‘ബഹുമാനിക്കപ്പെടാന്‍ ഞാനിനി എന്തുവേണം?’; സ്വന്തം നാട്ടുകാരുടെ കുറ്റപ്പെടുത്തല്‍ പതിവായെന്ന് നെയ്മര്‍

ബ്രസീല്‍ ആരാധകരോടും മാധ്യമങ്ങളോടും പരിഭവം പ്രകടിപ്പിച്ച് നെയ്മര്‍. അര്‍ഹിക്കുന്ന ആദരവ് തനിക്ക് കിട്ടുന്നില്ലെന്ന് നെയ്മര്‍ പറഞ്ഞു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലിന്റെ ടോപ് സ്‌കോറര്‍ ആയതിന് പിന്നാലെയാണ് സൂപ്പര്‍താരത്തിന്റെ പ്രതികരണം. പെറുവിനെതിരെയുള്ള മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീല്‍ ജയിച്ചത്. പിഎസ്ജി താരം ഒരു ഗോളിടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്തു. യോഗ്യതാ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടാനായതിലും ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കാനായതിലും സന്തോഷമുണ്ടെന്ന് നെയ്മര്‍ പറഞ്ഞു. എല്ലാം ഭംഗിയായി മുന്നോട്ടുപോകുകയാണെങ്കില്‍ ബ്രസീലിന്റെ എക്കാലത്തേയും വലിയ ടോപ് സ്‌കോറര്‍ ആയ പെലെയെ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും താരം ടിവി ഗ്ലോബോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.

എനിക്ക് അര്‍ഹിക്കുന്ന അദരവ് നല്‍കാന്‍ ഇനിയുമെന്താണ് ആളുകള്‍ക്ക് ചെയ്തുകൊടുക്കേണ്ടതെന്ന് എനിക്കറിയില്ല. ഇതൊരു പതിവായിരിക്കുന്നു. കുറേ നാളുകളായി. റിപ്പോര്‍ട്ടര്‍മാര്‍, കമന്റേറ്റര്‍മാര്‍, മറ്റുവള്ളരുമെല്ലാം…

നെയ്മര്‍

ചില സമയങ്ങളില്‍ അഭിമുഖങ്ങളില്‍ സംസാരിക്കേണ്ടെന്ന് തോന്നിപ്പോകും. പക്ഷെ, അത് ഞാന്‍ മുഖം കാണിക്കേണ്ട അത്യാവശ്യ സന്ദര്‍ഭമായിരിക്കും. ഇതിനേക്കുറിച്ച് ചിന്തിക്കേണ്ടവര്‍ക്ക് താനീ വിഷയം വിട്ടുകൊടുക്കുകയാണെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇറങ്ങിയ നെയ്മറിന് തടി കൂടിയതായി വിമര്‍ശനമുണ്ടായിരുന്നു. ചിലിയെ ബ്രസീല്‍ ഒരു ഗോളിന് തോല്‍പിച്ച മത്സരത്തില്‍ അണിഞ്ഞ ജേഴ്‌സിയുടെ വലുപ്പം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ശരീരത്തില്‍ കൊഴുപ്പടിയുകയാണെന്നും നെയ്മറിന് കളിയില്‍ ശ്രദ്ധ കുറഞ്ഞെന്നും കുറ്റപ്പെടുത്തലുകളുണ്ടായി. തനിക്ക് ശരീരഭാരം കൂടിയിട്ടില്ലെന്നായിരുന്നു നെയ്മറുടെ പ്രതികരണം. ചിലിയുമായുള്ള മത്സരത്തില്‍ അണിഞ്ഞത് ലാര്‍ജ് സൈസിലുള്ള ജേഴ്‌സിയാണ്. ഞാനിപ്പോള്‍ ശരിയായ ഭാരത്തിലാണ്. അടുത്ത കളിക്ക് വേണ്ടി ഒരു മീഡിയം സൈസ് ജേഴ്‌സി ഓര്‍ഡര്‍ ചെയ്യുമെന്നും നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പെറുവുമായുള്ള മത്സരത്തിനിടെ ജേഴ്‌സി ഉയര്‍ത്തി അബ്‌സ് കാണിക്കുന്ന ചിത്രം നെയ്മര്‍ ഏറ്റവുമൊടുവിലായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

29കാരനായ ഫോര്‍വേഡ് ഇതിനോടകം കാനറി ജേഴ്‌സിയില്‍ 69 ഗോളുകള്‍ സ്വന്തമാക്കി കഴിഞ്ഞു. ഇതിഹാസ താരമായ പെലെയാണ് ബ്രസീലിന്റെ എക്കാലത്തേയും വലിയ ടോപ് സ്‌കോറര്‍. 77 ഗോളുകളാണ് പെലെ ബ്രസീലിയന്‍ കരിയറില്‍ നേടിയത്. ഒമ്പത് ഗോളുകള്‍ കൂടി നേടിയാല്‍ നെയ്മര്‍ പെലെയെ മറികടക്കും. പെറുവുമായുള്ള മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് കണ്ടതിനേത്തുടര്‍ന്ന് അടുത്ത ലോകകപ്പ് യോഗ്യതാ മത്സരം നെയ്മര്‍ക്ക് നഷ്ടമായി. ഒക്ടോബര്‍ ഏഴിന് വെനസ്വലേയുമായുള്ള കളിയില്‍ പത്താം നമ്പര്‍ താരമില്ലാതെയാകും ടിറ്റേയുടെ സംഘമിറങ്ങുക. മൂന്ന് ദിവസം കഴിഞ്ഞ് ബ്രസീല്‍ കൊളംബിയയെ നേരിടുമ്പോള്‍ നെയ്മറിന് മൈതാനത്തിറങ്ങാം.