തിരുവനന്തപുരം: യുഡിഎഫില്‍നിന്ന് അവഗണനയെന്നാരോപിച്ച് ഒരു വിഭാഗം നേതാക്കള്‍ മുന്നണി നേതൃത്വത്തിനെതിരെ തിരിഞ്ഞതിന് പിന്നാലെ ആര്എസ്പിയില് ആശയക്കുഴപ്പം. മുന്നണി വിടണം എന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുമ്പോഴും അതിനുള്ള സാഹചര്യമൊന്നുമില്ലെന്നാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ അഭിപ്രായം. നിലവിലെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കലഹങ്ങള്‍ തീര്‍പ്പാകുന്നതോടെ അവസാനിക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ത്തന്നെ ഉരുത്തിരിഞ്ഞ അസ്വാരസ്യങ്ങളാണ് ആര്‍എസ്പിയെ യുഡിഎഫില്‍ നിന്നകറ്റുന്നത്. തെരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യാന്‍ ഉഭയകകക്ഷി യോഗം ചേരണമെന്ന ആവശ്യം ഫലം വന്നതിന് പിന്നാലെത്തന്നെ ഉന്നയിച്ചതായിരുന്നെങ്കിലും മുന്നണി നേതൃത്വം ചര്‍ച്ചയ്ക്ക് തയ്യാറാവാത്തതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി സെക്രട്ടേറിയറ്റില്‍ വെച്ച് യുഡിഎഫ് യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാനും തീരുമാനമായി.
എന്നാല്‍, ഉഭയകകക്ഷി ചര്‍ച്ചകള്‍ക്ക് പലകുറി ദിവസം തീരുമാനിച്ചതായിരുന്നെങ്കിലും കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം യോഗം നീണ്ടുപോയതാണെന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്. അതേസമയം, യുഡിഎഫ് യോഗങ്ങളില്‍ പ്രഹസനാര്ത്ഥം പോയിരിക്കാന്‍ ഇനി തങ്ങളില്ലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നത്. സെപ്തംബര്‍ നാലിന് ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗം ഇക്കാര്യത്തില്‍ നിര്‍ണായകമായ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.
Also Read: യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ച് ആര്‍എസ്പി; മുന്നണി വിട്ടേക്കുമെന്ന് സൂചന
യുഡിഎഫ് തെറ്റുതിരുത്തണമെന്നും ഇപ്പോഴത്തെ രീതികള്‍ ശുഭകരമാവില്ലെന്നും വ്യക്തമാക്കി ജൂലൈ 28ന് ആര്‍എസ്പി യുഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, കത്ത് നല്കി 40 ദിവസമായിട്ടും യുഡിഎഫ് ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനോ യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സനോ തീരുമാനങ്ങളെടുക്കാന്‍ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് മുന്നണി യോഗത്തില്‍നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനത്തിലേക്ക് ആര്‍എസ്പി കടന്നത്.
അതേസമയം, യോഗത്തില്‍നിന്നും വിട്ടുനില്‍ക്കാനുള്ള ആര്‍എസ്പിയുടെ തീരുമാനമറിഞ്ഞതിന് പിന്നാലെ ചര്‍ച്ചയാകാമെന്ന നിലപാടിലെത്തിയിരിക്കുകയാണ് മുന്നണി നേതാക്കളെന്നും റിപ്പോര്‍ട്ടുകളുണ്ട്.