‘കഥാപാത്രത്തിന്റെ ഒരു ശില്‍പമുണ്ടാക്കി അതിന് ജീവന്‍ നല്‍കുകയാണ് നടന്‍’; കുട്ടൂസന്‍ ആകുന്നതിനേക്കുറിച്ച് നെടുമുടി വേണു പറഞ്ഞത്

തലമുറകളുടെ കുട്ടിക്കാല ഫേവറിറ്റായിരുന്ന ‘മായാവി’യിലെ കുട്ടൂസനെ അവതരിപ്പിക്കുന്നതിനേക്കുറിച്ച് അന്തരിച്ച നടന്‍ നെടുമുടി വേണു പറഞ്ഞത് പങ്കുവെച്ച് ബാലരമ. നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ചിത്രകഥാ വാരിക ഷെയര്‍ ചെയ്ത ഫേസ്ബുക്ക് പോസ്റ്റിലാണ് നടന്‍ കഥാപാത്രമാകുന്നതിനേക്കുറിച്ച് കുട്ടികളോട് ലളിതമായി സംവദിക്കുന്ന ഭാഗമുള്ളത്. മുതിര്‍ന്ന നടനെ മന്ത്രവാദിയായി ചിത്രീകരിച്ചുകൊണ്ടുള്ള ഫോട്ടോയും ബാലരമ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നെടുമുടി വേണുവിന്റെ കുട്ടൂസന്‍ ചിത്രം

കഥാപാത്രത്തിന്റെ ഒരു ശില്‍പമുണ്ടാക്കി അതിന് ജീവന്‍ നല്‍കുകയാണ് നടനെന്ന് വേണു പറയുന്നു. 2012 സെപ്റ്റംബറില്‍ ബാലരമ നെടുമുടി വേണുവിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ‘നന്നായി അഭിനയിക്കാന്‍ കഴിയുന്നതിന്റെ രഹസ്യം പറഞ്ഞുതരാമോ?’ എന്ന ചോദ്യത്തിന് നടന്റെ പ്രതികരണം ഇങ്ങനെ.

”ഞാന്‍ ബാലരമയിലെ കുട്ടൂസനായി അഭിനയിക്കുന്നുവെന്ന് കരുതുക. ‘ഇതു കുട്ടൂസനാണ്’ എന്ന് കാഴ്ചക്കാരനെ തോന്നിപ്പിക്കണം. അതാണ് എന്റെ ജോലി. ആദ്യം കുട്ടൂസന്റെ ചിന്തകള്‍ ഉള്‍ക്കൊള്ളണം. കുട്ടൂസന്‍ എങ്ങനെ നടക്കും, എങ്ങനെ സംസാരിക്കും. എല്ലാം മനസ്സിലാക്കണം. കുട്ടൂസനോട് സാദൃശ്യമുള്ള ആരെയെങ്കിലും നമുക്ക് പരിചയമുണ്ടാവാം. അയാളുടെ പെരുമാറ്റരീതികള്‍ ഓര്‍മ്മയുണ്ടാവും. കൂടാതെ കുട്ടൂസന്‍ പറയേണ്ട ഡയലോഗുകളും സംവിധായകന്റെ നിര്‍ദ്ദേശങ്ങളുമെല്ലാം കിട്ടും. ഇതെല്ലാം ചേര്‍ത്ത് നമ്മളൊരു കുട്ടൂസനെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. സത്യത്തില്‍ കഥാപാത്രത്തിന്റെ ഒരു ശില്പമുണ്ടാക്കി അതിന് ജീവന്‍ നല്‍കുകയാണ് നടന്‍.”

കുട്ടികള്‍ക്കൊപ്പം പാട്ടുപാടി നൃത്തം ചവിട്ടുന്ന നെടുമുടി വേണു

കുട്ടികളോടൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന നടനായിരുന്നു നെടുമുടി വേണു. കുട്ടികള്‍ക്ക് വേണ്ടി നാട്ടില്‍ നാടകകളരികളും ശില്‍പശാലകളും അദ്ദേഹം ഒരുക്കിയിരുന്നതിനേക്കുറിച്ചുള്ള ഓര്‍മ്മകള്‍ പ്രമുഖരില്‍ പലരും അനുസ്മരണക്കുറിപ്പുകളിലൂടെ പങ്കുവെയ്ക്കുകയുണ്ടായി. വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളേക്കുറിച്ച് ലളിതമായി വിവരിച്ച് നല്‍കുന്ന ടിവി പരിപാടികളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ത്രീഡി’യിലെ ആദ്യരംഗങ്ങളില്‍ കുട്ടിച്ചാത്തന്‍ കഥാപാത്രം നെടുമുടി വേണുവിന്റെ ശബ്ദത്തിലാണ് സംസാരിച്ചത്.