‘ഞാന്‍ നല്ല അന്തസുള്ള നായരാണ് സാറെ’; ചന്ദ്രലേഖയിലെ അപ്പുക്കുട്ടന്റെ ഡയലോഗുമായി ‘കനകം കാമിനി കലഹം’

സിനിമകളിലെ രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കലും രാഷ്ട്രീയ ശരി തെറ്റുകള്‍ ചൂണ്ടിക്കാട്ടലും ചലച്ചിത്രാസ്വാദന ഗ്രൂപ്പുകളില്‍ പതിവാണ്. പഴയ സൂപ്പര്‍ ഹിറ്റ് സിനിമകളിലെ നായകന്മാരുടെ അന്നത്തെ തീപ്പൊരി ഡയലോഗുകളും കഥാപാത്രങ്ങളുടെ സ്ത്രീ വിരുദ്ധ സമീപനങ്ങളും സോഷ്യല്‍ മീഡിയ കാലമെത്തിയതുമുതല്‍ രൂക്ഷ വിമര്‍ശനങ്ങളേറ്റുവാങ്ങുന്നുണ്ട്. ടോക്‌സിക് മാസ്‌കുലിന്‍ ഹീറോകള്‍ ട്രോള്‍ മെറ്റീരിയലുകളായി മാറി. ദ കിങ്ങിലെ ജോസഫ് അലക്‌സ്, നരസിംഹത്തിലെ പൂവള്ളി ഇന്ദുചൂഡന്‍, വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായര്‍, സ്പിരിറ്റിലെ രഘുനന്ദന്‍, കസബയിലെ രാജന്‍ സക്കറിയ വരെ ഇങ്ങനെ ‘എയറില്‍ കയറിയ’ നായകന്‍മാരില്‍ ഉള്‍പ്പെടുന്നു. ‘പൊളിറ്റിക്കല്‍ കറക്റ്റനസ് അതിവായനകള്‍’ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തന്നെ ബാധിച്ചുതുടങ്ങിയെന്ന പരാതികളും കുറേക്കാലമായി ചര്‍ച്ചയാണ്.

ജാതി പ്രിവിലേജ് കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ തിരുകിക്കയറ്റിയെന്ന് ആരോപിക്കപ്പെടുന്ന പല സിനിമാ സന്ദര്‍ഭങ്ങളേയും ഡയലോഗുകളേയും പുതുതലമുറ സംവിധായകര്‍ നിഷ്‌കരുണം ട്രോളുന്ന പ്രവണതയും ‘ന്യൂ ജെന്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട സിനിമാ തരംഗത്തിനൊപ്പം ഉടലെടുത്തു. ഇതില്‍ ഒടുവിലത്തേതാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ എഴുതി സംവിധാനം ചെയ്ത ‘കനകം കാമിനി കലഹം’. പ്രിയദര്‍ശന്റെ ഏറ്റവും മികച്ച കോമഡി എന്റര്‍ടെയ്‌നറുകളിലൊന്നായ ചന്ദ്രലേഖയിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഒരു ഡയലോഗിനെ ‘കകക’ ട്രെയിലര്‍ നൈസായി ട്രോളുന്നുണ്ട്. ആശുപത്രിയില്‍ വെച്ച് സുകന്യയുടെ കഥാപാത്രത്തിന്റെ വസ്ത്രം മാറ്റുന്നതുമായി ബന്ധപ്പെട്ട കോമഡി രംഗം ചന്ദ്രലേഖയിലെ ഹൈലൈറ്റ് സീനുകളിലൊന്നാണ്. മോഹന്‍ ലാലിന്റെ അപ്പു നായരും ഇന്നസെന്റിന്റെ ഇരവിക്കുട്ടി പിള്ളയും തമ്മിലുള്ള സംഭാഷണത്തില്‍ ‘മാന്യത’യുടേയും അന്തസിന്റേയും അടിസ്ഥാനമായി ‘ജാതി നല്‍കുന്ന മൂല്യബോധം’ വരുന്നുണ്ട്. ഈ സംഭാഷണത്തിനും ‘കകക’ ട്രെയിലറിലെ ഒരു ഡയലോഗിനുള്ള സാമ്യമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.

ഇന്നസെന്റ്, മോഹന്‍ലാല്‍ (ചന്ദ്രലേഖ)

“അപ്പു നായര്‍: ഇപ്പോ മനസിലായോ പിള്ള മനസ്സില്‍ കള്ളമില്ലെന്ന്?

ഇരവിക്കുട്ടി പിള്ള: അതിന് നീ നായരല്ലേ?

അപ്പു നായര്‍: അതേടോ. നല്ല അന്തസുള്ള ഇല്ലത്തെ നായരാ. അല്ലെങ്കില്‍ കാണായിരുന്നു.

ഇരവിക്കുട്ടി പിള്ള: (ആത്മഗതം) അപ്പോ അത്ര വിഷമുള്ള ജാതിയല്ല.”

കനകം കാമിനി കലഹം ട്രെയിലറില്‍ ഹോട്ടലില്‍ കളവ് നടക്കുമ്പോള്‍ ജീവനക്കാരെ മാനേജരായ വിനയ് ഫോര്‍ട്ട് കഥാപാത്രം നിരത്തി നിര്‍ത്തി ചോദ്യം ചെയ്യുന്ന രംഗമുണ്ട്. സംശയിക്കപ്പെടുന്ന ജീവനക്കാരില്‍ ഒരാള്‍ താന്‍ മോഷണം നടത്തുന്ന ആളല്ലെന്ന് സ്ഥാപിക്കാന്‍ ജാതിയെ ആണ് കൂട്ട് പിടിക്കുന്നത്. ‘ഞാന്‍ നല്ല അന്തസുള്ള നായരാണ് സാറെ. ഞാന്‍ എടുത്തിട്ടില്ല’ എന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം. ‘പ്രിയദര്‍ശന്റെ ഫേവറിറ്റ് എന്‍ വേഡ്’നുള്ള ട്രോളാണിതെന്ന് ചൂണ്ടിക്കാട്ടി ട്രെയ്‌ലറിന് കീഴെ കമന്റുകളെത്തി.

നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സുധീഷ്, വിന്‍സി അലോഷ്യസ്, ജോയ് മാത്യു, രാജേഷ് മാധവന്‍, സുധീര്‍ പരവൂര്‍ എന്നിവര്‍ അണി നിരക്കുന്ന ‘കകക’യുടെ ട്രെയിലര്‍ ത്രൂ ഔട്ട് കോമഡി എന്റര്‍ടെയ്‌നര്‍ സൂചനകളാണ് നല്‍കുന്നത്. നവംബര്‍ 12ന് ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലൂടെയാണ് റിലീസ്.