‘വായടപ്പിക്കും, ഇനിയും ജയിച്ചുകാണിക്കും’; വിമര്‍ശകരോട് റൊണാള്‍ഡോ

ഗോട്ടുകളില്‍ ഏറ്റവും വിമര്‍ശനം നേരിടുന്ന കളിക്കാരനാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഓള്‍ഡ് ട്രാഫോഡില്‍ തിരിച്ചെത്തിയതിന് ശേഷം അത് കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. ‘റോണോ വേണ്ടത്ര പ്രസിങ്ങ് നടത്തുന്നില്ല, ബോക്‌സിന് മുന്നില്‍ പന്ത് കാത്തുനില്‍ക്കലല്ലാതെ അത്യാവശ്യ സമയത്ത് ഇറങ്ങിക്കളിക്കുന്നില്ല, കളി മെനയുന്നില്ല’ എന്നൊക്കെയാണ് നേരത്തേ മുതലുള്ള കുറ്റപ്പെടുത്തലുകള്‍. സ്വന്തം ടീം ആക്രമിക്കപ്പെടുമ്പോള്‍ പ്രതിരോധത്തിലേക്ക് വേണ്ടത്ര സംഭാവന ചെയ്യുന്നില്ലെന്നതാണ് ഇപ്പോഴത്തെ വിമര്‍ശനം. ഇതിനിടെ ഇവയൊന്നും താന്‍ വകവയ്ക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് പോര്‍ച്ചുഗീസ് നായകന്‍.

ഡിഫന്‍സില്‍ എപ്പോഴാണ് ടീമിന് എന്റെ സഹായം വേണ്ടതെന്ന് എനിക്കറിയാം. പക്ഷെ, ക്ലബ്ബിലെ എന്റെ ചുമതല ഗോളടിക്കലും ടീമിനെ വിജയിപ്പിക്കലുമാണ്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

തന്നെ ഇഷ്ടമില്ലാത്ത ആളുകള്‍ക്ക് അത് കാണാന്‍ ആഗ്രഹമില്ല. പക്ഷെ, സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് 36 വയസായി. ഞാന്‍ എല്ലാം നേടിക്കൊണ്ടിരിക്കുന്നു. അതിനിടെ എന്നേക്കുറിച്ച് മോശം പറയുന്നവരെ ഓര്‍ത്ത് വ്യാകുലപ്പെടുകയാണോ ഞാന്‍ ചെയ്യേണ്ടത്? ഞാന്‍ രാത്രിയില്‍ നന്നായാണ് ഉറങ്ങാറ്. സന്തോഷം നിറഞ്ഞ മനസോടെ കിടക്കാന്‍ പോകുന്നു. എന്താണെന്നുവെച്ചാല്‍ ഞാന്‍ ഇപ്പോഴും ഇവരുടെയൊക്കെ വായടപ്പിക്കുകയും ജയിക്കുകയും ചെയ്യുന്നു.

വിമര്‍ശനം ഇതിന്റെ ഭാഗമാണ്. ഞാന്‍ അതിനേക്കുറിച്ചോര്‍ത്ത് അസ്വസ്ഥനാകാറില്ല. നേരു പറഞ്ഞാല്‍, അതൊരു നല്ല കാര്യമായാണ് ഞാന്‍ കാണുന്നത്. അവര്‍ എന്നേക്കുറിച്ചോര്‍ത്ത് അസ്വസ്ഥരാകുകയും സംസാരിക്കുകയും ചെയ്യുന്നെങ്കില്‍ എന്റെ കഴിവും ഫുട്‌ബോളിലുള്ള മൂല്യവും അവര്‍ക്ക് ഇപ്പോഴും അറിയാവുന്നതുകൊണ്ടാണ്. അതുകൊണ്ട് അത് നല്ലതാണ്. ഞാനൊരു ഉദാഹരണം പറയാം: നിങ്ങള്‍ ഒരു സ്‌കൂളിലാണെന്നും അവിടുത്തെ ഏറ്റവും മികച്ച കുട്ടിയുമാണെന്നിരിക്കട്ടെ, നിങ്ങള്‍ ഏറ്റവും മോശം കുട്ടിയോട് ഏറ്റവും മിടുക്കനെ ഇഷ്ടമാണോയെന്ന് ചോദിക്കുക. അവര്‍ അവനെ ഇഷ്ടമല്ലെന്നാകും പറയുക.

ഞാന്‍ ഇപ്പോഴും സന്തുഷ്ടനായിരിക്കുകയും ഫുട്‌ബോള്‍ ആസ്വദിക്കുകയും ചെയ്യുന്നു, എന്നതാണ് പ്രധാനപ്പെട്ട കാര്യം.

റൊണാള്‍ഡോ

ഞാന്‍ കരിയറില്‍ എന്തൊക്കെ നേടി എന്നതിലല്ല കാര്യം. എല്ലാം നേടുന്നതിനൊപ്പം തന്നെ ഞാന്‍ എപ്പോഴും പ്രചോദിതനുമാണ്. ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലാണ് ഞാന്‍, ഈ പ്രായത്തില്‍ പോലും, അതുകൊണ്ടാണ് ഇവിടെ വന്നതും- ജയിക്കാന്‍ ശ്രമിക്കുന്നത് തുടരാന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയത്തിന്റെ ഈ തലത്തില്‍ നില്‍ക്കണമെന്നാണ് ഞാന്‍ കരുതുന്നത്. വലിയ വിജയങ്ങള്‍ നേടുന്നതില്‍ ക്ലബ്ബിനെ സഹായിക്കാനാണ് താനിവിടെയുള്ളതെന്നും സിആര്‍7 കൂട്ടിച്ചേര്‍ത്തു.

യുണൈറ്റഡ് ജേഴ്‌സി വീണ്ടുമണിഞ്ഞ ശേഷം കളിച്ച എട്ട് കളികളില്‍ നിന്ന് ആറ് ഗോളാണ് റൊണാള്‍ഡോ ഇതുവരെ നേടിയത്. ഇതില്‍ മൂന്നെണ്ണം ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നാണ്. കഴിഞ്ഞ ദിവസം രണ്ട് ഗോളിന് തോറ്റു നിന്ന ശേഷം യുണൈറ്റഡ് നടത്തിയ തിരിച്ചുവരവില്‍ വിജയലക്ഷ്യം കണ്ടത് ക്രിസ്റ്റിയാനോയുടെ ഹെഡ്ഡറാണ്.