ഗോരഖ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളിലേക്കും റാലികളിലേക്കും കടന്നിരിക്കുകയാണ് യു.പിയിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍. ഇത്തരത്തില്‍ ഒരു റാലിക്കിടെ പ്രിയങ്കാഗാന്ധി ജനങ്ങളോട് ഏറ്റുവിളിക്കാന് ആവശ്യപ്പെട്ട ഒരു വാചകം തെരഞ്ഞെടുപ്പ് മുദ്രാവാക്യമായി സ്വീകരിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. റാലി്ക്ക് ശേഷം നടത്തിയ പൊതുസസമ്മേളനത്തിനിടെ ‘ഞാന്‍ സ്ത്രീയാണ്, എനിക്ക് പോരാടാന്‍ കഴിയും’, എന്ന വാചകമാണ് പ്രിയങ്ക തടിച്ചുകൂടിയ ജനങ്ങളോട് ഏറ്റുപറയാന്‍ ആവശ്യപ്പെട്ടത്.
യു.പിയില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ കാതലാക്കി ഈ മുദ്രാവാക്യത്തെ മാറ്റാണ് കോണ്‍ഗ്രസ് നീക്കം. ദീര്‍ഘകാലമായി പാര്ശ്വവത്കരിക്കപ്പെട്ടുകിടക്കുന്നതും എന്നാല്‍, ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നതുമായ സ്ത്രീ വോട്ടര്‍മാരിലേക്ക് പ്രിയങ്കയുടെ മുദ്രാവാക്യം തൊടുത്തുവിട്ട് പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
രാജ്യമൊട്ടാകെയും യു.പിയില്‍ പ്രത്യേകിച്ചും സ്ത്രീകള്‍ക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് സ്ത്രീകളോട് ഒരു മാറ്റം സാധ്യമാണെന്ന് പ്രിയങ്ക ആഹ്വാനം ചെയ്തത്. ‘സ്ത്രീകളോട് എനിക്ക് പറയാനുള്ളത് ഞാന്‍ അവര്‍ക്കുവേണ്ടി പോരാടും എന്നാണ്’, യോഗി ആദിത്യനാഥിന്റെ ഉരുക്കുകോട്ടയായ ഗോരഖ്പൂരിലെ റാലിക്കിടെ പ്രിയങ്ക പറഞ്ഞതിങ്ങനെ.

കൊവിഡ് മഹാമാരി കൈകാര്യം ചെയ്തതിലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ചെറുക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയായിരുന്നു ഈ പ്രസംഗം. കോണ്‍ഗ്രസിന്റെ ഗോരഖ്പൂര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലുമധികം സ്ത്രീകള്‍ ഇരച്ചെത്തിയിരുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ജനങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ തങ്ങള്‍ മുന്നിലുള്ള ഏക പ്രതീക്ഷയായാണ് കോണ്‍ഗ്രസിനെ കാണുന്നത്. സ്ത്രീകളുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കാന്‍ അവര്‍ക്കൊപ്പമാണ് ഈ പാര്‍ട്ടി നിലകൊള്ളുന്നത്’, റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരിലൊരാളുടെ പ്രതികരണമിങ്ങനെ.

സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിലായി 40 ശതമാനം സീറ്റ് സ്ത്രീകള്‍ക്ക് നല്‍കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്ത്രീകളെ ഉദ്ദേശിച്ചുള്ള പ്രത്യേക മെമ്പര്‍ഷിപ്പ് ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിനികള്‍ക്ക് സ്മാര്‍ട്ട്ഫോണുകളും ഇലക്ട്രിക് സ്കൂട്ടറുകളും, ഒരു വര്‍ഷം ഒരു കുടുംബത്തിന് മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍, ലിംഗ അടിസ്ഥാനത്തിലുള്ള ജോലി സംവരണം തുടങ്ങിയവയും കോണ്‍ഗ്രസ് വാഗ്ദാനത്തിലുണ്ട്. ‘പെണ്ണാണ് പോരാടാന്‍ കഴിയും’ എന്ന മുദ്രാവാക്യം യു.പിയില്‍ ഫലപ്രദമായാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും.
ഇന്ത്യയിലുടനീളം സ്ത്രീ വോട്ടര്‍മാരുടെ അനുപാതം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ചില സംസ്ഥാനങ്ങളില്‍ പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീ വോട്ടര്മാരുണ്ടെന്നുമാണ് ഡല്‍ഹി സിഎസ്ഡിഎസ് തിങ്ക്-ടാങ്കിലെ വിദഗ്ദന് പ്രവീണ്‍ റായ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പറയുന്നത്. ഇത് കോണ്‍ഗ്രസിനുള്ള വോട്ടായി മാറുമോ എന്ന് പ്രവചിക്കാനാവില്ലെങ്കിലും പാര്‍ട്ടിക്ക് തിരിച്ചുവരാനും രാഷ്ട്രീയ ഇടം നേടാനുമുള്ള സുവര്‍ണാവസരമായി ഈ പ്രതിഭാസത്തെ കാണാമെന്നും പ്രവീണ്‍ റായ് അഭിപ്രായപ്പെടുന്നു. ബംഗാളില്‍ മമതാ ബാനര്‍ജിയും ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളും ചെയ്തതുപോലെ സ്ത്രീകളെ ലക്ഷ്യമിട്ട് പ്രിയങ്കയും കോണ്‍ഗ്രസും നീങ്ങിയാല്‍ ഈ അവസരം യു.പിയിലേക്കുള്ള കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കളമൊരുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
എന്നിരുന്നാലും, യു.പിയില്‍ കോണ്‍ഗ്രസിന് കടക്കാന്‍ കടമ്പകളേറെയാണ്. പാര്‍ട്ടിയുടെ അടിത്തട്ടുമുതല്‍ വ്യാപിച്ചുകിടക്കുന്ന ആഭ്യന്തര കലഹമാണ് അതില്‍ പ്രധാനം. പ്രിയങ്കയടക്കമുള്ള നേതാക്കള്‍ അടിത്തട്ടിലെ പ്രവര്‍ത്തകരെ തഴയുന്നു എന്ന ആരോപണം നേരത്തെമുതല്‍ ഉയര്‍ന്നിരുന്നു. സംസ്ഥാനനേതാക്കള്‍ മുഖസ്തുതിക്കാരെ മാത്രമേ പരിഗണിക്കുന്നുള്ളൂ എന്നും അതുകൊണ്ടുതന്നെ കോണ്‍ഗ്രസില്‍ അത്തരക്കാര്‍ കൂടി വരികയാണെന്നും പറഞ്ഞത് ഈയടുത്ത് പാര്‍ട്ടി വിട്ട റാണ രാഹുല്‍ സിങാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു റാണ.
ഇക്കുറി യു.പിയില്‍ ബിജെപിയുടെ വിജയം എളുപ്പമായിരിക്കുമെന്ന് പ്രവചിച്ച സി വോട്ടര്‍ സര്‍വ്വെയും കോണ്‍ഗ്രസിന് മുകളില്‍ ഡെമോക്ലീസിന്റെ വാളുപോലെ തൂങ്ങിക്കിടക്കുന്നുണ്ടെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. 403ല്‍ 240 സീറ്റിലും ബിജെപി വിജയമുറപ്പാണെന്നാണ് സര്‍വ്വെ പ്രവചനം. മൂന്നു മുതല്‍ ഏഴു സീറ്റുവരെയാവും കോണ്‍ഗ്രസിന് നേടാനാവുകയെന്നും സീവോട്ടര്‍ പറഞ്ഞു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 312 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ മത്സരിച്ച 114 സീറ്റുകളില്‍ ഏഴിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപിക്കുമെതിരെ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്ന ലിറ്റ്മസ് ടെസ്റ്റായാണ് യു.പി നിയമസഭാ തെരഞ്ഞെടുപ്പ് കണക്കാക്കപ്പെടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച, ശക്തവും ആധുനികവുമായ രാജ്യനിര്‍മ്മിതി തുടങ്ങിയ വാഗ്ദാനങ്ങളുമായിട്ടായിരുന്നു 2014ല്‍ മോഡി സര്‍ക്കാര്‍ ആദ്യം അധികാരത്തിലേറിയത്. 2019ല്‍ വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ച് വിജയമുറപ്പിക്കുകയും ചെയ്തു. നേതൃത്വതലത്തിലെ അപചയങ്ങള്‍ മൂലം കോണ്‍ഗ്രസ് തകര്ച്ചകള് നേരിട്ടയിടത്തേക്കായിരുന്നു മോഡിയുടെ കടന്നുവരവും വിജയവും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുല്‍ഗാന്ധി ഔദ്യോഗിക ചുമതലയില്‍നിന്നും പടിയിറങ്ങിയതും തകര്‍ച്ചയ്ക്ക് ആക്കംകൂട്ടി. തിരിച്ചടികള്‍ക്കൊടുവില്‍ മികച്ച തിരിച്ചുവരവ് നടത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.