മൂന്നാം ഡോസ് ബൂസ്റ്റർ വാക്‌സിൻ ആരംഭിച്ചു; അർഹർ ആരൊക്കെ? ലഭിക്കുക എങ്ങനെ?

കൊവിഡ് പ്രതിരോധത്തിനായുള്ള മൂന്നാം ഡോസ് വാക്‌സിനേഷൻ രാജ്യത്ത് ആരംഭിച്ചു. ആരോഗ്യ മേഖലയിലും ജനങ്ങളുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെടുന്ന ജോലികൾ ചെയ്യുന്നവർക്കുമാണ് നിലവിൽ ബൂസ്റ്റർ ഡോസുകൾ നൽകുന്നത്. 60 വയസ്സിന് മുകളിലുള്ളവർക്കും, മറ്റ് അസുഖങ്ങൾ ഉള്ളവർകൾക്കും ഡോക്ടറുടെ നിർദേശപ്രകാരം മുൻകരുതൽ കുത്തിവെപ്പെടുക്കാം.

ബൂസ്റ്റർ ഡോസ് വാക്സിനുകൾക്ക് പ്രത്യേക രജിസ്‌ട്രേഷൻ ആവശ്യമില്ല. ഏത് വാക്‌സിനേഷൻ കേന്ദ്രത്തിലും നേരിട്ടെത്തി കുത്തിവെപ്പെടുക്കാവുന്നതാണ്. ഓൺലൈൻ ആയും ബുക്ക് ചെയ്യാം. രണ്ടാം ഡോസെടുത്ത് ഒൻപത് മാസത്തിനു ശേഷം മാത്രമാണ് മൂന്നാം ഡോസ് ബൂസ്റ്റർ ലഭിക്കുക. ഒന്നും രണ്ടും വാക്‌സിനുകൾ എന്തായിരുന്നു, അതേ വാക്‌സിനായിരിക്കും ബൂസ്റ്ററും. മൂന്നാം ഡോസിന് അർഹരായവർക്ക് കോ-വിൻ ആപ്പിൽ ഇന്നും മെസ്സേജ് ലഭിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പ്രായമായവരും മറ്റസുഖങ്ങൾ ഉള്ളവരും ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ മൂന്നാം ഡോസ് സ്വീകരിക്കാൻ പാടുള്ളൂ എന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഡോക്ടറുടെ സാക്ഷ്യപത്രമോ കുറിപ്പോ ആവശ്യമില്ല.

രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കുതിച്ചുയരുകയും ഒമിക്രോൺ പിടിമുറുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസുകൾ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഡിസംബർ 25നായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം. ‘മുൻകരുതൽ ഡോസ്’ എന്നാണ് കേന്ദ്രസർക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്.

ബൂസ്റ്റർ ഡോസുകൾ ഒമിക്രോൺ വകഭേദത്തിനെതിരെ ഉൾപ്പെടെ മികച്ച പ്രതിരോധം ഉറപ്പുവരുത്തും എന്നാണ് പഠനം. യുകെയിൽ നടത്തിയ ഗവേഷണത്തിൽ ഒമിക്രോണിനെതിരെ ബൂസ്റ്റർ ഡോസുകൾ 88 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.