പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശ ആക്രമണങ്ങള്‍ക്കെതിരെ കുറിപ്പെഴുതിയ നടന് അനീഷ് ജി മേനോന്റെ ഫേസ്ബുക്ക് വോളില്‍ കമന്റ് യുദ്ധം. ‘ഞാന്‍ അനീഷ് ജി മേനോന്, ഞാന്‍ മനുഷ്യനാണ്, ഇന്ത്യക്കാരനാണ്, ഞാന്‍ ഗാസയെ ശക്തമായി പിന്തുണയ്ക്കുന്നു’ എന്നെഴുതിയ പോസ്റ്ററുമായി നില്ക്കുന്ന ചിത്രം നടന് വീണ്ടും പങ്കുവെച്ചതോടെയാണിത്. മുമ്പ് ഈ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ ഭീഷണികളുണ്ടായിരുന്നെന്ന് നടന് പറഞ്ഞു.
പിഞ്ചുകുഞ്ഞുങ്ങള്‍ കത്തിയമാരുന്നത് കണ്ടപ്പോള്‍ സഹിക്കാന്‍ വയ്യാതെ, ഒന്നും ചിന്തിക്കാതെ അന്നത്തെ മാനസികാവസ്ഥയില്‍ ഇട്ടുപോയതായിരുന്നു ആ പോസ്റ്റ്. പക്ഷെ ഇന്ന് ഞാന്‍ പറയുന്നത് എന്റെ നിലപാടാണ്. ഞാന്‍ പലസ്തീനെ ശക്തമായി പിന്തുണയ്ക്കുന്നു.
അനീഷ് ജി മേനോന്

അനീഷ് ജി മേനോന്റെ നിലപാടിനെ അഭിനന്ദിച്ചും എതിര്‍ത്തും നിരവധി പേര് രംഗത്തെത്തി. 2,600ലധികം കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്. നടനെതിരെ കടുത്ത അധിക്ഷേപങ്ങളും പരിഹാസവുമായി ഒരു വിഭാഗം ‘ഇസ്രയേല്‍ അനുകൂലികളും’ പ്രപതികരിക്കുന്നുണ്ട്. കടുത്ത വിദ്വേഷ-അസഭ്യ പരാമര്‍ശങ്ങളും മീമുകളും പല പ്രൊഫൈലുകളും ഉപയോഗിക്കുന്നുണ്ട്. ഇതിനോടകം 1,100 പേരാണ് അനീഷ് ജി മേനോന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. 13,000ലധികം പേര് പോസ്റ്റിനോട് റിയാക്ട് ചെയ്തു.
ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം അഞ്ചാം ദിവസവും തുടരുകയാണ്. ഇസ്രയേല്‍ കര, വ്യോമാക്രമണങ്ങള്‍ ശക്തമാക്കിയതോടെ ഗാസയുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള പലസ്തീന് കുടുംബങ്ങള്‍ പലായനം തുടങ്ങി. ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 126 ആയി. 31 കുട്ടികള്‍ ഉള്‍പ്പെടെയാണിത്. 920 പേര്‍ക്ക് പരുക്കേറ്റു. വെസ്റ്റേണ്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാംപിന് നേരെ ഇസ്രയേല്‍ ബോംബാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ ഇസ്രയേലില്‍ ഒരു കുട്ടിയടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്.