‘തനിച്ചല്ല ഞാനെന്ന് തിരിച്ചറിയുന്നു, ഈ പോരാട്ടം തുടരും’, അക്രമിക്കപ്പെട്ട നടിയുടെ പ്രതികരണം

നീതിക്കും അതിജീവനത്തിനുമായുള്ള പോരാട്ടം തുടരുമെന്ന് കാച്ചിയില്‍ അക്രമത്തിന് ഇരയായ നടിയുടെ പ്രതികരണം. അഞ്ച് വര്‍ഷമായി തന്റെ പേരും വ്യക്തിത്വവും തനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇരയാക്കപ്പെടലില്‍നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടുവന്നു; എനിക്കുവേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്കുവേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു’, നടി കുറിച്ചു.

‘നീതി പുലരാനും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടേയും സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി’, അവര്‍ കൂട്ടിച്ചേര്‍ത്തു.

വിഷയത്തിൽ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് ദിവസങ്ങൾക്ക് മുൻപ് കത്തെഴുതിയിരുന്നു. സംവിധായകന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കണമെന്നും രണ്ടാം പ്രോസിക്യൂട്ടറും രാജി വെച്ചതില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ പറയുന്നു.

കേസ് അട്ടിമറിക്കുപ്പെടുമോയെന്ന വലിയ ആശങ്കയും ഭയവും തനിക്കുണ്ട്. കോടതി പക്ഷപാതപരമായാണ് ഇടപെടുന്നതെന്ന ആശങ്ക നേരത്തെ തന്നെയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പുനരന്വേഷണം വേണമെന്നുമാണ് കത്തിലെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ ഡിജിപിക്കുള്‍പ്പെടെ പരാതി നല്‍കുമെന്നാണ് വിവരം. കേസിന്റെ വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്നാണ് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഹരജി കോടതി വരും ദിവസങ്ങളില്‍ പരിഗണിക്കും.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ കണ്ടിട്ടുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും അടക്കമാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. കേസിന്റെ വിചാരണ അവസാന ഘട്ടത്തിലെത്തി നില്‍ക്കവെയാണ് പുതിയ വെളിപ്പെടുത്തലുകള്‍ എന്നതും ശ്രദ്ധേയമാണ്.