‘ഞാന്‍ ഇങ്ങനെയൊക്കെയാണ്, ഇനിയും അങ്ങോട്ടും’; ‘സന്മാര്‍ഗ വിമര്‍ശനങ്ങള്‍’ക്ക് മറുപടിയുമായി ബിഷപ്പ് കൂറിലോസ്; ‘ഒരു ബദല്‍ മാതൃകയാകണ്ടേ?’

ജന്മദിനത്തില്‍ സ്‌നേഹിതര്‍ അയച്ചു തന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് കൂറിലോസ്. സ്‌നേഹത്തിന് നന്ദി പ്രകടിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് നിരണം ഭദ്രാസനാധിപന്‍ പറഞ്ഞു. ചിത്രങ്ങള്‍ ഞാന്‍ നിര്‍മ്മിച്ചവയല്ല. സുഹൃത്തുക്കളോ അവരുടെ മക്കളോ അവരുടെ സ്വയം താല്‍പര്യത്തിലും എന്നോടുള്ള സ്‌നേഹം കൊണ്ടും തയ്യാറാക്കി അയച്ചു തരുന്നതാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.

ജീവിതത്തില്‍ നമ്മള്‍ 24മണിക്കൂറൂം മസിലുപിടിച്ച് ഗൗരവമായി തന്നെ ഇരിക്കണമോ? പ്രത്യേകിച്ച് ഈ ലോക്ക് ഡൗണ്‍ കാലത്ത്. മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിയെ പോലെയുള്ളവര്‍ ബിഷപ്പുമാര്‍ക്കൊക്കെ ഒരു ബദല്‍ സാധ്യതയും മാതൃകയും സൃഷ്ടിച്ചിട്ട് അല്ലേ പോയത്?

ഗീവര്‍ഗീസ് കൂറിലോസ്

ജീവിതത്തെ അങ്ങനെ ഒക്കെ കാണാനും നേരിടാനുമാണ് എനിക്കും ഇഷ്ടം. ഞാന്‍ ഇങ്ങനെ ഒക്കെ ആണ്. ഇനിയും അങ്ങോട്ടും. വ്യത്യസ്തമായി ചിന്തിക്കുന്നവരോട് സ്‌നേഹവും ആദരവും മാത്രമാണുള്ളതെന്നും ബിഷപ്പ് ഫേസ്ബുക്കില്‍ കുറിച്ചു. വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ ചിത്രങ്ങള്‍ ഒരുമിച്ച് ഷെയര്‍ ചെയ്താണ് കൂറിലോസിന്റെ പ്രതികരണം.

തന്റെ ജന്മദിനത്തില്‍ ബിഷപ്പ് പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് കീഴെ എതിര്‍പ്പുമായി ഏതാനും വിശ്വാസികളെത്തിയിരുന്നു. മെത്രാനെന്ന സ്ഥാനത്തെ ഗൗരവത്തിലെടുക്കാതെ, ആത്മീയതയില്‍ നിന്ന് ബിഷപ്പ് അകലുകയാണെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍. ‘തിരുമേനി ഇത് പോസ്റ്റ് ചെയ്യണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം, തിരുമേനിയെ എല്ലാവരും ‘ആപ്പി’ലാക്കുകാണോ’ തുടങ്ങിയ പ്രതികരണങ്ങളെത്തി. ബിഷപ്പിനെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകളായിരുന്നു ഏറെയും.

ബിഷപ്പിന്റെ പ്രതികരണം

“ഒരു ആമുഖ കുറിപ്പോടെയാണ് ഈ പടങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒരു ബിഷപ്പിന് യോജിച്ചതാണോ എന്ന് ചോദിച്ചു ഒന്ന് രണ്ടു സന്ദേശങ്ങള്‍ ലഭിക്കുകയുണ്ടായി. അതിനുള്ള എന്റെ പ്രതികരണം ഇതാണ്.

ഒന്നാമതായി, ഞാന്‍ ഈ പങ്കു വെച്ചിട്ടുള്ളതും പങ്കുവക്കുന്നതുമായ ഈ ചിത്രങ്ങള്‍ ഞാന്‍ നിര്‍മ്മിച്ചവയല്ല. മറിച്ച് എന്റെ സുഹൃത്തുക്കളോ അവരുടെ മക്കളോ അവരുടെ സ്വയം താല്‍പര്യത്തിലും എന്നോടുള്ള സ്‌നേഹം കൊണ്ടും തയ്യാറാക്കി അയച്ചു തരുന്നതാണ്. അവരുടെ ആ സ്‌നേഹം ഞാനിവിടെ ഏറ്റുപറയുന്നു എന്ന് മാത്രം. അത് എനിക്കും അവര്‍ക്കും എന്തുമാത്രം സന്തോഷം ഉണ്ടാക്കും എന്ന് ആലോചിക്കുക. ഞാന്‍ ആവശ്യപ്പെടാതെ തന്നെ അവര്‍ ഇത് തയ്യാറാക്കണമെങ്കില്‍ അവര്‍ക്ക് എന്നെ എന്തുമാത്രം സ്‌നേഹമാണെന്ന് ഞാന്‍ തിരിച്ചറിയുകയും അതിന്റെ ഒരു നന്ദി പ്രകടനം ആയി അവ ഇവിടെ ഷെയര്‍ ചെയ്യുന്നു എന്ന് മാത്രം.

രണ്ടാമതായി, ജീവിതത്തില്‍ നമ്മള്‍ 24മണിക്കൂറൂം മസിലുപിടിച്ച് ഗൗരവമായി തന്നെ ഇരിക്കണമോ? പ്രത്യേകിച്ച് ഈ ലോക്ക് ഡൗണ്‍ കാലത്ത്. മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിയെ പോലെയുള്ളവര്‍ ബിഷപ്പുമാര്‍ക്കൊക്കെ ഒരു ബദല്‍ സാധ്യതയും മാതൃകയും സൃഷ്ടിച്ചിട്ട് അല്ലേ പോയത്? ജീവിതത്തെ അങ്ങനെ ഒക്കെ കാണാനും നേരിടാനുമാണ് എനിക്കും ഇഷ്ടം.

ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആദ്യത്തെ ചിത്രം എന്നെ എപ്പോഴും ‘എന്റെ തിരുമേനി’ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന എബല്‍മോന്‍ അയച്ചുതന്നതാണ് (ദുബൈയിലുള്ള അബിജിത് പാറായിലിന്റെ മകന്‍). രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍ എന്റെ വളരെ പ്രിയപ്പെട്ട സ്‌നേഹിതന്‍ അഭിലാഷ് മാന്നാര്‍ അയച്ചുതന്നതാണ്. എല്ലാവര്‍ക്കും ഒത്തിരി ഒത്തിരി നന്ദി സന്തോഷം. ഞാന്‍ ഇങ്ങനെ ഒക്കെ ആണ്. ഇനിയും അങ്ങോട്ടും, വ്യത്യസ്തമായി ചിന്തിക്കുന്നവരോട് സ്‌നേഹവും ആദരവും മാത്രം.”