സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ആളുകള്‍ സഹകരിച്ചില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ കേരളത്തിലുമുണ്ടാകുമെന്ന് സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഡോ. അഷീല്‍. രോഗവ്യാപന വേഗത ഈ നിലയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്ന് ഡോ. അഷീല്‍ ‘ദ ന്യൂസ്റപ്റ്റിനോട്’ പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ വേഗത കുറയ്ക്കുകയാണ് പോംവഴി. രോഗവ്യാപനത്തിന്റെ തീവ്രത കൂടുമ്പോള്‍ ഏതൊരു ആരോഗ്യസംവിധാനവും പരിധിയിലെത്തും. പരിധിയില്ലാത്ത ഒരു സംവിധാനവുമില്ല. ഒരു ഘട്ടം കഴിയുമ്പോള്‍ എല്ലാം നിറയും. ഒരു സംശയവും വേണ്ട. രോഗവ്യാപനം ഈ രീതിയില്‍ പോകുമ്പോള്‍ വല്ലാത്തൊരു സമ്മര്‍ദ്ദം വരും. ലോകത്തിലെ ഏറ്റവും മികച്ച സംവിധാനത്തിനും പോലും അത് താങ്ങാന്‍ പറ്റില്ല. രോഗ വ്യാപനത്തിന്റെ വേഗത കുറയ്ക്കണം. അതിന് ആളുകള്‍ സഹകരിക്കണമെന്നും ഡോ. അഷീല്‍ വ്യക്തമാക്കി. സംസ്ഥാനത്തെ വെന്റിലേറ്ററുകളും ഓക്സിജന്‍ കിടക്കകളും നിറയുകയാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് ആരോഗ്യവകുപ്പിന്റെ പ്രതികരണം.
മനുഷ്യരാണ് കൊവിഡ് പകര്‍ത്തുന്നത്. ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുത്. ഈ സാഹചര്യത്തിലാണ് ധ്യാനകേന്ദ്രത്തില്‍ 300 പേരൊക്കെ കൂട്ടം കൂടുന്നത്. ഇത്രയൊക്കെയുണ്ടായിട്ടും മനുഷ്യര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ കേരളത്തിലുണ്ടാകില്ലെന്ന് ഒരിക്കലും വിചാരിക്കരുത്.
ഡോ. അഷീല്‍
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടും പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. പ്രധാന നിരത്തുകളില്‍ വാഹന ഗതാഗതം സജീവമാണ്. 15-ാം തീയതിയോടെ രോഗവ്യാപനം തീവ്രമാകുമെന്ന് വിലയിരുത്തലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പരിഗണിച്ചേക്കും.
കൊവിഡ് വ്യാപിക്കുന്നതിനിടെ സിഎസ്ഐ സഭ മൂന്നാറില്‍ നടത്തിയ വൈദികരുടെ ധ്യാനം വിവാദമായിട്ടുണ്ട്. ധ്യാനത്തില്‍ പങ്കെടുത്ത ബിഷപ്പ് അടക്കം 80 വൈദിക്കാര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര് മരിച്ചു. സഭാ നേതൃത്വത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിശ്വാസികള്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് പരാതി നല്കി. വിവാദം അടിസ്ഥാന രഹിതമാണെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണ് ധ്യാനം നടത്തിയതെന്നുമാണ് സിഎസ്ഐ സഭയുടെ പ്രതികരണം. ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് മൂന്നാര്‍ സിഎസ്ഐ പള്ളിയില്‍ നടത്തിയ ധ്യാനത്തില്‍ 480 വൈദികരാണ് പങ്കെടുത്തത്. ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രാര്‍ത്ഥനാ കൂട്ടായ്മ.
കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ വെന്റിലേറ്ററുകളും ഐസിയു-ഓക്സിജന്‍ ബെഡ്ഡുകളും നിറഞ്ഞു തുടങ്ങി. 500 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. 50 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കൊവാക്സിനും ഓക്സിജന്‍ ടാങ്കറുകളും വെന്റിലേറ്ററുകളും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും വരും ദിവസങ്ങളില്‍ ആവശ്യകത വര്‍ധിച്ചേക്കാമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
ഡോ. അഷീല്‍ പറഞ്ഞത്
“രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ നമ്മള് മനസിലാക്കണം. ശ്മശാനങ്ങളില്‍ സ്ഥലം കിട്ടാത്ത അവസ്ഥയാണുള്ളത്. അത്രയും ഗുരുതരമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാ പരിധിയും വിട്ട സമ്മര്‍ദ്ദമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പരമാവധി സംവിധാനങ്ങള്‍ ഒരുക്കാനുളള ശ്രമം തുടരുകയാണ്. എത്ര വലിയ വീടാണെങ്കിവും അവിടെ വരുന്നവരെ ഉള്‍ക്കൊള്ളുന്നതിന് പരിധിയുണ്ട്. ഒരു വീട്ടിലേക്ക് അയ്യായിരം പേര് വന്നാലെന്ത് ചെയ്യും? ഏത് സംവിധാനത്തിനും പരിധിയുണ്ട്. അതിലേക്കാണ് നമ്മള് എത്തിക്കൊണ്ടിരിക്കുന്നത്. അപ്പോള്‍ നമ്മള് കൂടുതല്‍ സംവിധാനമൊരുക്കും. ഹാളുകള്‍ ആശുപത്രിയാക്കാന്‍ വേണ്ടി ശ്രമിക്കും.
രോഗവ്യാപനത്തിന്റെ തീവ്ര കൂടുമ്പോള്‍ ഏതൊരു ആരോഗ്യസംവിധാനവും പരിധിയിലെത്തും. പരിധിയില്ലാത്ത ഒരു സംവിധാനവുമില്ല. ഒരു ഘട്ടം കഴിയുമ്പോള്‍ എല്ലാം നിറയും. ഒരു സംശയവും വേണ്ട. രോഗവ്യാപനം ഈ രീതിയില്‍ പോകുമ്പോള്‍ വല്ലാത്തൊരു സമ്മര്‍ദ്ദം വരും. ലോകത്തിലെ ഏറ്റവും മികച്ച സംവിധാനത്തിനും പോലും അത് താങ്ങാന്‍ പറ്റില്ല. രോഗ വ്യാപനത്തിന്റെ വേഗത കുറയ്ക്കണം. അതിന് ആളുകള്‍ സഹകരിക്കണം. മനുഷ്യരാണ് കൊവിഡ് പകര്‍ത്തുന്നത്. ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുത്. ഈ സാഹചര്യത്തിലാണ് ധ്യാനകേന്ദ്രത്തില്‍ 300 പേരൊക്കെ കൂട്ടം കൂടുന്നത്. ഇത്രയൊക്കെയുണ്ടായിട്ടും മനുഷ്യര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ കേരളത്തിലുണ്ടാകില്ലെന്ന് ഒരിക്കലും വിചാരിക്കരുത്.”