‘ഫാസിസ്റ്റ് നയങ്ങളില്‍ പൊറുതിമുട്ടുന്ന ശരാശരി ഭാരതീയന്‍’; ജോജുവിനെ ചോദ്യം ചെയ്ത സമരക്കാരനാണ് തന്റെ പ്രതിനിധിയെന്ന് ആലപ്പി അഷ്‌റഫ്

ഇന്ധന വിലവര്‍ധനയ്‌ക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ്. സമരത്തെ എതിര്‍ക്കുന്നത് നിങ്ങളുടെ കൈയ്യില്‍ കാശുള്ളതുകൊണ്ടാണെന്ന് ജോജുവിനോട് പറഞ്ഞ സമരക്കാരനെ പിന്തുണയ്ക്കുകയാണെന്ന് അഷ്‌റഫ് പറഞ്ഞു. ജോജുവിന്റെ നേരേ ചോദ്യമുയര്‍ത്തിയ ആ മനുഷ്യനാണ് തന്റെ പ്രതിനിധി. ഫാസിസ്റ്റ് നയങ്ങളില്‍ പെറുതിമുട്ടുന്ന ശരാശരി ഭാരതീയന്റെ പ്രതിനിധിയാണ് അയാളെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി.

ഒരു പക്ഷേ, ഒരു കാലി ചായ പോലും കുടിക്കാനാവാതെ ഒഴിഞ്ഞ വയറുമായ് സമരമുഖത്തെത്തിയ ആ വ്യക്തിയെ നമുക്കെങ്ങനെ തള്ളി പറയാനാകും?

ആലപ്പി അഷ്‌റഫ്

ആ പാവത്തിന് മുന്നില്‍ മുണ്ട് തെറുത്തു കുത്തി, അതേടാ ഞാന്‍ കാശുള്ളവനാണന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കില്‍ തനിക്ക് ഒന്നും പറയാനില്ല. പണമുണ്ടങ്കില്‍ മാസ്‌കും ധരിക്കേണ്ട എന്നുണ്ടോയെന്നും സംവിധായകന്‍ ചോദിച്ചു. അരാഷ്ട്രീയവാദം ആപത്താണെന്ന് മറക്കരുത്. ആര്‍ടിഒ ഓഫീസില്‍ കയറി ഭീഷണി മുഴക്കി കേരളം കത്തിക്കുമെന്നു പറഞ്ഞ ലക്ഷക്കണക്കിന് ഫാന്‍സ് പിന്‍ബലമുള്ള ബ്ലോഗര്‍മാരുടെ ആരാധനക്കൂട്ടം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടിയത് നാം കണ്ടതാണ്.

നൂറുകോടിക്ക് മേല്‍ പ്രതിഫലം വാങ്ങുന്ന തമിഴ്നടന്‍ വിജയ്‌യെ കണ്ടു പഠിക്കണമെന്നും ആലപ്പി അഷ്‌റഫ് അഭിപ്രായപ്പെട്ടു. അദ്ദേഹം പെട്രോള്‍ വില വര്‍ധനവിനെതിരെ സൈക്കിളില്‍ നടത്തിയ പ്രതിഷേധ യാത്ര ആ നടന് സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത അടയാളപ്പെടുത്തുകയായിരുന്നു. ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊറുതിമുട്ടുന്ന ജനം പ്രതിഷേധിക്കുമ്പോള്‍ അവരുടെ മുഖത്തേക്ക് ദയവായി കര്‍ക്കിച്ച് തുപ്പരുതെന്നും ആലപ്പി അഷ്‌റഫ് ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ പാതാ ഉപരോധിച്ചതിനും ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ചില്ലു തകര്‍ത്തതിനും കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസം ജോസഫ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. വൈറ്റിലയിലെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ജോസഫിനെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ജോസഫിന്റെ കൈക്ക് പറ്റിയ പരുക്ക് വാഹനത്തിന്റെ ചില്ല് തകര്‍ക്കുന്നതിനിടെ സംഭവിച്ചതാണെന്നാണ് പൊലീസ് ഭാഷ്യം. 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ റോഡ് ഉപരോധിച്ചതിന് കേസെടുത്തിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി.