‘രാഷ്ട്രീയവല്‍കരിക്കപ്പെട്ട ഒരു മതം എനിക്ക് വേണ്ട’; താലിബാനെ ആഘോഷിക്കുന്ന ഇന്ത്യയിലെ ചില മുസ്ലീം വിഭാഗങ്ങള്‍ ആഗ്രഹിക്കുന്നത് കിരാത ജീവിതമോയെന്ന് നസീറുദ്ദീന്‍ ഷാ

അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതില്‍ സന്തോഷം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷാ. ഇന്ത്യയിലെ ചില മുസ്ലീം വിഭാഗങ്ങള്‍ താലിബാന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണെന്നും ഇത് അപകടകരമാണെന്നും നടന്‍ ചൂണ്ടിക്കാട്ടി. താലിബാന്‍ അഫ്ഗാന്റെ അധികാരത്തില്‍ തിരിച്ചെത്തിയത് ലോകത്തിന്റെയാകെ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഈ കിരാതന്‍മാരെ ഇന്ത്യയിലെ ചില മുസ്ലീം വിഭാഗങ്ങള്‍ ആഘോഷിക്കുന്നത് അതേ പോലെ അപകടകരമാണെന്നും ഷാ ഉറുദു ഭാഷയിലുള്ള വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഞാനൊരു ഇന്ത്യന്‍ മുസ്ലീമാണ്. മിര്‍സാ ഗാലിബ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞതുപോലെ, ദൈവവുമായുള്ള എന്റെ ബന്ധം അനൗപചാരികമാണ്. രാഷ്ട്രീയവല്‍കരിക്കപ്പെട്ട ഒരു മതം എനിക്ക് വേണ്ട.

നസീറുദ്ദീന്‍ ഷാ

താലിബാന്റെ തിരിച്ചുവരവ് ആഘോഷിക്കുന്നവര്‍ സ്വയം ചോദ്യം ചെയ്യലിന് വിധേയരാകണമെന്നും 71കാരനായ നടന്‍ പറഞ്ഞു. മതത്തെ നവീകരിക്കുകയാണോ അതോ പഴയ അപരിഷ്‌കൃത ജീവിതം നയിക്കുകയാണോ വേണ്ടതെന്ന് അവര്‍ സ്വയം ചോദിക്കണം. ‘ഹിന്ദുസ്ഥാനി ഇസ്ലാം’ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവയോട് എല്ലായ്‌പ്പോഴും വേറിട്ട് നിന്നിരുന്നു. ആ വ്യത്യാസം തിരിച്ചറിയാന്‍ പറ്റാത്ത ഒരു കാലത്തേക്ക് ദൈവം നമ്മെ കൊണ്ടുപോകാതെയിരിക്കട്ടെ എന്നും ദേശീയ പുരസ്‌കാര ജേതാവ് കൂട്ടിച്ചേര്‍ത്തു. ഷായുടെ വീഡിയോ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. നിരവധി സെലിബ്രിറ്റികള്‍ മുതിര്‍ന്ന നടന്റെ പ്രതികരണം ട്വീറ്റ് ചെയ്തു.

ഓഗസ്റ്റ് 15നാണ് തലസ്ഥാന നഗരമായ കാബൂളില്‍ കടന്നുകയറി അഫ്ഗാനിസ്താന്റെ അധികാരം താലിബാന്‍ പിടിച്ചെടുത്തത്. രാജ്യമൊട്ടാകെ നടത്തിയ സായുധ ക്യാംപെയ്‌ന് ഇടയില്‍ തന്നെ കലാകാരന്‍മാരേയും വനിതാ ആക്ടിവിസ്റ്റുകളേയും മാധ്യമപ്രവര്‍ത്തകരേയും താലിബാന്‍ കൊലപ്പെടുത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സര്‍വ്വകലാശാലകളിലും കോളേജുകളിലും ആണ്‍-പെണ്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരുന്ന് പഠിക്കേണ്ടെന്നാണ് താലിബാന്‍ ഇറക്കിയ ആദ്യ ഫത്വ. താലിബാന്‍ വക്താവുമായി അഭിമുഖം നടത്തിയ ടോളോ ന്യൂസ് മാധ്യമപ്രവര്‍ത്തകയ്ക്ക് രാജ്യം വിടേണ്ടി വന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. അഫ്ഗാന്‍ നാടോടി ഗായകന്‍ ഫവാസ് അന്ദരാബിയെ കഴിഞ്ഞ ദിവസം താലിബാന്‍ സംഘം വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തിയത് വാര്‍ത്തയായിരുന്നു.

ഓഗസ്റ്റ് 31ന് അവസാന യുഎസ് സൈനികനും കാബൂള്‍ വിമാനത്താവളം വിട്ടതോടെ അമേരിക്കയുടെ പിന്മാറ്റം പൂര്‍ത്തിയായി. വരും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ സര്‍ക്കാരും മന്ത്രിസഭയും രൂപീകരിക്കാനുള്ള അന്തിമ ചര്‍ച്ചകളിലാണ് താലിബാന്‍. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ താലിബാന്‍ മുന്‍പത്തേപ്പോലെ യാഥാസ്ഥിതിക മത നിയമങ്ങളും സ്ത്രീവിരുദ്ധനയവും അടിച്ചേല്‍പിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് അഫ്ഗാന്‍ ജനതയും ലോകവും.

Also Read: അകുൻസാദ തലപ്പത്ത്, ദൈനംദിന ചുമതല അബ്ദുൽ ഗനി ബറാദറിന്; അഫ്‌ഗാനിൽ ഗവൺമെന്റ് പ്രഖ്യാപനം ഉടൻ

വിവിധ കക്ഷികളുമായി ദിവസങ്ങളായി നടന്നുവരുന്ന ചര്‍ച്ചകള്‍ അഭിപ്രായ ഐക്യത്തിലെത്തിയെന്നും താലിബാന്റെ പരമോന്നത ആത്മീയ നേതാവ് ഹൈബത്തുള്ള അകുന്‍സാദയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനമായെന്നും താലിബാന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മുല്ല അബ്ദുല്‍ ഗനി ബറാദറിനായിരിക്കും സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല. താലിബാന്‍ സഹ-സ്ഥാപകനും രാഷ്ട്രീയകാര്യ നേതാവുമാണ് ബറാദര്‍. ഇരുപത് വര്‍ഷം നീണ്ട അമേരിക്കന്‍ ഇടപെടല്‍ ഉള്‍പ്പടെ 40 വര്‍ഷത്തെ സഘര്‍ഷങ്ങളും സൈനിക നടപടികളും ഞൊടിയിടയിലുള്ള നാറ്റോ പിന്മാറ്റവും ആഭ്യന്തര പ്രശ്‌നങ്ങളും മൂലം രാജ്യത്തെ സാമ്പത്തികരംഗം അങ്ങേയറ്റം തകര്‍ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ എത്രയും വേഗം സര്‍ക്കാര്‍ പ്രഖ്യാപനത്തിലേക്ക് കടക്കാനാണ് താലിബാന്റെ പദ്ധതി.