‘ജനവിധി അംഗീകരിക്കുന്നു’; പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി

കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം തെരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനവിധി സവിനയം സ്വീകരിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ഞങ്ങളെ പിന്തുണച്ച ദശലക്ഷങ്ങള്‍ക്കും ആത്മാര്‍ത്ഥമായി നന്ദി അറിയിക്കുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

മൂല്യങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം തുടരും. ജയ് ഹിന്ദ്.

രാഹുല്‍ ഗാന്ധി

കേരളത്തിലും പശ്ചിമ ബംഗാളിലും കോണ്‍ഗ്രസ് സഖ്യത്തിന് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സംസ്ഥാനത്ത് 99 സീറ്റുമായി എല്‍ഡിഎഫ് അധികാരത്തുടര്‍ച്ച നേടിയപ്പോള്‍ യുഡിഎഫ് 41 സീറ്റുകളില്‍ ഒതുങ്ങി. 22 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

പശ്ചിമബംഗാളില്‍ 200ലധികം സീറ്റുകളില്‍ മുന്നേറ്റം തുടരുകയാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് ബിജെപി സഖ്യം ലീഡ് ചെയ്യുന്നത് 77 സീറ്റുകളിലാണ്. കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് ഇതുവരെ സീറ്റുകളൊന്നും ലഭിച്ചിട്ടില്ല.

അസമില്‍ 75 സീറ്റില്‍ മുന്നേറുന്ന ബിജെപി അധികാരം പിടിക്കുമെന്ന് ഉറപ്പായി. കോണ്‍ഗ്രസ് സഖ്യം 49 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ഏഴ് സീറ്റുകളാണ് സഖ്യത്തിന് അധികമായി നേടാനായത്. പുതുച്ചേരിയിലും കോണ്‍ഗ്രസ് സഖ്യത്തിന് അധികാരം പിടിക്കാനാകില്ലെന്ന് ഉറപ്പായി. ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസ് 14 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ആറ് സീറ്റുകള്‍ നഷ്ടപ്പെട്ട കോണ്‍ഗ്രസ് സഖ്യം ഏഴില്‍ ഒതുങ്ങിയേക്കും.

തമിഴ്‌നാട്ടില്‍ ആശ്വാസകരമായ പ്രകടനം നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. യുപിഎ സര്‍ക്കാര്‍ അധികാരം പിടിച്ചപ്പോള്‍ കോണ്‍ഗ്രസ് 17 സീറ്റുകള്‍ നേടിയേക്കുമെന്നാണ് സൂചന. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം 147 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.