കൊവിഡ് മഹാമാരിയുമായുള്ള മല്ലയുദ്ധത്തിലാണ് ലോകം ഇപ്പോഴും. ലോകമെമ്പാടുമെന്ന തന്നെ ഇന്ത്യയും പ്രതിരോധ കുത്തിവെപ്പുകളിലൂടെ കൊവിഡിനെ തൂത്തെറിയാനുള്ള ശ്രമത്തിലാണ്. പക്ഷേ, രാജ്യത്ത് മൂന്നാംതരംഗത്തിനുള്ള സാധ്യതകള്‍ വലുതാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ, സ്വാഭാവികമായും നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്നതാണ് രോഗത്തിന്റെ അനന്തരഫലങ്ങളോടുള്ള ചെറുത്തുനില്പിന് അനിവാര്യമായത്.
അതിസങ്കീര്‍ണമായ സംവിധാനമാണ് മനുഷ്യശരീരത്തിന്റെ രോഗപ്രതിരോധത്തിന്റേത്. അത് ഒന്നിലധികം ഘടകങ്ങള്‍ തമ്മിലുള്ള അതിലോലമായ ഇടപെടലുകള്‍ ആശ്രയിച്ചിരിക്കുന്നു. ഈ സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം നമ്മുടെ ഭക്ഷണക്രമം തന്നെയാണ്. ഏതെങ്കിലും ഒരു ഭക്ഷണത്തിനോ മറ്റോ ഒറ്റരാത്രികൊണ്ട് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള അമാനുഷിക കഴിവൊന്നുമില്ല. മറിച്ച് ദീര്ഘകാലമെടുത്തുള്ള പോഷക സമൃദ്ധമായ ആഹാരരീതിയിലൂടെയാണ് അത് ക്രമേണ സാധ്യമാവുക.
അതോടൊപ്പം തന്നെ, നമ്മുടെ രോഗപ്രതിരോധശേഷിയെ താറുമാറാക്കുന്ന അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളുമുണ്ട്. അവയെക്കുറിച്ച് അറിയേണ്ടതും അവ പരിഷ്കരിക്കേണ്ടതും എങ്ങനെയൊക്കെയാണെന്ന് നോക്കാം.
അമിതമായി മധുരം കഴിക്കുന്നത്
ശരീരം ഭാരം വര്‍ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവുയര്ത്തുകയും ചെയ്യുന്ന മധുരം ആരോഗ്യത്തിന് മോശമാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ അമിതമായ ഈ മധുരക്കൊതിയും രോഗപ്രതിരോധ ശേഷിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അത്ര അറിവ് നമുക്കില്ല.
ടൈപ്പ് 2 പ്രമേഹമുള്ള ആളുകളിലാണ് അണുബാധകള്‍ എളുപ്പം പിടിമുറുക്കുന്നതും രോഗമുക്തിക്ക് സമയമെടുക്കുന്നതും.
വിശദീകരിച്ച് പറയുകയാണെങ്കില്‍, ആരോഗ്യമേഖലയില്‍ ഇരുപത് വര്‍ഷത്തോളം പ്രവൃത്തി പരിചയമുള്ള ഡോ നിഗം ജാഫറും സഹപ്രവര്‍ത്തകരും ഒരു അവലോകനത്തില്‍ വ്യക്തമാക്കുന്നത് രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസിന്റെ അളവ് രോഗപ്രതിരോധ സംവിധാനത്തിന്റെ രണ്ട് പ്രധാന ഘടകങ്ങളായ ന്യൂട്രോഫിലിന്റെയും ഫാഗോസൈറ്റുകളുടെയും പ്രവര്‍ത്തനത്തെ തടസപ്പെടുത്തുമെന്നാണ്.
നമ്മള് പൊതുവില്‍ കരുതുന്നതുപോലെ ശുദ്ധീകരിച്ച വെളുത്ത പഞ്ചസാര മാത്രമല്ല അപകടകാരികള്‍. പഞ്ചസാരയുടെ മറ്റ് രൂപങ്ങളും രോഗപ്രതിരോധ സംവിധാനത്തില്‍ നേരിട്ട് ബാധിക്കുന്നവയാണ്. പഞ്ചസാര, പഴങ്ങളിലെ പഞ്ചസാര, മറ്റ് മധുരമുണ്ടാക്കുന്ന വസ്തുക്കള്‍, തേന്‍, ഓറഞ്ച് ജ്യൂസ് എന്നിവയിലൂടെ 100 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നത് ക്രമേണ ന്യൂട്രോഫിലിസിന്റെ അളവ് കുറയ്ക്കുന്നു എന്നാണ് മറ്റൊരു പഠനം. ശരീരത്തിലെത്തുന്ന ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കുന്ന ശ്വേത രക്താണുവാണ് ന്യൂട്രോഫിലിസ്.

കൂടാതെ, ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയടങ്ങിയ ഭക്ഷണക്രമത്തിന് അന്നനാളത്തിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നതുമായി ബന്ധമുണ്ട്. ഇത് ശരീരത്തില്‍ അണുബാധയേല്ക്കുന്നതിനും കാരണമാവുന്നു.
ഒരു ശരാശരി ഇന്ത്യക്കാരന് ഒരു ദിവസം 10 സ്പൂണ്‍ പഞ്ചസാര കഴിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍ ഒരു വര്‍ഷം 18 കിലോ പഞ്ചസാര. ഇന്ത്യക്കാരില്‍ ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, മറ്റ് ജീവിത ശൈലീ രോഗങ്ങള്‍ തുടങ്ങിയവ വര്‍ധിക്കുന്നതിന്റെ കാരണം ഈ കണക്കില്‍ നിന്ന് വ്യക്തമാണ്.
ഉപ്പിന്റെ അമിതോപയോഗവും രോഗപ്രതിരോധ ശേഷിയും
ഉപ്പ് രസമുള്ള ചിപ്സും ഇന്‍സ്റ്റന്റ് ന്യൂഡില്‍സും ക്രാക്കേഴ്സും ജങ്ക് ഫുഡും മിക്കപ്പോഴും കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാലിവുടെ അനന്തര ഫലങ്ങളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഇവ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നത് സൂക്ഷ്മകോശങ്ങളില്‍ വ്രണങ്ങളുണ്ടാക്കിയാണ്. ഇത് നിയന്ത്രിക്കാന്‍ ശരീരം സ്വയം രോഗപ്രതിരോധത്തിലേക്ക് കടക്കുകയും അത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
പ്രതിദിനം ഉപ്പുപയോഗിക്കുന്നതിന്റെ അളവ് 12 ഗ്രാം മുതല്‍ ആറ് ഗ്രാം വരെ കുറച്ചാല്‍, കോശങ്ങളിലുണ്ടാകുന്ന പരിക്ക് ഒരു പരിധിവരെ കുറയ്ക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉയര്‍ന്ന ഉപ്പുപയോഗം മുറിവുകള്‍ ഉണക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന മൈക്രോഫേജ് കോശങ്ങളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

പൊതുവെ നിഷ്കര്‍ഷിച്ചിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ ഉപ്പാണ് ഇന്ത്യന്‍ ഭക്ഷണത്തിലുള്ളതെന്നാണ് 2019-ല്‍ ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലുമായി നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നത്. ഈ റിപ്പോര്‍ട്ട് പ്രകാരം ഒരു ശരാശരി ഇന്ത്യക്കാരന് 11 ഗ്രാം ഉപ്പാണ് ഒരു ദിവസം കഴിക്കുന്നത്. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത് ഒരു ദിവസം അഞ്ച് ഗ്രാമിലധികം ഉപ്പ് കഴിക്കുകയേ ചെയ്യരുതെന്നാണ്. ഇന്ത്യയില്‍ ഉപ്പ് ചേര്‍ത്താണ് എല്ലാ ഭക്ഷണവുമുണ്ടാക്കുന്നതെന്നാണ് ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
അമിതമായ മദ്യപാനം
പുരുഷന്മാര് ദിവസത്തില്‍ നാലും ആഴ്ചയില്‍ 14ഉം പെഗ് മദ്യവും സ്ത്രീകള്‍ യഥാക്രമം മൂന്നും ഏഴും പെഗ് മദ്യവും കഴിക്കുന്നതാണ് അമിത മദ്യപാനം എന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആല്‍ക്കഹോള്‍ അബ്യൂസ് ആന്‍ഡ് ആല്ഹോളിസം വിലയിരുത്തുന്നത്. അമിത മദ്യപാനം കൊവിഡ് പോലെ ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങളെ രൂക്ഷമാക്കും.
മദ്യപാനം സഹജ-അഡാപ്റ്റീവ് പ്രതിരോധ ശേഷികളെ ഒരുപോലെ ബാധിക്കുന്നതാണ്. പ്രതിരോധ ശേഷിയെ ഗണ്യമായി കുറയ്ക്കുകയും സ്ഥിരം മദ്യപാനികളെ നിരന്തര രോഗികളാക്കുകയും ചെയ്യുന്നു.

ലോകത്ത് മദ്യ ഉപഭോഗത്തില്‍ ഒമ്പതാംസ്ഥാനമാണ് ഇന്ത്യയ്ക്കുള്ളതെന്ന് ഈ മേഖലയില്‍നിന്നുള്ള അംബ്രോസിയ എന്ന മാഗസിനില്‍ പറയുന്നു. ലോകത്ത് വിറ്റഴിക്കുന്ന രണ്ടില്‍ ഒരു കുപ്പി വിസ്കി ഇന്ത്യയിലാണ് വില്‍ക്കപ്പെടുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴനാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 45 ശതമാനത്തിലധികം മദ്യവും വിറ്റഴിക്കപ്പെടുന്നത്.
പഴങ്ങളും പച്ചക്കറികളും
വൈറ്റമിന്‍സിന്റെയും മിനറല്‍സിന്റെയും ആന്റിഓക്സൈഡുകളുടെയും മറ്റ് പോഷകഘടകങ്ങളുടെയും വാഹകരാണ് പഴങ്ങളും പച്ചക്കറികളും. ഇവ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനോടൊപ്പം വലിയ രോഗങ്ങളില്‍നിന്നും ശരീരത്തെ സംരക്ഷിക്കുകയും ദഹനത്തെ ക്രമീകരിക്കുകയും ചെയ്യുന്നു. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പ്രായംചെന്നവരെയടക്കം പല രോഗങ്ങളില്‍നിന്നും പ്രതിരോധിക്കുന്നുണ്ട്.
ഇന്ത്യയാണ് ലോകത്ത് ഏറ്റവുമധികം പച്ചക്കറികളും പഴങ്ങളും ഉല്പദിപ്പിക്കുന്നതില് രണ്ടാംസ്ഥാനത്തുള്ളത്. എന്നാല്‍, ഇലക്കറികള്‍ കഴിക്കുന്നതില്‍ ഇന്ത്യ തുലോം പിന്നിലാണെന്നാണ് ഐ.സി.എം.ആര് റിപ്പോര്‍ട്ട്.

രോഗപ്രതിരോധ സംവിധനത്തിന്റെ കൃത്യമായ പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിന് വൈവിധ്യമാര്‍ന്നതും പോഷകസമൃദ്ധവുമായ ഭക്ഷണ രീതിക്ക് വലിയ പ്രാധാന്യമുണ്ട്. ഉപ്പ്, പഞ്ചസാര, ചില പൊടികള്‍, വെള്ള നിറമുള്ള അരി തുടങ്ങിയ വെളുത്ത നിറമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതാവും ആരോഗ്യപൂര്‍ണമായ ഭക്ഷണരീതി.
സമീകൃതാഹാരത്തിനൊപ്പം വ്യായാമം, നല്ല ഉറക്കം, നല്ല മാനസികാരോഗ്യം എന്നിവയും നിര്‍ണായകമാണ്. ഓര്‍ക്കുക, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത് ഒരു തുടര്‍ച്ചയായ പ്രക്രിയയാണ്, അത് ഒറ്റരാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും നേടാനാവുന്നതല്ല.
ദ പ്രിന്റില്‍ ശുഭശ്രീ റായ് എഴുതിയ ലേഖനം