ടെസ്റ്റ് ഡോസില്‍ തന്നെ ഞെട്ടിക്കല്‍; അടുത്ത എംജിആറാകുമോ വിജയ്?

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതുതായി രൂപീകരിച്ച ഒമ്പത് ജില്ലകളിലേക്ക് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിഎംകെ വന്‍ വിജയമാണ് നേടിയത്. ബദ്ധവൈരികളായ എഐഎഡിഎംകെയെ രണ്ടാമതാക്കിയും ബിജെപിയെ തകര്‍ത്തും എംകെ സ്റ്റാലിന്റെ പാര്‍ട്ടി മുന്നേറ്റം നടത്തുന്നതിനിടെ മറ്റൊരുവശത്ത് നിന്ന് ഒരു ടെസ്റ്റ് ഡോസ് പരീക്ഷിച്ച് ജയിച്ചിരിക്കുകയാണ് നടന്‍ വിജയ്. ആരാധകരുടെ സംഘടനയായ ദളപതി വിജയ് മക്കള്‍ ഇയക്കം തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയേക്കും. മത്സരിച്ച 169 സീറ്റുകളില്‍ 110 എണ്ണം വിജയ് ആരാധകര്‍ നേടിയെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. സ്വതന്ത്രരായാണ് വിജയ് ആരാധകര്‍ മത്സരിച്ചത്. ചിലയിടങ്ങളില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് ജില്ലകളിലെ ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നടന്ന ഇലക്ഷനില്‍ 51 സീറ്റുകള്‍ നേടിയെന്ന് ചൊവ്വാഴ്ച്ച വൈകിട്ട് തന്നെ ഓള്‍ ഇന്ത്യ വിഎംഐ നേതാവ് ബസ്സി ആനന്ദ് അവകാശപ്പെട്ടിരുന്നു.

കാഞ്ചിപുരം, ചെങ്കല്‍ പേട്ട്, വില്ലുപുരം, റാണിപേട്ട്, തിരുപ്പത്തൂര്‍, തെങ്കാശി, കല്ലകുറിച്ചി ജില്ലകളിലാണ് ‘വിജയ് രാഷ്ട്രീയം’ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. സീമന്‍ നേതൃത്വം നല്‍കുന്ന നാം തമിളര്‍ കച്ചിയും കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവും വലിയ പിന്തുണ നേടാത്ത സാഹചര്യത്തിലാണിത്. കറുത്തകുതിരകളായെത്തിയ ടിവിഎംഐ വമ്പന്‍മാരും പരമ്പരാഗത പാര്‍ട്ടികളുമായ ഡിഎംകെയേയും എഐഡിഎംകെയേക്കൂടി ഞെട്ടിച്ചുകഴിഞ്ഞു.

സര്‍ക്കാരിലെ ഒരു രംഗം

കഴിഞ്ഞ സെപ്റ്റംബര്‍ മാസം തന്റെ പിതാവ് ചന്ദ്രശേഖറിനും അമ്മ ശോഭ ശേഖറിനുമെതിരെ വിജയ് നിയമ നടപടി സ്വീകരിച്ചത് വാര്‍ത്തയായിരുന്നു. തന്റെ പേരും ചിത്രവും ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനവും യോഗങ്ങളും നടത്തുന്നതിനെ എതിര്‍ത്തുകൊണ്ടായിരുന്നു ഇത്. സംവിധായകന്‍ കൂടിയായ എസ് എ ചന്ദ്രശേഖര്‍ രൂപീകരിച്ച വിജയ് മക്കള്‍ ഇയക്കം മകന്റെ എതിര്‍പ്പിന് പിന്നാലെ പിരിച്ചുവിടേണ്ടി വന്നു. നടന്റെ അംഗീകാരമുള്ള ദളപതി വിഎംഐയോ അച്ഛന്റെ വിഎംഐയോ ഇലക്ഷന്‍ കമ്മീഷനില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. നാമനിര്‍ദ്ദേശ പത്രിക നല്‍കിക്കൊള്ളാനും തന്റെ ചിത്രവും പേരും ഉപയോഗിച്ചുകൊള്ളാനും വിജയ് തന്നെയാണ് അനുവാദം നല്‍കിയതെന്ന് ടിവിഎംഐ ഭാരവാഹികള്‍ മുന്‍പ് ദ ന്യൂസ് മിനുട്ടിനോട് പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ജയത്തേക്കുറിച്ച് നടന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

27,003 പോസ്റ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച 169 ഇടങ്ങളില്‍ നിന്നും 110 സീറ്റോളമാണ് ജയിച്ചതെങ്കിലും വിജയ് യുടെ പൊളിറ്റിക്കല്‍ പൊട്ടന്‍ഷ്യലാണ് വെളിപ്പെട്ടതെന്ന് നിരീക്ഷണങ്ങളുണ്ട്. സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്നു കിടക്കുന്ന തമിഴ്‌നാട്ടില്‍ ആരാധക പിന്തുണ രാഷ്ട്രീയ പിന്തുണയാകാന്‍ അധികം സമയം വേണ്ട. എംജിആറാണ് ഇന്ത്യയില്‍ ഒരു നടന് മുഖ്യമന്ത്രിയാകാന്‍ സാധിക്കുമെന്ന് ആദ്യം തെളിയിച്ചത്. എം കരുണാനിധിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഡിഎംകെ വിട്ട് എംജി രാമചന്ദ്രന്‍ 1972ല്‍ എഐഎഡിഎംകെ രൂപീകരിച്ചു. 1977ലെ തെരഞ്ഞെടുപ്പില്‍ പുരട്ച്ചി തലൈവര്‍ അട്ടിമറി വിജയം നേടി മുഖ്യമന്ത്രിയായി. 1980ലും 1984ലും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മക്കള്‍ തിലകം മരിക്കും വരെ മുഖ്യമന്ത്രിയായിരുന്നു. പിന്നീട് ഡിഎംകെയുമായുള്ള പോരാട്ടം നടിയും എംജിആറിന്റെ സുഹൃത്തുമായ ജയലളിത തുടര്‍ന്നതും പല തവണ മുഖ്യമന്ത്രിയായതും ചരിത്രം. ഡിഎംഡികെ നേതാവ് വിജയകാന്ത് വന്‍ മുന്നേറ്റം നടത്തിയെങ്കിലും വണ്‍ ടൈം വണ്ടറായി ഒതുങ്ങി. 2005ല്‍ രൂപീകരിച്ച ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം 2006ഓടെ തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമായി. പത്ത് ശതമാനം വോട്ടുകൾ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയകാന്ത് ഒരു സീറ്റില്‍ വിജയിച്ചു. ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ 10.1ശതമാനം വോട്ടുവിഹിതം ഡിഎംഡികെയ്ക്ക് ഉണ്ടായിരുന്നു. 2011ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 41 സീറ്റുകളില്‍ 29ലും ജയം. ഡിഎംകെയേക്കാള്‍ സീറ്റുകള്‍ നേടിയ ക്യാപ്റ്റന്‍ പ്രതിപക്ഷ നേതാവായി. ജയലളിതയുമായുള്ള ധാരണ തെറ്റിയതും പിന്നീട് ബിജെപിയോടൊപ്പം ചേര്‍ന്നതുമാണ് വിജയകാന്തിന് തിരിച്ചടിയായത്.

തലൈവയുടെ ടാഗ് ലൈന്‍: ടൈം ടു ലീഡ്‌

തമിഴ് ജനതയുടെ വലിയൊരു വിഭാഗം രക്ഷകനായും കുറേപ്പേര്‍ ദൈവത്തേപ്പോലെയും കണ്ട എംജിആറിനുള്ളത്ര പിന്തുണ വിജയ്ക്ക് ഇല്ല. സിനിമാരംഗത്ത് രജനിയേക്കാള്‍ കൂടുതല്‍ താരമൂല്യം നേടിക്കൊണ്ട് പുതിയ സൂപ്പര്‍ സ്റ്റാറായി ഇളയ ദളപതി മുന്നോട്ടുകുതിക്കുന്നുണ്ട്. തമിഴ് യുവതക്കിടയിലെ ശക്തമായ പിന്തുണയും അച്ചടക്കമുള്ള ആരാധക സംഘടനാ സംവിധാനവുമാണ് നടന്റെ കൈമുതല്‍. സിനിമയിലേതുപോലെ താരത്തില്‍ മാത്രം നേതൃത്വം ഫോക്കസ് ചെയ്യപ്പെട്ടാല്‍ തിരിച്ചടിയായേക്കും. മതേതര കാഴ്ച്ചപ്പാടും കേന്ദ്ര സര്‍ക്കാരിനെ തുറന്നെതിര്‍ക്കാനുള്ള ചങ്കൂറ്റവും പ്രകടിപ്പിച്ച് യഥാര്‍ത്ഥ ജീവിതത്തിലും ജോസഫ് വിജയ് പലവട്ടം കൈയ്യടി നേടി. ജല്ലിക്കെട്ട് നിരോധനത്തിനെതിരെ ശക്തമായി രംഗത്തുവന്നതിലൂടെ താനെപ്പോഴും തമിഴ് വികാരത്തിനൊപ്പമുണ്ടാകുമെന്ന് വിജയ് വ്യക്തമാക്കുകയും ചെയ്തു. സമീപകാലത്തിറങ്ങിയ പല വിജയ് ചിത്രങ്ങളിലും, ജിഎസ്ടി നയത്തില്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങളുണ്ട്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ‘സര്‍ക്കാര്‍’ പുറത്തിറങ്ങിയ സമയത്ത് തമിഴ്‌നാട് ഗവണ്‍മെന്റ് നല്‍കിയ ടിവി ഉള്‍പ്പെടെയുള്ള ‘ഫ്രീബികള്‍’ വിജയ് ആരാധകര്‍ തല്ലിപ്പൊളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വന്‍ പ്രഖ്യാപനവും പ്രചരണവുമായാണ് കമല്‍ ഹാസന്റെ പാര്‍ട്ടി തമിഴ് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം നടത്തിയത്. മക്കള്‍ നീതി മയ്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നഗരപ്രദേശങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. പക്ഷെ, കഴിഞ്ഞ നിയമസഭയില്‍ അക്കൗണ്ട് തുറക്കാനായില്ലെന്ന് മാത്രമല്ല ഫലങ്ങള്‍ പലയിടത്തും തീര്‍ത്തും മോശവുമായിരുന്നു. രജനീകാന്താകട്ടെ, പലവട്ടം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചെങ്കിലും ഇനിയില്ലെന്ന് തീര്‍പ്പ് കല്‍പിച്ച് പിന്‍വാങ്ങുകയാണുണ്ടായത്. ജയലളിതയുടെ അഭാവത്തിലും തമ്മിലടിയിലും പെട്ട് എഐഡിഎംകെ നല്ല പ്രതിപക്ഷമാകാന്‍ പോലും പറ്റാതെ വാടിക്കൊണ്ടിരിക്കുന്ന കാലമാണ്. ആ ഇടം പിടിക്കാന്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയ് നേരിട്ടിറങ്ങുമോയെന്ന് കണ്ടറിയണം.