കവി, സോഷ്യല്‍ മീഡിയയില്‍ താരം; ഇമ്രാന്‍ പ്രതാപ്ഗര്‍ഗി പുതിയ കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം ചെയര്‍മാന്‍

ന്യൂദല്‍ഹി: വ്യാഴാഴ്ച കോണ്‍ഗ്രസ് ഒരു അപ്രതീക്ഷിത പ്രഖ്യാപനം ദല്‍ഹിയില്‍ നടത്തി. കവി എന്ന റോളില്‍ നിന്ന് രാഷ്ട്രീയ നേതാവ് എന്ന റോളിലേക്ക് മാറ്റം നടത്തിയ ഇമ്രാന്‍ പ്രതാപ്ഗര്‍ഗിയെ പുതിയ കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം ചെയര്‍മാനായി പ്രഖ്യാപിച്ചു. മുഹമ്മദ് ഇമ്രാന്‍ ഖാനെന്നാണ് ശരിയായ പേരെങ്കിലും ഇമ്രാന്‍ പ്രതാപ്ഗര്‍ഗിയെന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്.

സ്വന്തം സംസ്ഥാനത്ത് നിന്ന് തന്നെയുള്ള മറ്റൊരു യുവനേതാവായ നദീം ജാവേദിനെ മാറ്റിയാണ് ഇമ്രാന്‍ പ്രതാപ്ഗര്‍ഗിയെ തെരഞ്ഞെടുത്തത്. ഇമ്രാന്‍ പ്രതാപ്ഗര്‍ഗി പങ്കെടുത്ത പൗരത്വ നിയമ വിരുദ്ധ സമരവേദികളില്‍ ആയിരക്കണക്കന് പേരാണ് പങ്കെടുത്തിരുന്നത്.

തന്റെ ചടുലമായ കവിതകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വളരെ ജനകീയനാണ് ഇമ്രാന്‍ പ്രതാപ്ഗര്‍ഗി. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 15 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആണുള്ളത്. ഫേസ്ബുക്ക് പേജിനെ 19 ലക്ഷം പേരാണ് പിന്തുടരുന്നത്. ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ പ്രതാപ്ഗര്‍ഗിയെ താരപ്രചാരകനായി കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്നു.

ഇമ്രാന്‍ പ്രതാപ്ഗര്‍ഗിയുടെ ജനകീയതയും പ്രസംഗ ശൈലിയും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലെ യുവ ന്യൂനപക്ഷ വോട്ടര്‍മാരെ ആകര്‍ഷിക്കുമെന്ന് കോണ്‍ഗ്രസ് ആശിക്കുന്നു. രാഷ്ട്രീയത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് വര്‍ധിച്ചു വരുന്ന പ്രാധാന്യവും ഇമ്രാന്‍ പ്രതാപ്ഗര്‍ഗിയെ തെരഞ്ഞെടുക്കാനുള്ള കാരണമായി.

ഇമ്രാന്‍ പ്രതാപ്ഗര്‍ഗിയുടെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസില്‍ നടക്കാനിരിക്കുന്ന പുന: സംഘടനയുടെ തുടക്കമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് യുവനേതാക്കള്‍ക്കും പ്രധാന ചുമതലകള്‍ നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.