തമിഴ്‌നാട്ടില്‍ രണ്ടാം തരംഗത്തില്‍ യുവാക്കളുടെ ജീവനെടുത്ത് കൊവിഡ്; 40ന് താഴെയുള്ളവരുടെ മരണനിരക്ക് 21 ശതമാനം കൂടി

തമിഴ്‌നാട്ടില്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ യുവാക്കള്‍ക്കിടയിലെ മരണനിരക്ക് കുത്തനെ ഉയരുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത 40 വയസിന് താഴെയുള്ളവരുടെ മരണനിരക്ക് നാല് മാസത്തിനിടെ 21 ശതമാനം കൂടിയെന്ന് ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിലെ ആകെ കൊവിഡ് മരണങ്ങള്‍ 12,222ലെത്തിയ ജനുവരി 10ന് അനുബന്ധരോഗങ്ങളില്ലാതെ മരിച്ചവരുടെ എണ്ണം 18 ശതമാനം (2,084) ആയിരുന്നു. മെയ് ഒമ്പതിന് അനുബന്ധ രോഗങ്ങളില്ലാതെ മരിച്ചവരുടെ എണ്ണം 6,063 ആയി (39 ശതമാനം) ഉയര്‍ന്നു.

ജനുവരി-മെയ് കാലയളവില്‍ 31-40നുമിടയില്‍ പ്രായമുള്ളവരിലെ മരണനിരക്ക് 37 ശതമാനം വര്‍ധിച്ചു. ജനുവരി 10ന് മാത്രം 31നും 40നുമിടയില്‍ പ്രായമുള്ള 456 പേരാണ് മരിച്ചത്. മെയ് ഒമ്പതിന് ഇത് 623 ആയി.

ഇതേ കാലയളവില്‍ 20നും 30നുമിടയില്‍ പ്രായമുള്ള കൊവിഡ് രോഗികളിലെ മരണം 142ല്‍ നിന്നുയര്‍ന്ന് 187ലേക്കെത്തി. 31 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ചെറുപ്പക്കാരുടെ മരണനിരക്കിലുണ്ടായത്. അനിയന്ത്രിതമായ പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമുള്ള 50ന് മേല്‍ പ്രായക്കാരില്‍ മരണനിരക്ക് ഉയര്‍ന്ന് തന്നെയാണെന്ന് കില്‍പോക് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഡീന്‍ ഡോ. വസന്തമണി പി പറഞ്ഞു.

പക്ഷെ, കഴിഞ്ഞ നാല്-ആറ് ആഴ്ച്ചകളായി ചെറുപ്പക്കാരേയും ആരോഗ്യവാന്മാരായ ആളുകളേയുമാണ് ഐസിയുവില്‍ കാണുന്നത്. അവരില്‍ ചിലര്‍ക്ക് അതിജീവിക്കാന്‍ കഴിയുന്നില്ല.

ഡോ. വസന്തമണി പി

മെയ് 12ന് ചൊവ്വാഴ്ച്ച മരിച്ച 298 കൊവിഡ് ബാധിതരില്‍ അഞ്ച് പേര്‍ 20-30നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. ഒരു 30 വയസുകാരന്‍, 37 വയസുള്ള പ്രമേഹരോഗിയായ യുവതി, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ള 38കാരന്‍, ഗുരുതര വൃക്ക രോഗമുള്ള 38കാരന്‍ എന്നിവരും മരണത്തിന് കീഴടങ്ങി. നാല്‍പതുകളിലായിരുന്ന 21 പേര്‍ക്കെങ്കിലും യാതൊരു അനുബന്ധ രോഗങ്ങളുമുണ്ടായിരുന്നില്ല.

Also Read: ആര്‍സിസിയില്‍ ലിഫ്റ്റ് പൊട്ടി വീണ് യുവതിക്ക് ഗുരുതര പരുക്ക്; കാലൊടിഞ്ഞ് കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം

നേരത്തെ ആശുപത്രിയില്‍ എത്തിക്കുന്നവരിലെ അനുബന്ധ രോഗങ്ങളും മരണനിരക്കും കുറയ്ക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് രാജീവ് ഗാന്ധി ജനറല്‍ ഹോസ്പിറ്റല്‍ ഡീന്‍ ഡോ. തേരണിരാജന്‍ പറയുന്നു. എന്തുകൊണ്ടാണ് ചെറുപ്പക്കാരുടെ മരണസംഖ്യ ഉയരുന്നതെന്ന് അറിയില്ലെന്ന് പകര്‍ച്ചവ്യാധി രോഗ വിദഗ്ധന്‍ ഡോ. രാമസുബ്രഹ്മണ്യന്‍ പ്രതികരിച്ചു.

ഇക്കാര്യത്തില്‍ ശാസ്ത്രീയമായ കാരണങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. മരണപ്പെടുന്ന ഈ ചെറുപ്പക്കാര്‍ മെച്ചപ്പെട്ട സാമൂഹിക-സാമ്പത്തിക പശ്ചാത്തലമുളള, ജീവിത ശൈലീരോഗസാധ്യതയുള്ളവര്‍ ആണോയെന്നും അറിയില്ല.

ഡോ. രാമസുബ്രഹ്മണ്യന്‍