ന്യൂദല്‍ഹി: കൊവിഡ് രോഗികളുടെ ചികിത്സക്ക് വേണ്ടി ഉപയോഗിക്കുന്ന എല്ലാ മരുന്നുകളുടെയും ജിഎസ്ടി എടുത്തു മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനീവാസ്. ജനങ്ങള്‍ പണമില്ലാതെ വലയുന്ന സമയത്ത് ജിഎസ്ടി ചുമത്തുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു.
ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് വാക്സിന് നിര്‍മ്മാതാക്കളിലൊരാള്‍. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ ജനങ്ങള്‍ വാക്സിന് ലഭിക്കാതെ വലയുകയാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന വാക്സിന് മറ്റ് രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്നും ശ്രിനീവാസ് പറഞ്ഞു.
രണ്ടാം കൊവിഡ് തരംഗം രാജ്യത്തെ വളരെ മോശമായാണ് ബാധിച്ചത്. മൂന്നാം തരംഗം വരാന്‍ പോകുന്നു. സര്‍ക്കാര്‍ പെട്ടെന്ന് തന്നെ വിദഗ്ധരുമായി ആലോചിച്ച് അതിനെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കണം. നമ്മള് മൂന്നാം തംരഗത്തെ നേരിടാന്‍ തയ്യാറായിരിക്കണമെന്നും ശ്രീനിവാസ് പറഞ്ഞു.
കോണ്‍ഗ്രസ് ജനങ്ങളോട് ഉത്തരവാദിത്വമുള്ള പ്രസ്ഥാനമാണ്. രാജ്യത്തുടനീളം ഭക്ഷണം വിതരണം ചെയ്തുവരികയാണെന്നും ശ്രീനിവാസ് പറഞ്ഞു.