ഐക്യരാഷ്ട്ര സഭയില്‍ പലസ്തീനെ പിന്തുണച്ച് ഇന്ത്യ; ‘പലസ്തീന്റേത് നീതിയുക്തമായ ആവശ്യം’

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ഇന്ത്യ. ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ യോഗത്തിനിടെ പലസ്തീനെ പിന്തുണച്ച് ഇന്ത്യ പ്രസ്താവന നടത്തി. പലസ്തീന്റേത് നീതിയുക്തമായ ആവശ്യമാണെന്ന് യുഎന്നിലെ ഇന്ത്യന്‍ അംബാസഡര്‍ ടി എസ് തിരുമൂര്‍ത്തി വ്യക്തമാക്കി.

ഇന്ത്യ എല്ലാ തരം അക്രമങ്ങളേയും അപലപിക്കുന്നു. എത്രയും പെട്ടെന്ന് അക്രമങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുന്നു. പലസ്തീന്റെ നീതിയുക്തമായ ആവശ്യത്തിന് വേണ്ടിയുള്ള പിന്തുണയും ‘ദ്വിരാഷ്ട്ര പരിഹാരത്തോടുള്ള’ പ്രതിബദ്ധതയും വീണ്ടും ആവര്‍ത്തിക്കുന്നു.

ഇന്ത്യ

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ സുരക്ഷാ സാഹചര്യം വലിയോ തോതില്‍ വഷളാകുന്ന അവസ്ഥയിലേക്കെത്തിച്ചു. ഗാസയില്‍ നിന്ന് സാധാരണക്കാരായ പൗരന്മാരെ ലക്ഷ്യമിട്ട് നടന്ന അവിവേകപൂര്‍ണമായ റോക്കറ്റ് ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നു. ഗാസയില്‍ തിരിച്ചടിയായി നടത്തിയ ആക്രമണങ്ങള്‍ അതിരില്ലാത്ത ദുരിതത്തിനും സ്ത്രീകളുടേയും കുട്ടികളുടേയും മരണങ്ങള്‍ക്കും കാരണമായി. നിലവിലെ സംഘര്‍ഷം വഷളാക്കുന്ന പ്രവൃത്തികളില്‍ നിന്നും ഇരുവരും വിട്ടുനില്‍ക്കണം. കിഴക്കന്‍ ജറുസലേമും പരിസരപ്രദേശങ്ങളിലേയും തല്‍സ്ഥിതിയില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ജറുസലേമിന് പ്രത്യേക ഇടമുണ്ട്. എല്ലാ വര്‍ഷവും ഇന്ത്യക്കാര്‍ ജറുസലേം നഗരം സന്ദര്‍ശിക്കാറുണ്ട്. ഈ പുരാതന നഗരത്തിലാണ് ചരിത്രപരമായ ഇന്ത്യന്‍ സത്രം അല്‍ സവിയ്യ അല്‍ ഹിന്ദിയ്യ സ്ഥിതി ചെയ്യുന്നതെന്നും അംബാസഡര്‍ ചൂണ്ടിക്കാട്ടി.

മഹാനായ ഇന്ത്യന്‍ സൂഫി ബാബാ ഫരീദുമായി ബന്ധമുള്ളതാണ് പഴയ നഗരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അല്‍ സവിയ്യ അല്‍ ഹിന്ദിയ്യ. ഇന്ത്യ ഈ പഥികശാല പുനരുദ്ധരിച്ചിരുന്നു.

ഇന്ത്യന്‍ അംബാസിഡര്‍

ഇസ്രയേലിലും ഗാസയിലുമായി നടക്കുന്ന യുദ്ധപ്രവൃത്തികള്‍ അത്യന്തം വേദനാ ജനകമാണെന്ന് യുന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറെസ് പറഞ്ഞു. ഇരുവിഭാഗങ്ങളും പോരാട്ടം നിര്‍ത്തണമെന്നും എത്രയും പെട്ടെന്നുള്ള വെടി നിര്‍ത്തലിന് വേണ്ടി എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും ഗുട്ടിറെസ് വ്യക്തമാക്കി.

ഇസ്രയേല്‍-ഗാസ സംഘര്‍ഷത്തില്‍ ഇതുവരെ 192 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 58 കുട്ടികളും 34 സ്ത്രീകളും ഉള്‍പ്പെടുന്നു. രണ്ട് കുട്ടികളുള്‍പ്പെടെ 10 പേര്‍ ഇസ്രയേലിന് നേരെയുണ്ടായ ഹമാസ് തിരിച്ചടികളില്‍ കൊല്ലപ്പെട്ടു.