‘ഞാന്‍ കൂറ് മാറുന്നവന്‍ അല്ല’; എന്ത് തടസമുണ്ടായാലും മനസാക്ഷിയുടെ കോടതിയില്‍ തലയുയര്‍ത്തി നില്‍ക്കുമെന്ന് കുഞ്ചാക്കോ ബോബന്‍

കൂറ് മാറാത്തവനായി എന്നും ഉറച്ചുനില്‍ക്കുമെന്ന് കുഞ്ചാക്കോ ബോബന്‍. നിലപാട് എടുക്കുമ്പോള്‍ പിന്നീട് എന്തൊക്കെ സംഭവിക്കും എന്നതിനേക്കുറിച്ച് കൂടുതല്‍ ആലോചിക്കില്ലെന്ന് നടന്‍ പറഞ്ഞു. എന്തൊക്കെ തടസങ്ങളുണ്ടായാലും ആത്യന്തികമായി സത്യം ജയിക്കും. മനസാക്ഷിയുടെ കോടതിയില്‍ തലയുയര്‍ത്തി നടക്കാം എന്നതിനായിരിക്കും മൂല്യം കല്‍പിക്കുകയെന്നും കുഞ്ചാക്കോ ബോബന്‍ ന്യൂസ്‌റപ്റ്റ് അഭിമുഖത്തില്‍ പറഞ്ഞു. നായാട്ടിലെ പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രത്തേപ്പോലെ ജീവിതത്തിലും താങ്കള്‍ കൂറുമാറത്ത ആളല്ലേ എന്ന ചോദ്യത്തിന് നടന്റെ മറുപടി ഇങ്ങനെ.

‘കൂറ് മാറാത്ത ഒരാളായിട്ടാണ് എനിക്ക് എന്നെത്തന്നെ തോന്നിയിട്ടുള്ളത്. കൂറ് മാറാതിരുന്നാല്‍ പ്രതികൂലമായി എന്തൊക്കെ സംഭവിക്കും എന്നതിനേക്കുറിച്ച് ഞാന്‍ കൂടുതല്‍ ആലോചിച്ചിട്ടില്ല. ആ സമയത്ത് മനസാക്ഷിയോടാണ് ഞാന്‍ കൂറ് പുലര്‍ത്താറുള്ളത്. മനസാക്ഷിയുടെ കോടതിയില്‍ നമുക്കെന്താണ് ബോധിപ്പിക്കാനുള്ളത്, അത് ശരിയാണെങ്കില്‍ ഞാന്‍ അത് ചെയ്യും. ആ രീതിയില്‍ എന്തൊക്കെ തടസങ്ങളുണ്ടായാലും ആത്യന്തികമായി സത്യം ജയിക്കും. അല്ലെങ്കില്‍ മനസാക്ഷിയുടെ കോടതിയില്‍ തലയുയര്‍ത്തി നടക്കാം എന്നതിനായിരിക്കും മറ്റെന്തിനേക്കാളും കൂടുതല്‍ മൂല്യം കല്‍പിക്കുക.’

നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ സാക്ഷിയാണ് കുഞ്ചാക്കോ ബോബന്‍. എട്ടാം പ്രതിയായ നടന്‍ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടുള്ള മുന്‍വൈരാഗ്യം തെളിയിക്കുന്നതിന്റെ ഭാഗമായി കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുള്ളവരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചിരുന്നു. ഇടവേള ബാബു, സിദ്ദിഖ്, ഭാമ എന്നിവര്‍ മൊഴി മാറ്റിപ്പറഞ്ഞ് കൂറുമാറിയത് വലിയ വിവാദത്തിന് വഴിവെച്ചു. കുഞ്ചാക്കോ ബോബന്‍ മൊഴിയില്‍ ഉറച്ചുനിന്നു. പൊലീസിന് നല്‍കിയ മൊഴി തന്നെയാണ് കുഞ്ചാക്കോ ബോബന്‍ കോടതിയിലും ആവര്‍ത്തിച്ചത്.

അഭിമുഖത്തിന്റെ പൂര്‍ണ രൂപം ഇവിടെ വായിക്കാം

കു‍ഞ്ചാക്കോ ബോബൻ പൊലീസിന് നേരത്തെ നൽകിയ മൊഴി

“കഴിഞ്ഞ 20 വര്‍ഷമായി മലയാള സിനിമയിലുണ്ട്. സിനിമ നിര്‍മ്മാണവും ചെയ്യുന്നു. നടന്‍ ദിലീപ് സുഹൃത്താണ്. ദിലീപ് സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുളള വ്യക്തിയും സിനിമ സംഘടനകളുടെ തലപ്പത്തുളള വ്യകതിയുമാണ്. അമ്മയുടെ ട്രഷറര്‍ ആയിരുന്ന എന്നെ മാറ്റിയാണ് ദിലീപ് ട്രഷറര്‍ ആയിരുന്നത്. അത് അപ്രതീക്ഷിതമായിരുന്നു. ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ ഏറെക്കാലത്തിന് ശേഷം തിരിച്ചുവന്ന ഹൗ ഓള്‍ഡ് ആര്‍യു എന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്‍. മോഹന്‍ലാല്‍ നായകനാകുന്ന സിനിമയിലൂടെയാണ് മഞ്ജുവാര്യര്‍ തിരികെ വരുന്നതെന്നായിരുന്നു ആദ്യം പറഞ്ഞുകേട്ടത്, എന്നാല്‍ എന്തോ കാരണത്താല്‍ അത് നടന്നില്ല. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൗ ഓള്‍ഡ് ആര്‍ യു. തന്റെ സിനിമയിലെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. താന്‍ അതില്‍ അഭിപ്രായം പറയാറില്ല.

ആ സിനിമ കമ്മിറ്റ് ചെയ്തതിന് ശേഷം ഒരു ദിവസം രാത്രി ദിലീപ് വൈകി വിളിച്ചിരുന്നു. അന്ന് ഈ സിനിമയെപ്പറ്റിയുളള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ആ സിനിമയില്‍ താന്‍ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയില്‍ സംസാരിച്ചു. പക്ഷേ നേരിട്ട് അക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. അതിനുളള മറുപടിയായി ദിലീപിനോട് താന്‍ ഡേറ്റ് കൊടുത്തത് റോഷന്‍ ആന്‍ഡ്രൂസിനാണ്, മഞ്ജുവാര്യരുടെ പടം എന്ന് ഉദ്ദേശിച്ചല്ലാ എന്ന് പറയുകയും ചെയ്തു. എന്നാല്‍ ഞാന്‍ അഭിനയിക്കരുത് എന്ന് നിങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ എത്തിക്‌സ് അല്ലെങ്കിലും സൗഹൃദത്തിന്റെ പുറത്ത് മാറാം. പക്ഷേ നിങ്ങള്‍ ആവശ്യപ്പെടണമെന്ന് പറഞ്ഞു. എന്നാല്‍ ദിലീപ് ആവശ്യപ്പെടാന്‍ തയ്യാറായില്ല, പിന്നെയും ഒരു മണിക്കൂറോളം ദിലീപ് തന്നോട് സംസാരിച്ചിരുന്നു. പുളളിയുടെ സംസാരത്തില്‍ നിന്നും താന്‍ സ്വയം പിന്മാറണമെന്നാണ് ഉദ്ദേശിച്ചത് എന്ന് തീര്‍ച്ചയാണ്. കസിന്‍സ് എന്ന സിനിമയില്‍ നിന്നും നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞുകേട്ടിട്ടുണ്ട്.”

Also Read: ‘പേടിയുള്ളവരാണ് സ്ത്രീകള്‍ക്ക് ഇടം നിഷേധിക്കുന്നത്, സ്ത്രീകളെ അംഗീകരിക്കുന്നതാണ് ആണത്തം’; കുഞ്ചാക്കോ ബോബന്‍ അഭിമുഖം

കേസില്‍ എട്ടാം പ്രതിയായ ദിലീപ് തന്റെ സിനിമാ അവസരങ്ങള്‍ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ഇടവേള ബാബുവിന്റെ ആദ്യമൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നെന്നും മൊഴിയിലുണ്ടായിരുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പരിപാടിക്ക് വേണ്ടി കൊച്ചിയില്‍ നടന്ന റിഹേഴ്‌സല്‍ ക്യാംപില്‍ വെച്ച് നടിയോട് ദിലീപ് മോശമായി പെരുമാറിയ സംഭവവും ഇടവേള ബാബു അന്വേഷണ സംഘത്തോട് പരാമര്‍ശിച്ചിരുന്നു. പിന്നീട് കൊച്ചിയിലെ പ്രത്യേക കോടതിയിലെ വിസ്താരത്തിനിടെ ഇടവേള ബാബു ഇത് തള്ളിപ്പറഞ്ഞു. ‘ഓര്‍മ്മയില്ല’ എന്നായിരുന്നു അമ്മ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ പ്രതികരണം.