അഫ്‌ഗാനിൽ ഇന്നലെ പ്രക്ഷോഭങ്ങളുടെ രാത്രി; പഞ്ചശീറും വീണതോടെ താലിബാനെതിരെ തെരുവിലിറങ്ങി ജനങ്ങൾ

കാബൂൾ: പ്രതിരോധിച്ചുനിന്ന അവസാന പ്രദേശം പഞ്ചശീറും താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തി നൂറുകണക്കിനാളുകൾ. കാബൂൾ, ഗസ്‌നി, മസാർ-ഇ-ശരീഫ് ഉൾപ്പടെ വിവിധയിടങ്ങളിലാണ് സ്ത്രീകൾ അടക്കം നിരവധിയാളുകൾ താലിബാൻ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. പഞ്ചശീർ പിടിച്ചടക്കുന്നതിൽ ഉൾപ്പടെ പാകിസ്താൻ സഹായം താലിബാന് ലഭിക്കുന്നു എന്നാരോപിച്ച പ്രക്ഷോഭകർ പാക് വിരുദ്ധ മുദ്രാവാക്യങ്ങളും ‘അള്ളാഹു അക്ബറും’ മുഴക്കിയാണ് പ്രതിഷേധം നടത്തിയത്. താലിബാനെതിരെ രംഗത്തിറങ്ങാൻ പ്രതിരോധ നേതാവ് അഹമ്മദ് ഷാ മസൂദ് ആഹ്വനം ചെയ്തതിന് പിന്നാലെയായിരുന്നു വിവിധയിടങ്ങളിൽ പ്രതിഷേധങ്ങളുണ്ടായത്.

മസൂദിന്റെ നാഷണൽ റസിസ്റ്റൻസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രതിരോധിച്ചുനിന്ന പഞ്ചശീറും ശക്തമായ പോരാട്ടത്തിന് ശേഷം താലിബാൻ തിങ്കളാഴ്ച്ച പിടിച്ചെടുത്തിരുന്നു. പിന്നീട് മസൂദ് പുറത്തുവിട്ട ശബ്ദസന്ദേശത്തിൽ താലിബാനെതിരെ ദേശീയതലത്തിൽ ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാകണമെന്നും പ്രതിരോധം തുടരണമെന്നും അദ്ദേഹം ആഹ്വനം ചെയ്‌തു. ‘ അഫ്‌ഗാനിൽ താലിബാൻ അടിച്ചേൽപ്പിക്കുന്ന അടിമത്തത്തിനും കീഴ്പ്പെടലിനുമെതിരെ നിങ്ങൾക്ക് കഴിയും വിധം പ്രതിരോധമുയർത്തുകയും ഉയർത്തെഴുന്നേൽക്കുകയും ചെയ്യണമെന്ന് സഹോദരീ സഹോദരന്മാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു,’ എന്നായിരുന്നു മസൂദിന്റെ ശബ്‌ദ സന്ദേശം. താലിബാൻ വിദേശ കൂലിപ്പടയാളികളെ ഉപയോഗിക്കുകയാണെന്നും ഒരു രാജ്യത്തെയും പേരെടുത്ത് പറയാതെ അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചശീർ കീഴടക്കാൻ താലിബാന് പാകിസ്ഥാൻ സേനയുടെ സഹായം ലഭിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായി അൽ അറബിയ ചാനൽ പറയുന്നു.

‘ദേശീയ ഉയിർത്തെഴുന്നേൽപ്പ്’ എന്ന വിശേഷണത്തോടെയാണ് പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. എന്നാൽ പ്രക്ഷോഭകാരികൾക്ക് നേരെ താലിബാൻ എന്ത് നിലപാടെടുത്തെന്നോ ആക്രമണങ്ങളുണ്ടായോ എന്നോ ഇതുവരെ വ്യക്തമല്ല.

കാബൂൾ കീഴടക്കി അഫ്‌ഗാന്റെ അധികാരം കൈക്കലാക്കിയതിന് ശേഷം മൂന്നാഴ്‌ച കഴിഞ്ഞാണ് പ്രതിരോധിച്ചുനിന്ന പഞ്ചശീർ പ്രവിശ്യയും താലിബാൻ ഏറ്റുമുട്ടലിലൂടെ തിങ്കളാഴ്ച് കൈക്കലാക്കുന്നത്. ഈ വിജയത്തോടെ രാജ്യം പൂർണമായും തങ്ങൾക്ക് കീഴിൽ വന്നെന്നും യുദ്ധം അവസാനിച്ചെന്നും താലിബാൻ വക്താവ് സൈബുള്ള മുജാഹിദ് പ്രഖ്യാപിച്ചു. എന്നാൽ പ്രതിരോധം തുടരുമെന്നാണ് പഞ്ചശീർ നേതാക്കൾ പറയുന്നത്. തങ്ങൾ പഞ്ചശീറിൽ തന്നെയാണുള്ളതെന്നും പോരാട്ടം തുടരുമെന്നും മസൂദ് ട്വിറ്ററിൽ കുറിച്ചപ്പോൾ താഴ്വരയിലെ തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും പ്രതിരോധ സേന നിലയുറപ്പിച്ചിട്ടുണ്ടെന്നും താലിബാനെതിരെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും മറ്റൊരു നേതാവ് അലി മൈസാം നാസറി ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.

മസൂദിന്റെ ബന്ധുക്കളടക്കം നിരവധി പ്രതിരോധ സേനാ അംഗങ്ങൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അറിയപ്പെടുന്ന മാധ്യമപ്രവർത്തകനും പ്രതിരോധ സേനാ വക്താവുമായ ഫഹീം ദശ്തി, ജനറൽ അബ്ദുൽ വുദൂദ് സാറ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന മുൻ വൈസ് പ്രസിഡണ്ട് അമറുള്ള സലെയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അദ്ദേഹം സുരക്ഷിതനാണെന്നും താജികിസ്താനിലേക്ക് രക്ഷപ്പെട്ടുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നിരവധി താലിബുകളെ തങ്ങൾ തടവിലാക്കിയെന്ന് പ്രതിരോധ സേനയും അവകാശപ്പെടുന്നു.

1980കളിൽ സോവിയറ്റ് സേനക്കെതിരെയും ശക്‌തമായ പ്രതിരോധം തീർത്ത പ്രദേശമായിരുന്നു പഞ്ചശീർ. അഹമ്മദ് ഷാ മസൂദിന്റെ പിതാവ് അഹമ്മദ് മസൂദായിരുന്നു അന്ന് പ്രധാന മുജാഹിദീൻ നേതാവ്. പേർഷ്യൻ ഭാഷ സംസാരിക്കുന്ന പഞ്ചശീറുകാർ അഫ്ഗാനിലെ പ്രബല പശ്‌തൂൺ വിഭാഗത്തിൽ പെട്ടവരല്ല. അതിനാൽ താലിബാന് കീഴിൽ വിവേചനം നേരിടുമെന്ന ഭയത്തിലുമാണ് താഴ്വരയിലുള്ളവർ.