‘ഇന്ത്യ തോറ്റത് കൂടുതല്‍ ദളിത് കളിക്കാരുള്ളത് കൊണ്ട്’; വന്ദന കതാരിയയുടെ വീടിന് മുന്നില്‍ സവർണരുടെ ജാതി അധിക്ഷേപം, പൂത്തിരി കത്തിക്കല്‍

ഹരിദ്വാര്‍: ഒളിമ്പിക്‌സ് ഹോക്കി സെമി ഫൈനലില്‍ അര്‍ജന്റീനയോട് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ താരം വന്ദന കതാരിയയുടെ വീടിന് മുന്നില്‍ ഉയര്‍ന്ന ജാതിക്കാരുടെ ജാതി അധിക്ഷേപവും ആക്രോശവും.

ഹരിദ്വാറിലെ റോഷ്‌നബാദ് ഗ്രാമത്തിലെ വന്ദനയുടെ വീടിന് മുന്നിലാണ് രണ്ട് ഉയര്‍ന്ന ജാതിക്കാരെത്തി ആക്ഷേപം നടത്തിയത്. പടക്കം പൊട്ടിച്ച് പൂത്തിരി കത്തിച്ച് പരിഹസിച്ച് ആഘോഷിക്കുകയും ചെയ്തു.

ഇന്ത്യന്‍ ടീമില്‍ കുറെ ദളിത് കളിക്കാരുള്ളത് കൊണ്ടാണ് പരാജയപ്പെട്ടതെന്ന് അവര്‍ പറഞ്ഞതായി വന്ദനയുടെ കുടുബം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഒരാളെ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

‘തോല്‍വിയില്‍ ഞങ്ങള്‍ കുറച്ച് വിഷമത്തിലായിരുന്നു. പക്ഷെ ടീം പൊരുതി. ഞങ്ങള്‍ക്ക് അതില്‍ അഭിമാനമുണ്ട്. പെട്ടെന്ന് മത്സരം കഴിഞ്ഞയുടന്‍ ഉറക്കെയുള്ള ശബ്ദം കേട്ടു. ഞങ്ങളുടെ വീടിന് മുന്നില്‍ പടക്കം പൊട്ടിക്കുന്നു. ഞങ്ങള്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെയുള്ള രണ്ട് ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരെ കണ്ടു. അവര്‍ ഞങ്ങളുടെ വീടിന് മുന്നില്‍ നൃത്തം ചെയ്യുകയായിരുന്നു’, വന്ദനയുടെ സഹോദരന്‍ ശേഖര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വന്ദനയുടെ കുടുംബം പുറത്തിറങ്ങിയത് കണ്ടതിനെ തുടര്‍ന്ന് ജാതി അധിക്ഷേപം ആരംഭിക്കുകയായിരുന്നു.

ജാതീയമായ വാക്കുകള്‍ ഉപയോഗിച്ച് ഞങ്ങളുടെ കുടുംബത്തെ അവര്‍ ആക്ഷേപിച്ചു. കൂടുതല്‍ ദളിതുകള്‍ ഇന്ത്യന്‍ ടീമിലുള്ളത് കൊണ്ടാണ് പരാജയപ്പെട്ടതെന്ന് പറഞ്ഞു. ഹോക്കിയില്‍ നിന്ന് മാത്രമല്ല എല്ലാ കായിക ഇനങ്ങളില്‍ നിന്നും ദളിതുകളെ പുറത്താക്കണമെന്ന് അവര്‍ പറഞ്ഞു’ ശേഖര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പിന്നീടവര്‍ ഷര്‍ട്ടൂരി നൃത്തം ചെയ്യുകയായിരുന്നു. ഇത് ജാതി അടിസ്ഥാനമാക്കിയുള്ള ആക്രമണമാണെന്നും ശേഖര്‍ പറഞ്ഞു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

വന്ദന കതാരിയ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി ഒരു ഹോക്കി മത്സരത്തില്‍ ഹാട്രിക് നേടുന്ന ആദ്യ വനിതാ താരം എന്ന നേട്ടമാണ് വന്ദന സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്കക്കെതിരെയാണ് വന്ദന ഹാട്രിക് നേടിയത്.