ഒക്ടോബര്‍ രണ്ടിന് മുംബൈ തീരത്തിന് സമീപത്ത് ഒരു ആഡംബര കപ്പലിലെ റേവ് പാര്‍ട്ടിക്കിടെ നടന്ന റെയ്ഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആര്യന് ഖാന് കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ തടവിലാണ്. കേന്ദ്ര ഏജന്‍സിയുടെ അറസ്റ്റിന് ശേഷമാരംഭിച്ച മാധ്യമ-സോഷ്യല്‍ മീഡിയ വിചാരണയും വിദ്വേഷ ക്യാംപെയ്നുകളും തുടര്‍ന്നുകൊണ്ടിരിക്കുന്നു. സല്മാന് ഖാന്, ഹൃത്വിക് റോഷന്, സിദ്ധാര്‍ത്ഥ്, സ്വര ഭാസ്കര്‍ എന്നിങ്ങനെ ബോളിവുഡിലെ വളരെ ചുരുക്കം സെലിബ്രിറ്റികള്‍ മാത്രമാണ് ഷാരൂഖിനും മകനും പരസ്യ പിന്തുണയര്‍പ്പിച്ചെത്തിയത്. ആര്യന് ഖാന് കഴിയുന്നത് മുംബൈ ഭീകരാക്രമണക്കേസ് പ്രതിയായ അജ്മല്‍ കസബ് കഴിഞ്ഞ അതേ ജയിലിലാണെന്ന് വരെ പ്രൈം ടൈം വാര്‍ത്താ അവതാരകര്‍ പറയുകയുണ്ടായി.
തന്റേയും ഭാര്യ ഗൗരിയുടേയും മതങ്ങള്‍ മക്കള്‍ക്ക് ഒരു പരിമിതിയാകരുതെന്ന് ഷാരൂഖ് ആഗ്രഹിച്ചിരുന്നു. മക്കള്‍ക്ക് ആര്യന് എന്നും സുഹാനയെന്നും പേരിട്ടതിനേക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാരൂഖ് പറഞ്ഞത് സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. 2013ല്‍ ഔട്ട്ലുക്ക് മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു ലോകത്തേറ്റവും പ്രശസ്തനായ ഇന്ത്യന്‍ സെലിബ്രിറ്റിയുടെ പ്രതികരണം.
“പൊതുപേരുകളായി കണക്കാക്കപ്പെടുന്ന സര്‍വ്വമത-പാന്‍ ഇന്ത്യന്‍ പേരുകളാണ് ഞാനെന്റെ മകനും മകള്‍ക്കും നല്‍കിയത്: ആര്യനെന്നും സുഹാനയെന്നും. എന്നാല്‍ ഖാന് എന്ന പേര് ഞാന്‍ തന്നെ പകര്‍ന്നു നല്കിയതിനാല് അവര്‍ക്ക് അതില്‍ നിന്നും പൂര്‍ണമായും രക്ഷപ്പെടാനാകില്ല. മുസ്ലീംകള്‍ ചോദിക്കുമ്പോള്‍ ഞാനെന്റെ ചെറുനാക്കുകൊണ്ട് ഒതുക്കി പറയുകയും മുസ്ലീംകള്‍ അല്ലാത്തവര്‍ ചോദിക്കുമ്പോള്‍ ആര്യന് എന്നത് അവരുടെ വംശത്തിന് തെളിവായി ഞാന്‍ ഉച്ചത്തില്‍ പറയുകയും ചെയ്യുന്നു. ഇത് എന്റെ മക്കളെ അനാവശ്യമായ കുടിയൊഴിക്കല്‍ ഉത്തരവുകളില്‍ നിന്നും എവിടെ നിന്നൊക്കെയോ വരുന്ന ഫത്വകളില്‍ നിന്നും രക്ഷിക്കുമെന്നും ഞാന്‍ കരുതുന്നു. എന്നാല്‍ അത് എന്റെ മക്കളെ അങ്ങേയറ്റം, പൂര്‍ണമായിത്തന്നെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഞങ്ങള്‍ ഏത് മതത്തില്‍ പെടുന്നവരാണ് എന്ന് അവര്‍ ചോദിക്കുമ്പോള്‍ ഹിന്ദി സിനിമയിലെ നല്ല നായകനേപ്പോലെ ഞാന്‍ കണ്ണ് ആകാശത്തേക്ക് ഉയര്‍ത്തി താത്വികമായി ഇങ്ങനെ പ്രഖ്യാപിക്കും, ‘നിങ്ങള്‍ ആദ്യമായി ഒരു ഇന്ത്യക്കാരനാണ്, നിങ്ങളുടെ മതം മാനവരാശിയാണ്’ എന്ന്. അല്ലെങ്കില്‍ ഒരു പഴയ ഹിന്ദി പാട്ടിലെ വരികള്‍ അവര്‍ക്ക് പാടിക്കൊടുക്കും.
‘തു ഹിന്ദു ബനേഗാ
നാ മുസല്മാന് ബനേഗാ
ഇന്സാന് കി ഔലാദ് ഹെ ഇന്സാന് ബനേഗാ’
(നീ ഹിന്ദുവോ മുസല്മാനോ ആകില്ല, നീ മനുഷ്യന്റെ മകനാണ്..നീ ഒരു മനുഷ്യനായാണ് മാറുക..)
ഇതൊന്നും അവര്‍ക്ക് വ്യക്തത നല്‍കാറില്ല. മറിച്ച് അവരെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുകയും അവരുടെ അച്ഛനേക്കുറിച്ച് ആഴത്തില്‍ ആകുലതയുണ്ടാക്കുകയുമാണ് ചെയ്യാറ്.“

തന്റെ പേരും പ്രശസ്തിയും മക്കളുടെ ജീവിതത്തില്‍ ദോഷകരമായി പ്രതിഫലിക്കുമോയെന്ന് ഷാരൂഖ് ആശങ്കപ്പെടുന്നതിന്റെ വീഡിയോയും ഈയിടെ സമൂഹമാധ്യമങ്ങളില്‍ പൊന്തിവന്നു. “എന്റെ പേര് അവരുടെ ജീവിതം നശിപ്പിച്ചേക്കാം. അത് സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല” എന്നാണ് ഷാരൂഖ് ‘കോഫീ വിത് കരണ്‍’ പരിപാടിയുടെ ആദ്യ സീസണില്‍ പറഞ്ഞത്. തന്റെ മക്കളെ എത്രത്തോളം സ്നേഹിക്കുന്നു എന്നതിന് ഒരു ഉപമയും ഷാരൂഖ് അഭിമുഖത്തിനിടെ പറയുന്നുണ്ട്. “ഒരു കുട്ടി വേണമെന്ന തീരുമാനമെടുക്കല്‍ നിങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗം നിങ്ങളുടെ ശരീരത്തിന്റെ പുറത്തേക്ക് പോകാന്‍ അനുവദിക്കുന്നതുപോലെയാണ്. ആളുകളുമായുള്ള എന്റെ വ്യക്തിബന്ധങ്ങള്‍ ഞാന്‍ ഇങ്ങനെയാണ് താരതമ്യം ചെയ്യാറ്: എന്റെ വളരെയടുത്ത ഒരു സുഹൃത്ത് അവിടെ നില്ക്കുന്നു, ഒരു കാര്‍ സുഹൃത്തിന് നേരെ വേഗത്തില്‍ വരുന്നു, ഞാന്‍ ചാടിച്ചെന്ന് അവരെ കാറിന്റെ വഴിയില്‍ നിന്ന് തള്ളിമാറ്റും. എന്റെ ഭാര്യയോ സഹോദരിയോ ആണ് വേഗത്തില്‍ വരുന്ന കാറിന്റെ മുന്നില്‍ നില്ക്കുന്നതെങ്കില് ഞാന്‍ നൂറ് ശതമാനവും അവരെ തള്ളിമാറ്റും, അതിനിടെ എനിക്ക് പരുക്കേല്ക്കുമെന്നത് ഗൗനിക്കാതെ. എന്റെ കുട്ടികള്‍ക്ക് നേരെയാണ് ആ കാര്‍ വേഗത്തില്‍ വരുന്നതെങ്കില്‍ ഞാന്‍ കാറിന്റെ മുന്നില്‍ തന്നെ നില്ക്കും. അതിനെ ഞാന്‍ തടയുമെന്ന് എനിക്കുറപ്പാണ്.”
