‘ഞാനൊരു ക്രിസ്തീയ വിശ്വാസിയാണ്, ഈ സിനിമയിൽ മുറിപ്പെടുത്തുന്നതായി ഒന്നുമില്ല’; ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഈശോ സഹസംവിധായകൻ സൈലക്സ് എബ്രഹാം

ജയസൂര്യയെ നായകനാക്കി നാദിർഷാ സംവിധാനം ചെയ്യുന്ന ‘ഈശോ’യുടെ ടൈറ്റിലിനെ ചൊല്ലിയുള്ള വിദ്വേഷ പ്രചരണത്തിൽ പ്രതികരണവുമായി ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് അബ്രഹാം. ‘ഈശോ’യിൽ ക്രിസ്തുവിനെയോ ബൈബിളിനെയോ വിശ്വാസത്തെയോ മുറിപ്പെടുത്തുന്നതായി ഒന്നും തന്നെയില്ലെന്ന് സൈലക്സ് പറഞ്ഞു. ചിത്രത്തിന്റെ ആദ്യം മുതൽ അവസാനം വരെയും ചീഫ് അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച ഒരാളെന്ന നിലയിലും ഒരു ക്രിസ്തീയ വിശ്വാസി എന്ന നിലയ്ക്കുമാണ് താനിത് പറയുന്നതെന്ന് സഹസംവിധായകൻ പ്രതികരിച്ചു.

നമ്മളിൽ ഒരുവനെപോലെ ഒരു സാധാരണക്കാരന്റെ ജീവിതം തുറന്നു കാട്ടുന്നതാണ് ഈ ചിത്രം. കഥയോ, ഉള്ളടക്കമോ, കഥാസന്ദർഭങ്ങളോ അറിയാതെയാണ് ഈശോയിൽ പ്രവർത്തിച്ചവർക്കും സംവിധായകനുമെതിരായ ദുഷ്പ്രചാരണങ്ങളും കുറ്റപ്പെടുത്തലുകളും എല്ലാം.

സൈലക്സ് എബ്രാഹം

മതമോ രാഷ്ട്രീയമോ കൂട്ടി കലർത്താതെ നിങ്ങളിൽ ഒരുവനെപോലെ തന്നെ മറ്റുള്ളവരെയും കണ്ടുകൊണ്ട് ഈ ചിത്രത്തിനെതിരായ എല്ലാ വിമർശനങ്ങളും അവസാനിപ്പിക്കണമെന്ന് എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ താഴ്മയായി അപേക്ഷിക്കുകയാണെന്നും സൈലക്സ് കൂട്ടിച്ചേർത്തു.

ഈശോ എന്ന ചിത്രത്തിന്റെ ടൈറ്റിലും ‘നോട്ട് ഫ്രം ബൈബിൾ’ എന്ന ടാ​ഗ് ലൈനും ക്രിസ്തീയ സമൂഹത്തിലെ മതയാഥാസ്ഥികരായ ഒരു വിഭാ​ഗമാളുകളാണ് വിവാദമാക്കിയത്. കൂടുതൽ രൂക്ഷമായ പ്രതികരണങ്ങൾക്ക് പ്രേരിപ്പിച്ച് മറ്റൊരു വിഭാ​ഗമാളുകളും രം​ഗത്തെത്തി. മതയാഥാസ്ഥികരുടെ സമ്മർദ്ദത്തേത്തുടർന്ന് ടാ​ഗ് ലൈൻ മാറ്റേണ്ടി വന്നു. ഈശോയുടെ ടാ​ഗ് ലൈൻ നീക്കുകയാണെന്ന് വ്യക്തമാക്കി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലും നാദിർഷായ്ക്കെതിരെ അധിക്ഷേപ കമന്റുകളെത്തുന്നുണ്ട്. സംവിധായന്റെ മതത്തെ ചൊല്ലിയുള്ള വിദ്വേഷപ്രതികരണങ്ങളും ഈ കൂട്ടത്തിലുണ്ട്.

Also Read: ‘പ്രശ്നം മറ്റ് ചില പേരുകളിലായിരിക്കാം’; വിവാദം സൃഷ്ടിക്കുന്നവരുടെ യഥാർത്ഥ ഉദ്ദേശം ചിന്തിക്കണമെന്ന് ‘ഈശോ’യുടെ തിരക്കഥാകൃത്ത്

ഈശോയുടെ ആദ്യ മോഷൻ പോസ്റ്റർ മമ്മൂട്ടിയാണ് റിലീസ് ചെയ്തത്. തലയിൽ ഹുഡ് ഇട്ട, താടി നീട്ടിയ ജയസൂര്യ കഥാപാത്രത്തിന്റെ ചിത്രമാണ് മെയ് മാസത്തിൽ പുറത്തിറങ്ങിയ പോസ്റ്ററിലുണ്ടായിരുന്നത്. നമിതാ പ്രമോദാണ് ചിത്രത്തിൽ നായിക. സലിംകുമാറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അമർ അക്ബർ അന്തോണി സിനിമയിലെ സാങ്കേതിക സംഘം തന്നെയാണ് അണിയറയിൽ. തിരക്കഥ സുരേഷ് വാര്യനാട്, ഛായാ​ഗ്രഹണം സുജിത് വാസുദേവ്, നടൻ അരുൺ നാരായണിന്റെ പ്രൊഡക്ഷൻ ഹൗസാണ് ഈശോ നിർമ്മിക്കുന്നത്.

​ദിലീപിനെ നായകനാക്കി ഒരുക്കുന്ന നാദിർഷാ ചിത്രത്തിന് ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന പേരാണിട്ടിരിക്കുന്നത്. ക്രിസ്ത്യൻ വീടുകളിൽ ബോർഡായും സ്റ്റിക്കറായും വെയ്ക്കാറുള്ള ‘യേശു ഈ വീടിന്റെ നാഥൻ’ എന്ന വാക്യത്തിൽ ചെറിയ മാറ്റം വരുത്തി കേശു എന്നാക്കിയതിലൂടെ യേശുവിനേയും വിശ്വാസികളേയും അധിക്ഷേപിക്കുകയാണെന്ന വാദവുമുയർന്നു. രണ്ട് ടൈറ്റിലുകളും മാറ്റില്ലെന്നാണ് നാദിർഷായുടേയും അണിയറ പ്രവർത്തകരുടേയും നിലപാട്.