ലക്ഷദ്വീപിലെ കേന്ദ്ര സര്‍ക്കാര്‍ ഭരണനടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മഹാസമുദ്രത്തിലെ ഇന്ത്യയുടെ രത്നമാണ് ലക്ഷദ്വീപെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. താന്‍ ലക്ഷദ്വീപ് ജനതയ്ക്കൊപ്പമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.
അധികാരത്തിലിരിക്കുന്ന വിഡ്ഢികളായ മതഭ്രാന്തന്മാര് ലക്ഷദ്വീപിനെ തകര്‍ക്കുകയാണ്.
രാഹുല്‍ ഗാന്ധി
പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടയിലും ലക്ഷദ്വീപിലെ ഭരണനടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഡ്മിന് പ്രഫുല്‍ പട്ടേല്‍. കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടരാന്‍ പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ചൊവ്വാഴ്ച്ച ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് അഡ്മിന്റെ നിര്‍ദ്ദേശം. പരിഷ്കാരങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും ദ്വീപിലേയും മറ്റ് സംസ്ഥാനങ്ങളിലേയും പ്രതിഷേധങ്ങള്‍ വൈകാതെ കെട്ടടങ്ങുമെന്നും പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ലക്ഷദ്വീപിലെ റിക്രൂട്ട്മെന്റുകള്‍ പുനപരിശോധിക്കാന്‍ വകുപ്പുതല സെക്രട്ടറിമാര്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ റിക്രൂട്ട്മെന്റ് കമ്മിറ്റികളുടെ കാലാവധിയും അതിലെ അംഗങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍, ലക്ഷദ്വീപിലേക്ക് സ്ഥലം മാറിയവരേകുറിച്ചുള്ള വിവരങ്ങള്‍ എന്നിവ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ദ്വീപിലെ സ്ഥിര-താല്‍ക്കാലിക ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കണമെന്നും ‘വേണ്ട’ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. കാര്യക്ഷമതയുടെ മാനദണ്ഡം എന്താണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കാത്തതിനാല്‍ ജീവനക്കാര്‍ ആശങ്കയിലാണ്.
പ്രഫുല്‍ പട്ടേല്‍ കടുത്ത നീക്കങ്ങള്‍ തുടരുന്നതിനിടെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ലക്ഷദ്വീപില്‍ നാളെ സര്‍വ്വകക്ഷിയോഗം ചേരും. ദ്വീപിലെ ബിജെപി ഘടകത്തെയുള്പ്പെടെ പങ്കെടുപ്പിച്ചാണ് ഓണ്‍ലൈന്‍ യോഗം. ജെഡിയുവിന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷിയോഗത്തില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും പങ്കെടുത്തേക്കും.