക് കളിക്കാനായത്. ബ്രസീല്‍ ദേശീയ ടീമിനൊപ്പം പരിശീലിച്ചിട്ടുള്ള മെറ്റീഞ്ഞോ പക്ഷെ, എത്തിഹാദ് കാണുമോയെന്ന് ഉറപ്പില്ല. സിറ്റി ഫുട്ബോള്‍ ഗ്രൂപ്പ് വാങ്ങുന്ന വഴി തന്നെ മെറ്റീഞ്ഞോയെ വാടകയ്ക്ക് കൊടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഫ്രെഞ്ച് ലീഗ് രണ്ടാം ഡിവിഷന് ടീമായ ട്രോയെസ് മെറ്റീഞ്ഞോയില് താല്പര്യമറിയിച്ച് രംഗത്തുണ്ട്.
വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ട് തങ്ങള്‍ വളര്‍ത്തിയെടുത്ത രണ്ട് താരങ്ങളെ വിട്ടുകൊടുക്കുന്ന ഫ്ളുമിനെന്‍സ് ഇനി വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങണം. മതപീഡനത്തേത്തുടര്‍ന്ന് കോംഗോയില്‍ നിന്ന് പലായനം ചെയ്ത് എത്തിയവരാണ് മെറ്റീഞ്ഞോയുടെ മാതാപിതാക്കള്‍. മെറ്റീഞ്ഞോ കൈക്കുഞ്ഞായിരുന്ന കാലത്ത്. അധോലോക നിയന്ത്രണത്തിലുള്ള കുപ്രസിദ്ധ ചേരികളിലൊന്നായ സിന്കൊ ബൊക്കാസ് ഫവേലയിലായിരുന്നു മെറ്റീഞ്ഞോയുടെ വീട്. ചേരിയില്‍ നിന്ന് പുറത്തെത്തിക്കാന്‍ ഫ്്ളുമിനന്സ് ക്ലബ്ബ് മെറ്റീഞ്ഞോയ്ക്കും കുടുംബത്തിനും വീട് വരെ ഒരുക്കിക്കൊടുത്തു.

ഫ്ളു ക്ലബ്ബിന് പ്രതിഫലമായി വലിയൊരു തുക കിട്ടും. പുതിയ കെയ്കിമാരേയും മെറ്റീഞ്ഞോമാരേയും വളര്‍ത്തിക്കൊണ്ടുവരാന്‍ ഇനിയും കഴിയും. ഇത്തരം ട്രാന്‍സ്ഫറുകള്‍ ബ്രസീലിയന്‍ ഫുട്ബോളിന് പുത്തരിയുമല്ല. ചെറുപ്രായത്തില്‍ ലാറ്റിനമേരിക്ക വിട്ട് യൂറോപ്യന്‍ ഫുട്ബോള്‍ ഐക്കണുകളായ നിരവധി താരങ്ങളുണ്ട്. ബ്രസീലിയന്‍ വണ്ടര്‍ കിഡ്സിനെ റാഞ്ചുന്നതില്‍ സമീപകാലത്ത് ഏറ്റവും മിടുക്ക് കാണിക്കുന്നത് റയല്‍ മാഡ്രിഡാണ്. ഫ്ളമംഗോയില് നിന്ന് വിനീഷ്യസ് ജൂനിയറിനേയും റെയ്നിയറിനേയും സാന്റോസിന്റെ റൊഡ്രീഗോയേയും റയല്‍ സ്പെയ്നിലെത്തിച്ചു. സിറ്റി 2017ല്‍ വാങ്ങുമ്പോള്‍ ഗബ്രിയേല്‍ ജെസ്യൂസിന് 20 വയസായിരുന്നു പ്രായം. നഷ്ടക്കച്ചവടമല്ലെന്ന് ജെസ്യൂസ് സിറ്റി മാനേജ്മെന്റിനെ ബോധ്യപ്പെടുത്തി. 2013ല്‍ 21-ാം വയസിലാണ് നെയ്മര്‍ സാന്റോസില്‍ നിന്ന് ബാഴ്സലോണയിലെത്തുന്നത്. മുകളില്‍ പറഞ്ഞ നാല് കളിക്കാര്ക്കാരും ആദ്യ ടീമില്‍ നിന്ന് ബ്രസീലിയന്‍ സീരി എ, കോപ്പ ലിബര്‍ട്ടഡോറെസ് എന്നിവയിലൂടെ വേണ്ടത്ര അനുഭവപരിചയം നേടിയവരാണ്. രണ്ട് സീസണ് മുഴുവന്‍ കളിച്ച് പാല്‍മിറാസിനെ മുന്നിലെത്തിച്ച ശേഷമാണ് ജെസ്യൂസ് ബ്രസീലിയന്‍ ക്ലബ്ബ് ഫുട്ബോള്‍ വിട്ടത്.

ചുവടുറയ്ക്കുന്നതിന് മുന്നേ പറിച്ചുനടപ്പെട്ട് കരിയര്‍ വഴുതിപ്പോയ ഒട്ടേറെ ലാറ്റിനമേരിക്കന്‍ കളിക്കാരുമുണ്ട്. മാര്‍ലോസ് മൊറീനോ ഇതിന് ഒരു ഉദാരണമാണ്. കൊളംബിയന്‍ ക്ലബ്ബായ അത്ലറ്റിക്കോ നാഷണലിന്റെ മിന്നും താരമായിരുന്നു മൊറീനോ. 2016ലെ ലിബര്‍ട്ടഡോറെസ് നേട്ടത്തിന് പിന്നാലെ 20കാരനെ സിറ്റി ഗ്രൂപ്പ് പര്‍ച്ചേസ് ചെയ്തു. പക്ഷെ, എത്തിഹാദില്‍ ഒരേയൊരു അവസരം പോലും മൊറീനോയ്ക്ക് ലഭിച്ചില്ല. അഞ്ചു വര്‍ഷത്തിനിടെയിലെ ആറാം വായ്പാ കാലയളവിലാണ് മൊറീനോ ഇപ്പോള്‍. ഇതിനിടെ സ്പാനിഷ് ക്ലബ്ബുകളായ ഡിപ്പോര്‍ട്ടീവോ ലാ കൊറൂണ, ജിറോണ, ബ്രസീലിയന്‍ ക്ലബ്ബായ ഫ്ളമംഗോ, മെക്സിക്കന്‍ ക്ലബ്ബ് സാന്റോസ് ലാഗുണ, പോര്‍ച്ചുഗീസ് ക്ലബ്ബ് പോര്ട്ടിമോനെസെ എന്നിവിടങ്ങളില്‍ മൊറീനോ പരീക്ഷിക്കപ്പെട്ടു. ബെല്ജിന് സെക്കന്‍ഡ് ഡിവിഷന് ക്ലബ്ബായ ലൊമ്മെലിന് വേണ്ടിയാണ് ഈ 24കാരന് ഫോര്‍വേഡ് കളിക്കുന്നത്. ‘ഗാര്ഡിയോളയാല് പരിശീലിപ്പിക്കപ്പെടുകയെന്നത് എത്ര മനോഹരമായിരിക്കും’ എന്നാണ് സിറ്റി കരാര്‍ സമയത്ത് മൊറീനോ പറഞ്ഞത്. വൈകാതെ സിറ്റി ഗ്രൂപ്പുമായുള്ള മൊറീനോയുടെ കാലാവധി കഴിയും. പെപ്പിന്റെ കോച്ചിങ്ങ് എന്ന ആഗ്രവും അതോടെ തീരാനാണ് സാധ്യത.

പ്രതിഭ ആവോളമുണ്ടായിട്ടും കളി ശൈലിയോട് പൊരുത്തപ്പെടാന്‍ പറ്റാത്തവരെ ലോണ്‍ കൊടുത്ത് ഒഴിവാക്കുകയാണ് ഭീമന് ക്ലബ്ബുകളുടെ രീതി. പ്രീമിയര്‍ ലീഗിലേയും ലാലിഗയിലേയും വമ്പന്മാര് നിരസിക്കാന്‍ പറ്റാത്ത ഓഫറുമായി വന്നാല്‍ ബ്രസീലിയന്‍ മുന്‍ നിര ക്ലബ്ബുകള്‍ക്ക് വഴങ്ങാതെ മറ്റ് വഴിയില്ല. ലാറ്റിനമേരിക്കന്‍ ക്ലബ്ബ് ഫുട്ബോള്‍ ടൂര്‍ണമെന്റായ കോപ്പ ലിബര്ഡോറെസും തെക്കേ അമേരിക്കന്‍ ലീഗുകളും സൂക്ഷ്മമായി നീരീക്ഷിക്കാന്‍ യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് പ്രത്യേക ഡിപ്പാര്‍ട്മെന്റുകളുണ്ട്. ലാറ്റിനമേരിക്കന്‍ മാര്‍ക്കറ്റില്‍ വേണ്ട സമയത്ത് നിര്‍ണായക നീക്കം നടത്താന്‍ തയ്യാറായി ഏജന്റുമാരും.
കെയ്കിക്കും മെറ്റീഞ്ഞോയ്ക്കും ശേഷം ഫ്ളുമിനന്‍സിന്റെ അടുത്ത പ്രതീക്ഷ ആര്തറിലാണ്. 16 വയസും എട്ട് ദിവസവും മാത്രം പ്രായമുണ്ടായിരിക്കെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സീനിയര്‍ ടീമില്‍ പ്ലേമേക്കറായി ആര്‍തര്‍ അവതരിച്ചത് തലക്കെട്ടുകളില്‍ ഇടം പിടിച്ചിരുന്നു. ആരാധകരുടെ പ്രതീക്ഷകളും സങ്കടങ്ങളും ഫ്ളുമിനന്‍സിന് വീണ്ടും അവഗണിക്കേണ്ടി വന്നേക്കും. ബ്രസീലിയന്‍ മാധ്യമമായ ട്രിബ്യൂണ ഡെ മിനാസിലെ പ്രമുഖ കോളമിസ്റ്റ് ഗബ്രിയേല്‍ ഫെറേര ബോര്‍ഗസ് തന്റെ ലേഖനത്തില്‍ പ്രകടിപ്പിച്ചത് ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ പ്രേമികളുടെ വികാരമാണ്. കെയ്കിയുടെ യൂറോപ്യന്‍ ട്രാന്‍സ്ഫറിനെ ജീവന് പണയം വെച്ച് കളിക്കുന്ന കുപ്രസിദ്ധ ഗെയിമായ റഷ്യന്‍ റൗളറ്റിനോടാണ് ബോര്‍ഗെസ് ഉപമിക്കുന്നത്.
അവന് വന്നു, ഞങ്ങളെ മോഹിപ്പിച്ചു, മതിപ്പുണ്ടാക്കി, എന്നിട്ടവന്‍ പോയി. കെയ്കി രണ്ട് ചാക്ക് സോയാബീന്‍ പോലെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വില്ക്കപ്പെട്ടു. സിറ്റി ഗ്രൂപ്പിലെ റഷ്യന്‍ റൗളറ്റ് ഗെയിമില്‍ വ്യത്യസ്ത വിധികളായിരിക്കും കെയ്കിയേയും മെറ്റീഞ്ഞോയേയും കാത്തിരിക്കുക. ലൊമ്മേല് ക്ലബ്ബും ജിറോണ ക്ലബ്ബിനും ഇടയിലുള്ള സാധ്യതകളിലാണ് ഭാവി.
ഗബ്രിയേല്‍ ഫെറേര ബോര്‍ഗസ്