’90 മണ്ഡലങ്ങളില്‍ 1991ലേക്കാള്‍ വോട്ട് ഷെയര്‍ കുറഞ്ഞു’; ബിജെപിയെ തകര്‍ത്തത് സുരേന്ദ്രനും മുരളീധരനുമെന്ന് കേന്ദ്രനേതൃത്വത്തിന് പരാതി

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തില്‍പോലും വിജയമുറപ്പിക്കാനാവാത്തതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനുമെതിരെ ബിജെപിയില്‍ പടയൊരുക്കം. സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ നയങ്ങള്‍ പാര്‍ട്ടിയുടെ വിശ്വാസ്യതയും മുന്നേറ്റവും തകര്‍ത്തെന്ന് ആരോപിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. 1991ലെ തെരഞ്ഞെടുപ്പിലുണ്ടായിരുന്നതിനേക്കാളും 90 മണ്ഡലങ്ങൡ ഇത്തവണ പാര്‍ട്ടിയുടെ വോട്ട് വിഹിതം കുറഞ്ഞെന്ന ഗുരുതര ആരോപണം കത്തിലുണ്ട്. മസുരേന്ദ്രനെയും മുരളീധരനെയും ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് വിവരം.

‘വോട്ടുകച്ചവടം നടത്തുന്ന പാര്‍ട്ടിയാണ് ബിജെപി എന്ന ധാരണ ജനങ്ങള്‍ക്കിടയിലെത്തിച്ച് കെ സുരേന്ദ്രനും വി മുരളീധരനും പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്തിരിക്കുകയാണ്. 1991ലെ വോട്ട് കച്ചവട ആരോപണങ്ങള്‍ക്ക് ശേഷം 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെയും പിന്നീട് നടന്ന വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളിലൂടെയുമാണ് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ ബിജെപിക്ക് സാധിച്ചത്. 2004ന് ശേഷം ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിച്ചു. 2016ല്‍ നിയമസഭാ പ്രാധിനിത്യം കൂടി. ഇത്തവണ അതും നഷ്ടപ്പെട്ടു’, കത്തില്‍ ആരോപിക്കുന്നു.

90 നിയമസഭാ മണ്ഡലങ്ങളില്‍ ഇത്തവണ 1991നേക്കാള്‍ വോട്ടുവിഹിത്തില്‍ പിന്നോട്ടുപോയി. സംഘടനയുടെ വിശ്വാസ്യത തകര്‍ത്ത നേതൃത്വത്തിന് കീഴില്‍ ബിജെപിക്ക് ഇനി ഒരടി മുന്നോട്ടുപോകാന്‍ കഴിയില്ല. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും വിശ്വാസമുള്ള നേതൃത്വത്തെ കേന്ദ്ര നേതൃത്വം ഇടപെട്ട് കൊണ്ടുവരണമെന്നു കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

സംസ്ഥാനത്തെ വളരുന്ന പാര്‍ട്ടിയെ തളരുന്ന പാര്‍ട്ടിയാക്കിയത് നേതൃത്വത്തിന്റെ അഹങ്കാരമാണ്. പ്രസ്ഥാനം കെട്ടിപ്പെടുത്തനിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും ഇവര്‍ അകറ്റി നിര്‍ത്തി. ഇ ശ്രീധരനെപ്പോലൊരു സ്ഥാനാര്‍ത്ഥിയെ ലഭിച്ചിട്ടും വിജയിപ്പിച്ചെടുക്കാന്‍ കഴിയാത്ത നേതൃത്വത്തിന് ഇനിയെന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും കത്തില്‍ രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തുന്നു.