‘ഗ്രൂപ്പുകളെ സഹകരിപ്പിക്കാന്‍ എനിക്കറിയാം, പാര്‍ട്ടിയോട് കൂറുള്ളവരെ നേതൃസ്ഥാനത്ത് കൊണ്ടുവരും’; സംഘടനാ സ്പിരിറ്റോടെ കോണ്‍ഗ്രസിനെ ശക്തമായി തിരികെ കൊണ്ടുവരുമെന്ന് കെ സുധാകരന്‍

കേരളത്തിലെ കോണ്‍ഗ്രസിനെ ശക്തമായി തിരികെ കൊണ്ടുവരുമെന്ന് കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ സുധാകരന്‍. ഒറ്റക്കെട്ടായി എല്ലാ നേതാക്കളേയും സഹകരിപ്പിച്ച് പഴയ കോണ്‍ഗ്രസിന്റെ സംഘടനാ സ്പിരിറ്റോടെ മുന്നോട്ടുപോകുമെന്ന് സുധാകരന്‍ പറഞ്ഞു. ഗ്രൂപ്പിനേക്കാള്‍ പ്രാധാന്യവും പ്രാമുഖ്യവും നല്‍കാന്‍ ആഗ്രഹിക്കുന്നത് കര്‍മ്മശേഷിക്കും അര്‍പ്പണബുദ്ധിക്കുമാണ്. പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്ന നേതാക്കന്മാരെ കണ്ടെത്തി അവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ശ്രമകരമായ ദൗത്യമാണ് നടത്താന്‍ പോകുന്നത്. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അതിനോട് യോജിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. ഗ്രൂപ്പുകളുടെ സഹകരണമില്ലെങ്കില്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ.

അതൊക്കെ സഹകരിപ്പിക്കാന്‍ എനിക്ക് അറിയാം. നല്ല രാഷ്ട്രീയ പരിചയമുള്ള ഒരുത്തനാണ് ഞാന്‍. ഞാന്‍ പുതുമുഖമൊന്നുമല്ല. അമ്പത് കൊല്ലമായി ഈ പണി തുടങ്ങിയിട്ട്. അതുകൊണ്ട് എനിക്ക് അറിയാം അവരെയൊക്കെ എങ്ങനെ സഹകരിപ്പിക്കണമെന്ന്. ഞാന്‍ സഹകരിപ്പിക്കും.

കെ സുധാകരന്‍

കെ സുധാകരന്റെ പ്രതികരണം

“കെപിസിസിയുടെ ചുമതല എന്നെ ഏല്‍പിക്കുകയാണെന്ന് രാഹുല്‍ജി വിളിച്ചറിയിച്ചു. പാര്‍ട്ടിയെ ശക്തമായി തിരികെ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കമാന്‍ഡ് തീരുമാനം വളരെ സന്തോഷത്തോടേയും ഉത്തരവാദിത്തത്തോടേയും ഉള്‍ക്കൊള്ളുന്നു. കേരളത്തില്‍ പാര്‍ട്ടിയെ തിരികെ കൊണ്ടുവരിക എന്ന ദൗത്യമാണ് എന്നില്‍ നിക്ഷിപ്തമായിട്ടുള്ളത്. അത് സത്യസന്ധമായി നിര്‍വ്വഹിക്കും.

കോണ്‍ഗ്രസില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അതൊക്കെ മാറ്റിവെച്ച് ഒറ്റക്കെട്ടായി എല്ലാ നേതാക്കളേയും സഹകരിപ്പിച്ച് പഴയ കോണ്‍ഗ്രസിന്റെ സംഘടനാ സ്പിരിറ്റോടെ മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന് വിശ്വാസമുണ്ട്. എല്ലാ നേതാക്കളുടേയും സഹകരണം ഞാന്‍ അഭ്യര്‍ത്ഥിക്കും. നേരിട്ട് കണ്ട് സംസാരിക്കും. എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിച്ച് ഒരു പുതിയ ആവേശമുള്ള ഒരു ടീമായി കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംഘടിപ്പിക്കും. കോണ്‍ഗ്രസ് ശക്തമാകും, തിരിച്ചുവരും. യാതൊരു തര്‍ക്കവുമില്ല.

ഗ്രൂപ്പിനേക്കാള്‍ പ്രാധാന്യവും പ്രാമുഖ്യവും നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത് കര്‍മ്മശേഷിക്കും അര്‍പ്പണബുദ്ധിക്കുമാണ്. അര്‍ഹതപ്പെട്ട, കഴിവുള്ള, ജനവിശ്വാസമുള്ള പാര്‍ട്ടി പ്രവര്‍ത്തനത്തോട് കൂറ് പുലര്‍ത്തുന്ന നേതാക്കന്മാരെ കണ്ടെത്തി അവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ശ്രമകരമായ ദൗത്യമാണ് നടത്താന്‍ പോകുന്നത്. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അതിനോട് യോജിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ഇവിടെ പാര്‍ട്ടിയാണ്, സംഘടനയാണ് ആവശ്യം. ആ സംഘടനയ്ക്ക് കരുത്തുപകരാന്‍ സാധിക്കുന്ന ഏത് തീരുമാനവും കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകന്‍മാര്‍ എല്ലാറ്റിനും അപ്പുറത്ത് ഏറ്റെടുക്കും. അവരത് സ്വീകരിക്കും, പിന്തുണ തരും. അതുകൊണ്ടാണ് ഈ സ്ഥാനം ആത്മവിശ്വാസത്തോടെ ഏറ്റെടുത്തത്. അത് മനസില്‍ ശിരസാവഹിക്കുന്നു. ഇനിയുള്ള കാലം പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്‌നിക്കും, എല്ലാവരേയും ഐക്യത്തോടെ കൊണ്ടുപോകും.”