‘അച്ഛനെയും മകളെയും നടുറോഡില്‍ പരസ്യവിചാരണ ചെയ്തതിന് സ്ഥലം മാറ്റല്‍ പരമാവധി ശിക്ഷ’; പിങ്ക് പൊലീസുദ്യോഗസ്ഥ കൂടുതല്‍ ശിക്ഷയ്ക്കുള്ള കുറ്റം ചെയ്തിട്ടില്ലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടുവയസുകാരിയെയും അച്ഛനെയും നടുറോഡില്‍ പരസ്യ വിചാരണ ചെയ്ത പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് പരമാവധി ശിക്ഷയെന്ന് ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. പൊലീസ് ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്നും മോശം ഭാഷാ പ്രയോഗമോ ജാതി അധിക്ഷേപമോ ഉണ്ടായിട്ടില്ല. സ്ഥലം മാറ്റത്തിനപ്പുറം ശിക്ഷ നല്‍കേണ്ട കാര്യമില്ലെന്നും ഇക്കാര്യം അന്വേഷിച്ച ഐ.ഡി ഹര്‍ഷിത അത്തല്ലൂരി ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐ.എസ്.ആര്‍.ഒയിലേക്ക് ചേംബറുകളുമായി പോകുന്ന ട്രെയിലറുകള്‍ കാണാനായിരുന്നു നാട്ടുകാര്‍ക്കൊപ്പം മകളെയും കൂട്ടി തോന്നക്കല്‍ സ്വദേശിയായ ജയചന്ദ്രന്‍ വഴിയരികിലേക്കെത്തിയത്. വാഹനം കണ്ട് മടങ്ങവെയായിരുന്നു പട്രോളിങ് വാഹനത്തിലെത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ജയചന്ദ്രനെയും മകളെയും തടഞ്ഞുവെക്കുകയും ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ ഇവര്‍ മോഷ്ടിച്ചെന്ന ആരോപണമുന്നയിക്കുകയും ചെയ്തത്. തുടര്‍ന്ന് കുട്ടിയുടെ പ്രായം പോലും കണക്കിലെടുക്കാതെ ഉദ്യോഗസ്ഥ ഇരുവരെയും പരസ്യവിചാരണയ്ക്ക് വിധേയരാക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ നാട്ടുകാരാണ് ഇക്കാര്യം പുറത്തെത്തിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥയ്‌ക്കെതിരെ വിവിധ ഭാഗങ്ങളില്‍നിന്നും രൂക്ഷ വിമര്‍ശനമുയരുകയും ഇവരെ സ്ഥലം മാറ്റുകയുമായിരുന്നു.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം റൂറല്‍ എസ്.പി പി.കെ മധുവായിരുന്നു അന്വേഷണം നടത്തിയത്. ഇദ്ദേഹം ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടും ശേഖരിച്ചിരുന്നു. ആ റിപ്പോര്‍ട്ടുകളെ ശരിവെച്ചുള്ള റിപ്പോര്‍ട്ടാണ് ഐ.ജി ഡി.ജി.പിക്കും നല്‍കിയിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ കാണാതായ ഘട്ടത്തില്‍ ഉദ്യോഗസ്ഥ ജാഗ്രത കാണിച്ചില്ലെന്നും സമീപത്തുണ്ടായിരുന്ന അച്ഛനോടും മകളോടും കയര്‍ത്ത് സംസാരിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍ താന്‍ സഞ്ചരിച്ച വാഹനത്തില്‍നിന്നും കണ്ടെത്തിയ ശേഷം കുട്ടിയോട് മാപ്പുപറയാന്‍ ഉദ്യോഗസ്ഥ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. തുടര്‍ന്ന് വകുപ്പുതല നടപടിയായി തിരുവനന്തപുരം റൂറല്‍ പൊലീസില്‍ ജോലി ചെയ്തിരുന്ന ഇവരെ കൊല്ലം സിറ്റി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയും 15 ദിവസത്തെ നല്ലനടപ്പ് പരിശീലനത്തിന് അയക്കുകയുമാണുണ്ടായത്. ഇതിനപ്പുറമുള്ള നടപടികളുടെ ആവശ്യമില്ലെന്നായിരുന്നു തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ റിപ്പോര്‍ട്ട്.

Also Read: സമൂഹ മനസാക്ഷി സൂരജിന് വധശിക്ഷ ആവശ്യപ്പെടുന്നെന്ന പരാമര്‍ശം; സര്‍ക്കാര്‍ അഭിഭാഷകന്‍ ജി മോഹന്‍രാജിനെതിരെ വിമര്‍ശനം

എന്നാല്‍, തനിക്കും മകള്‍ക്കുമുണ്ടായ അധിക്ഷേപത്തിലും അപമാനത്തിലും കൂടുതല്‍ നടപടി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ജയചന്ദ്രന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ഈ പരാതിയിലാണ് ഐ.ജിയെ അന്വേഷണ ചുമതല ഏല്‍പിച്ചത്. തുടര്‍ന്നാണ് ഐ.ജി മുന്‍ റിപ്പോര്‍ട്ടുകളെ ശരിവെച്ചുള്ള തന്റെ കണ്ടെത്തലുകള്‍ ഡി.ജി.പിക്ക് കൈമാറിയിരിക്കുന്നത്.

ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന് ഐ.ജിയും റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നുണ്ടെങ്കിലും, ചെയ്ത കുറ്റത്തിനുള്ള പരമാവധി ശിക്ഷ ഉദ്യോഗസ്ഥയ്ക്ക് നല്‍കിയെന്നാണ് ഇവരുടെ കണ്ടെത്തല്‍. മോശം പരാമര്‍ശമോ ജാതി അധിക്ഷേപമോ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്നാല്‍, കുട്ടിയോടോ അച്ഛനോടോ മാപ്പുപറയാന്‍ ഉദ്യോഗസ്ഥ തയ്യാറായില്ല. ഇതിനുള്ള പരമാവധി ശിക്ഷ ഉദ്യോഗസ്ഥയ്ക്ക് നല്‍കിയിട്ടുണ്ട്. കൂടുതല്‍ ശിക്ഷാ നടപടികളിലേക്ക് കടക്കാന്‍ വകുപ്പുതല അനുമതിയില്ലെന്നുമാണ് ഐ.ജി ഹര്‍ഷിത അത്തല്ലൂരിയുടെ റിപ്പോര്‍ട്ട്.

മുമ്പ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൈക്കൊണ്ടിട്ടുള്ള നടപടികളൊന്നും തന്നെ ഈ ഉദ്യോഗസ്ഥയ്‌ക്കെതിരെയുണ്ടായിട്ടില്ലെന്ന ആക്ഷേപം സേനയ്ക്കുള്ളില്‍നിന്നുതന്നെ ഉയര്‍ന്നിരുന്നു. സമീപ ജില്ലയിലേക്കുള്ള സ്ഥലം മാറ്റം കൊണ്ട് യാതൊരു വ്യത്യാസവുമില്ലെന്നും 15 ദിവസത്തെ നല്ലനടപ്പ് പരിശീലനം കുറഞ്ഞ കാലമാണെന്നുമടക്കം ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥയ്‌ക്കെതിരെ ഉണ്ടായത് മാതൃകാപരമായ ശിക്ഷാ രീതയല്ലെന്ന ആരോപണമുയരുമ്പോഴും വകുപ്പുതലത്തില്‍ ഇത്രയും നടപടി മാത്രമേ സാധിക്കൂ എന്നതാണ് ഐ.ജിയുടെ റിപ്പോര്‍ട്ടിലും അടിവരയിട്ട് പറയുന്നത്.