660 ട്രെയിനുകളുടെ സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കി റെയില്‍വേ; 108 എണ്ണം അവധിക്കാല സ്‌പെഷ്യല്‍ ട്രെയിനുകള്‍

ന്യൂഡല്‍ഹി: കൂടുതല്‍ ട്രെയിനുകളുടെ സര്‍വീസിന് അനുമതി നല്‍കി റെയില്‍വേ. 660 ട്രെയിനുകള്‍ക്കാണിപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. അതില്‍ 108 എണ്ണം അവധിക്കാല സ്‌പെഷ്യല്‍ ട്രെയിനുകളാണ്. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ സൗകര്യം പരിഗണിച്ചാണ് പുതിയ തീരുമാനം.

കൊവിഡ് വരുന്നതിന് മുമ്പ് രാജ്യത്ത് 1783 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളാണ് സര്‍വീസ് നടത്തിയിരുന്നത്. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് 983 ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

ജൂണ്‍ ഒന്നിന് 800 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ഇതിനോടൊപ്പം 600 ട്രെയിനുകള്‍ക്ക് കൂടി സര്‍വീസ് നടത്താനുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് റെയില്‍വേ അറിയിച്ചു.

ഇതില്‍ 552 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളും 108 അവധിക്കാല സ്‌പെഷ്യല്‍ തീവണ്ടികളും ഉള്‍പ്പെടും. വിവിധ സോണുകള്‍ക്ക് കൊവിഡ് സാഹചര്യവും യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാമെന്നും റെയില്‍വേ പറഞ്ഞു.