ബാറുകളില്‍ മദ്യത്തിന് വിലകൂട്ടി, 15 ശതമാനം വര്‍ധന; നടപടി സാമ്പത്തിക നഷ്ടം മറികടക്കാന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിലെ മദ്യത്തിന് വിലവര്‍ധിപ്പിച്ചു. ലോക്ഡൗണ്‍ കാലത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കുന്നതിന് വേണ്ടിയാണ് ബാറിലെ മദ്യത്തിന്റെ വിലവര്‍ധിപ്പിച്ചത്.

ഇതോടെ ബെവ്‌കോ ഔട്ടലെറ്റുകളും ബാറുകളിലും ഇനി മുതല്‍ രണ്ട് നിരക്കിലായിരിക്കും മദ്യവില്‍പ്പന. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് ഏതാണ്ട് 400 കോടി രൂപയുടെ നഷ്ടം ബെവ്‌കോയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍,. ആ നഷ്ടം നികത്താനാണ് ഈ വിലവര്‍ധന.

ബെവ്‌കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വില 15 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഓരോ തരം മദ്യത്തിനും വില ഉയരും.

ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിച്ചതില്‍ റെക്കോര്‍ഡ് വില്‍പനയാണ് നടന്നത്. മദ്യശാലകള്‍ തുറന്ന ആദ്യദിനമായ വ്യാഴാഴ്ച ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ മാത്രം കേരളത്തില്‍ വിറ്റഴിച്ചത് 52 കോടി രൂപയുടെ മദ്യം. സാധാരണ ശരാശരി 49 കോടി രൂപയുടെ മദ്യമാണ് വില്‍ക്കാറുണ്ടായിരുന്നത്.

ബിവറേജസ് കോര്‍പറേഷന് കീഴില്‍ തുറന്ന 256 ഔട്ട്ലെറ്റുകളിലെ മാത്രം കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള പ്രദേശങ്ങളിലെ 40 ഔട്ട്യലെറ്റുകള്‍ തുറന്നിരുന്നില്ല. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളിലൂടെയും ബാറുകളിലൂടെയും നടന്ന മദ്യവില്‍പനയുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പാലക്കാട് തേന്‍കുറിശ്ശിയിലാണ് ഏറ്റവുമധികം വില്‍പന നടന്നത്. തേന്‍കുറിശിയിലെ ഒറ്റ ഔട്ട്ലെറ്റിലൂടെ 69 ലക്ഷം രൂപയുടെ മദ്യം വിറ്റുപോയി. തമിഴ്നാടുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാലാണ് ഇവിടെ കച്ചവടം കൂടുതലുണ്ടായതെന്നാണ് ബെവ്കോ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.