ഇടുക്കി: മഴ ശക്തമായി തുടരുകയാണെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഡാം തുറക്കുന്ന കാര്യത്തില്‍ തിരക്കിട്ട തീരുമാനങ്ങളെടുക്കില്ല. ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ ഒരുമിച്ച് തുറക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഡാമുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുമ്പേ ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കും. രാത്രിസമയത്ത് ഡാം തുറക്കില്ലെന്നുമാണ് ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.
2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി ജലസംഭരണ ശേഷി. നിലവില്‍ 2397.18 അടിയാണ് ഡാമിലെ ജലനിരപ്പ്. ഇത് പൂര്‍ണ സംഭരണശേഷിയിലേക്ക് എത്തുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതരും മന്ത്രിയും ഉള്‍പ്പെട്ട യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശം. ഡാമില്‍ 2397.86 അടി വെള്ളമാകുമ്പോള് റെഡ് അലെര്‍ട്ട് പ്രഖ്യാപിക്കും. നിലവില്‍ ഓറഞ്ച് അലെര്‍ട്ടാണ് ഇവിടെ.
എന്നാല്‍, ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ഡാം തുറക്കേണ്ടി വരില്ലെന്നാണ് വൈദ്യുതി വകുപ്പിന്റെ അനുമാനം. മുന്നറിയിപ്പുപ്രകാരം രണ്ട് ദിവസം മഴ തുടരുന്ന സാഹചര്യമുണ്ടായാല്‍ ഡാം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടി വരും. 2018ലെ മഹാ പ്രളയത്തിലാണ് ഇടുക്കി ഡാം അവസാനമായി തുറന്നത്.