തുടർച്ചയായി സിനിമകൾ ചെയ്യണമെന്ന ചിന്ത ഇല്ല: നിവിൻ പോളി

തുടർച്ചയായി സിനിമകൾ ചെയ്യണം എന്ന ചിന്തയിലേക്ക് താൻ ഇതുവരെ എത്തിയിട്ടില്ലെന്നും മനസിന് തൃപ്തിയുള്ള സിനിമകൾ ചെയ്യാനാണ് ആഗ്രഹമെന്നും നിവിൻ പോളി. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നിവിൻ ഇക്കാര്യം പറഞ്ഞത്. പെട്ടെന്ന് തന്നെ അടുത്ത സിനിമ ചെയ്യണമെന്ന് താൻ ചിന്തിക്കാറില്ലെന്നും നിവിൻ പറഞ്ഞു.

“എന്നോട് കഥ പറയുന്നവരോട് ഞാൻ എന്റെ സജഷൻ പറയാറുണ്ട്. കഥയെഴുത്ത് എളുപ്പമുള്ള പണിയല്ല. പക്ഷെ അവർ എഴുതുന്ന കഥകൾ ശരിയാണെന്ന വിശ്വാസത്തിലാണ് നമ്മുടെ അടുത്ത് വരിക. അതിൽ സംശയം ഉണ്ടാകുമ്പോൾ ഞാൻ ചോദിക്കും, എന്റെ സജഷൻസ് പറയും. അങ്ങനെ എനിക്ക് ഓക്കെ ആണെന്ന് തോന്നുന്ന സിനിമകൾ മാത്രമേ ഞാൻ ചെയ്യാറുള്ളൂ.”

പ്രേക്ഷകർക്ക് സിനിമ ഇഷ്ടപ്പെടണമെങ്കിൽ കഥയിലും നിർമാണത്തിലും പുതുമ വേണം എന്നും നിവിൻ പറഞ്ഞു. തൃപ്തിയുള്ള കഥകൾ കൊടുത്താലേ അവർ കാണൂ. ഒടിടി വന്നതിന് ശേഷം എല്ലാവരും അപ്ഡേറ്റ് ആയി സിനിമകൾ കാണുന്നുണ്ട്. തിയേറ്ററിൽ സിനിമ കാണുമ്പോൾ അവർ പ്രതീക്ഷിക്കുന്ന എക്സ്പീരിയൻസ് കിട്ടാതെ വരുമ്പോഴാണ് അവർക്ക് തൃപ്തിക്കുറവ് വരുന്നത്. അങ്ങനെ തിയേറ്റർ എക്സ്പീരിയൻസ് കൊടുത്ത സിനിമകളെല്ലാം സമീപകാലത്ത് ഹിറ്റ് അടിച്ചിട്ടുണ്ടെന്നും നിവിൻ പറഞ്ഞു.

‘താരാമണി’, ‘തങ്ക മീങ്കൾ’, ‘കാട്ടുതമിഴ്’ മമ്മൂട്ടി നായകനായ ‘പേരൻപ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ റാം ഒരുക്കുന്ന ‘ഏഴു കടൽ ഏഴു മലൈ’ എന്ന ചിത്രത്തിലാണ് നിവിൻ പോളി ഇനി അഭിനയിക്കുക. ‘മാനാട്’ എന്ന ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

നിവിൻ പോളിയ്‌ക്കൊപ്പം തമിഴ് നടൻ സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, അഞ്ജലിയാണ് നായിക. ലിറ്റിൽ മാസ്‌ട്രോ യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം.

2017ൽ പുറത്തിറങ്ങിയ ‘നേരം’ എന്ന ദ്വിഭാഷ ചിത്രത്തിനും ആദ്യ തമിഴ് ചിത്രമായ ‘റിച്ചി’യ്ക്കും ശേഷം നിവിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ‘ഏഴു കടൽ ഏഴു മലൈ’.

‘വെട്ട’ത്തിന്റെയും ‘ഒപ്പ’ത്തിന്റെയും ക്യാമറ ചലിപ്പിച്ച ഏകാംബ്രം ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ ഉമേഷ് ജെ കുമാർ, എഡിറ്റർ മതി വിഎസ്, ആക്ഷൻ സ്റ്റണ്ട് സിൽവ, കൊറിയോഗ്രാഫർ സാൻഡി, ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനർ ചന്ദ്രകാന്ത് സോനവാനെ, ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ് എന്നിവർ ഈ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്.