പെഗാസസ് ഒരു ഡിജിറ്റൽ ആയുധം, കേന്ദ്രസർക്കാർ അത് വാങ്ങിയിരുന്നു: ന്യൂയോർക്ക് ടൈംസ് അന്വേഷണം

വിവാദമായ ഇസ്രായേലി ചാര സോഫ്റ്റ്‌വെയർ പെഗാസസ് കേന്ദ്രസർക്കാർ വാങ്ങിയിരുന്നെന്ന് സ്ഥിരീകരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. 2017ൽ രണ്ട് മില്യൺ പ്രതിരോധ ഇടപാടിന്റെ ഭാഗമായാണ് മോഡി സർക്കാർ പെഗാസസ് വാങ്ങിയത്. 2017ൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഇസ്രായേൽ സന്ദർശനത്തിനിടയിലാണ് ഇടപാട് നടന്നത് എന്നും ടൈംസ് അന്വേഷണം കണ്ടെത്തി.

കേന്ദ്രസർക്കാറോ ഇസ്രായേൽ ഗവൺമെന്റോ ഇന്ത്യയുമായുള്ള പെഗാസസ് ഇടപാട് ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. 2021 ഓഗസ്റ്റില്‍, പെഗാസസ് വികസിപ്പിച്ച എന്‍എസ്ഒ ഗ്രൂപ്പുമായി തങ്ങള്‍ക്ക് ഒരു ബിസിനസ് ഇടപാടും ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിറക്കിയിരുന്നു. ഈ വാദമാണ് ന്യൂയോർക് ടൈംസ് അന്വേഷണത്തിലൂടെ പൊളിയുന്നത്. ഒരു ഡിജിറ്റൽ ആയുധം സ്വന്തം പൗരന്മാർക്കെതിരെ സർക്കാർ പ്രയോഗിക്കുകയായിരുന്നു എന്ന പ്രതിപക്ഷ ആരോപണവും ഈ റിപ്പോർട്ട് സാധൂകരിക്കുന്നു.

‘നഗ്നപാദരായി മോഡിയും നെതന്യാഹുവും ബീച്ചിലൂടെ നടക്കുന്നതുൾപ്പടെ അസാധാരണമായതരത്തിൽ ഹൃദ്യമായിരുന്നു മോഡിയുടെ ഇസ്രായേൽ സന്ദർശനം. ഈ ഊഷമളതക്ക് കൃത്യമായ കാരണവുമുണ്ടായിരുന്നു. പ്രധാനമായും പെഗാസസും മിസൈലുകളും ഉൾപ്പെടെ 2 ബില്യൺ ഡോളറിന്റെ ഇടപാടുകൾക്ക് ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു,’ എന്നാണ് ഒരു വർഷം നീളുന്ന അന്വേഷണത്തിന് ശേഷം ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

മോഡിയുടെ 2017ലെ ഇസ്രയേൽ സന്ദർശനത്തിന് പെഗാസസ് ചോർത്തലുമായി ബന്ധമുണ്ടെന്ന ആരോപണവുമായി നേരത്തെ ഇസ്രായേലിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ഒമർ ബെഞ്ചകോബ് രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ നിന്നും പെഗാസസ് ചോർത്തിയവരുടെയും ടാർഗറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നവരുടെയും പേരുകൾ മോഡിയുടെ ടെൽ അവീവ് സന്ദർശനത്തിന് ശേഷമാണ് പെഗാസസ് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടതെന്നാണ് ഇസ്രായേലി ദിനപ്പത്രമായ ഹാരറ്റ്സിന്റെ ടെക് എഡിറ്ററായ ബെഞ്ചകോബ് പറഞ്ഞത്.

‘നിങ്ങളിൽ പലരും കരുതുന്നുണ്ടാകും ഇതൊരു സാങ്കേതിക വിദ്യയുടെ പ്രശനമാണെന്ന്. അങ്ങനെയല്ല, ഇതൊരു ആയുധ കച്ചവട ഇടപാടാണ്. ഏത് അന്താരാഷ്ട ആയുധ ഇടപാടുകളിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല പെഗാസസും. എൻഎസ്ഒ ഒരു പ്രൈവറ്റ് കമ്പനിയാണ് എന്നതുകൊണ്ട് ഇത് ആയുധക്കച്ചവടം അല്ലാതെയാകുന്നില്ല, ബോയിങ് ഒരു പ്രൈവറ്റ് കമ്പനിയാണല്ലോ,’ എന്നാണ് ബെഞ്ചകോബ് വ്യക്തമാക്കിയത്.

രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും സുപ്രീംകോടതി ജഡ്‌ജിമാരും ഐഎഎസ് ഉദ്യോഗസ്ഥരും ആക്ടിവിസ്റുകളും സാധാരണക്കാരും ഉൾപ്പടെ നിരവധി ആളുകളുടെ ഫോണുകൾ പെഗാസസ് ചോർത്തിയെന്ന് വിവിധ മാധ്യമങ്ങൾ നടത്തിയ അന്വേഷണം പുറത്തുകൊണ്ടുവന്നിരുന്നു.

പെഗാസസ് ചാരവൃത്തി അന്വേഷിക്കാൻ സുപ്രീം കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് ആര്‍.വി രവീന്ദ്രനാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. അലോക് ജോഷി, ഡോ. സുദീപ് ഒബ്രോയ്, ഡോ. നവീന്‍ കുമാര്‍ ചൗധരി, ഡോ. പ്രഭാകരന്‍ പി, ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തേ എന്നിവരാണ് മറ്റ് സമിതി അംഗങ്ങള്‍.